ഒടുവില്‍ നീതി! മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ഒന്‍പത് ദിവസം ജയിലില്‍ അടച്ച കന്യാസ്ത്രീകള്‍ക്ക് മോചനം; ജാമ്യം അനുവദിച്ച് എന്‍ഐഎ പ്രത്യേക കോടതി; കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണ്ട എന്ന പ്രോസിക്യൂഷന്‍ മറുപടി നിര്‍ണായകമായി; മോദിയുടെയും അമിത് ഷായുടെയും ഉറപ്പ് മോചനമാകുമ്പോള്‍

കന്യാസ്ത്രീകള്‍ക്ക് മോചനം; ജാമ്യം അനുവദിച്ച് എന്‍ഐഎ പ്രത്യേക കോടതി

Update: 2025-08-02 06:28 GMT

ബിലാസ്പുര്‍: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഒടുവില്‍ നീതി. ബിലാസ്പുര്‍ എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, രാജ്യത്തിന് പുറത്തുപോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.അറസ്റ്റിന് പിന്നാലെ ദുര്‍ഗ് ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍. ഇന്നലെ കോടതി പ്രാഥമിക വാദം കേട്ടെങ്കിലും വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് കേസ് പരിഗണിച്ചത്.

സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയില്‍ സംസ്ഥാനം എതിര്‍പ്പുന്നയിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിന്മേലാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. അതേസമയം, കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണ്ട എന്ന പ്രോസിക്യൂഷന്റെ മറുപടിയാണ് നിര്‍ണായകമായത്.

ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയുകയാണ്.

മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സില്‍ മതപരിവര്‍ത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂര്‍ണമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകന്‍ അമൃതോ ദാസ് അറിയിച്ചത്. ജാമ്യം കിട്ടിയാലും എഫ്‌ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംപിമാര്‍ പ്രതികരിച്ചു.

അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ദുര്‍ഗില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചത്. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.

കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി. കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു പെണ്‍കുട്ടികളും ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാന്‍ എത്തിയ ഇവരെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. തിരിച്ചറിയല്‍ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയില്‍വേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിന് പിന്നാലെ വന്‍തോതില്‍ പ്രതിഷേധങ്ങള്‍ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസും സിപിഎമ്മും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Tags:    

Similar News