രാത്രി വൈകി ഭക്ഷണവുമായി ഞാൻ അദ്ദേഹത്തിന്റെ റൂമിലെത്തിയപ്പോൾ ഫോണില്‍..ആരോടോ ദേഷ്യപ്പെടുന്നത് കണ്ടു; കണ്ണൊക്കെ കലങ്ങി ഇരിക്കുകയായിരുന്നു..; പെട്ടെന്ന് ഫുഡ് വിളമ്പിയതും എന്നെ ഒരൊറ്റ അടി; അതോടെ ഞാന്‍ നിലത്ത് വീണു; തൊട്ട് അടുത്ത ദിവസം അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി; ശാന്ത ശീലനായ വിജയ് യുടെ മറ്റൊരു മുഖം വെളിപ്പെടുത്തി മുന്‍ സഹായി

Update: 2026-02-27 16:36 GMT

മിഴ് സൂപ്പർതാരം വിജയ്‌യുടെ പേഴ്‌സണൽ അസിസ്റ്റന്റായി പത്ത് വർഷത്തിലേറെ സേവനമനുഷ്ഠിച്ച സെൽവം എന്ന സെൽവരാജ്, ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. താരത്തിന്റെ നിഴലായി നടന്ന കാലത്തെ സന്തോഷത്തേക്കാളേറെ, കണ്ണുനീരിന്റെയും അവഗണനയുടെയും കഥകളാണ് സെൽവരാജിന് പങ്കുവെക്കാനുള്ളത്. വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ വിശ്വസ്തനായിരുന്ന സെൽവരാജ്, ഒടുവിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണുപോയ തന്റെ അവസ്ഥ തുറന്നുപറയുമ്പോൾ അത് ആരാധകരെയും സിനിമാലോകത്തെയും ഒരുപോലെ ഞെട്ടിക്കുന്നു.

എസ്.എ. ചന്ദ്രശേഖറിൽ നിന്ന് വിജയ്‌യിലേക്ക്

വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ സംവിധാനം ചെയ്ത 60 സിനിമകളിൽ പ്രൊഡക്ഷൻ സൈഡിൽ പ്രവർത്തിച്ച പരിചയവുമായാണ് സെൽവരാജ് വിജയ്‌യുടെ അസിസ്റ്റന്റായി എത്തുന്നത്. വിജയ്‌ക്ക് 15 വയസ്സുള്ളപ്പോൾ മുതൽ അദ്ദേഹത്തെ അറിയാമെന്നും സെൽവരാജ് പറയുന്നു. വിജയ്‌യുടെ അന്നത്തെ പേഴ്‌സണൽ അസിസ്റ്റന്റിന് ഭക്ഷണത്തിൽ നിന്ന് അലർജി ഉണ്ടായപ്പോഴാണ് സെൽവരാജ് ആ സ്ഥാനത്തേക്ക് വരുന്നത്. സെൽവരാജിന്റെ വിവാഹം നടത്തിക്കൊടുത്തതും എസ്.എ. ചന്ദ്രശേഖറായിരുന്നു. കുടുംബവുമായുള്ള ആത്മബന്ധം കാരണമാണ് വിജയ്‌ക്കൊപ്പം ചേർന്നത്.

വിജയ്‌യുടെ ടീമിലെ ശത്രുതയും ഭീഷണികളും

വിജയ്‌ക്കൊപ്പം ജോലി ചെയ്യാൻ തുടങ്ങിയത് മുതൽ അദ്ദേഹത്തിന്റെ പേഴ്‌സണൽ ടീമിൽ നിന്ന് കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നതെന്ന് സെൽവരാജ് പറയുന്നു. ഡ്രൈവർ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ തന്നെ ഒരു ശത്രുവിനെപ്പോലെയാണ് കണ്ടിരുന്നത്. വിജയ്‌ക്ക് ഭക്ഷണം എത്തിക്കുക എന്നതായിരുന്നു സെൽവരാജിന്റെ പ്രധാന ചുമതല. 'തുപ്പാക്കി' സിനിമയുടെ ബോംബെ ഷെഡ്യൂൾ സമയത്ത്, താൻ വിജയ്‌ക്കായി തയ്യാറാക്കുന്ന ഭക്ഷണത്തിൽ ഉപ്പ് വാരിയിടുമെന്ന് സഹപ്രവർത്തകർ ഭീഷണിപ്പെടുത്തിയ കാര്യം സെൽവരാജ് വേദനയോടെ ഓർക്കുന്നു. വിജയ് ഷൂട്ടിംഗ് കഴിഞ്ഞാൽ സ്വന്തം മുറിയിലേക്ക് ചുരുങ്ങുന്ന ആളായതിനാൽ ലൊക്കേഷനിൽ തന്റെ സഹായികൾക്കിടയിൽ നടക്കുന്ന ഇത്തരം പോരുകളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ല.

തലക്കോണത്തെ മർദ്ദനവും ചവിട്ടും

സെൽവരാജിന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവം നടന്നത് 'പുലി' സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ്. തലക്കോണത്തെ ഷെഡ്യൂൾ സമയത്ത് വിജയ്‌ക്കായി ഭക്ഷണം എത്തിക്കാൻ പോയതായിരുന്നു അദ്ദേഹം. "അന്ന് രാത്രി 12 മണിയായിരുന്നു. മുറിക്കുള്ളിൽ ആരോടോ ഫോണിൽ സംസാരിച്ച് വിജയ് സാർ ആകെ ദേഷ്യപ്പെട്ടിരിക്കുകയായിരുന്നു. ഫോൺ വെച്ചയുടൻ അദ്ദേഹം വന്ന് ഭക്ഷണം കഴിച്ചു. അന്ന് അദ്ദേഹത്തിന്റെ കണ്ണ് കലങ്ങിയിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നതിനിടെ ഒരു പ്ലേറ്റിൽ വിരൽ ചൂണ്ടി ഇതെന്താണെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. മുൻപ് ഒരിക്കൽ ഭക്ഷണത്തിൽ മുടി കണ്ടിരുന്ന കാര്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. ഞാൻ പേടിച്ചുപോയി. പെട്ടെന്ന് അദ്ദേഹം എന്റെ മുഖത്ത് ആഞ്ഞടിച്ചു. ഞാൻ നിലത്തു വീണു. എന്തിനാണ് എന്നെ തല്ലിയതെന്ന് അന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ നിലത്തിരിക്കുമ്പോൾ അദ്ദേഹം എന്റെ നെഞ്ചത്ത് ചവിട്ടുകയും ചെയ്തു," സെൽവരാജ് വെളിപ്പെടുത്തി.

പിറ്റേന്ന് വിജയ് വന്ന് തന്നോട് ക്ഷമ ചോദിച്ചുവെന്നും മറ്റാരോടോ ഉള്ള ദേഷ്യം തന്നോട് തീർത്തതാണെന്ന് പറഞ്ഞുവെന്നും സെൽവരാജ് കൂട്ടിച്ചേർത്തു. വേറെ ആരോട് ഞാൻ ഈ ദേഷ്യം തീർക്കും എന്ന് വിജയ് ചോദിച്ചപ്പോൾ അത് സാരമില്ലെന്ന് താൻ പറഞ്ഞുവെന്നും അദ്ദേഹം ഓർക്കുന്നു.

പുറത്താക്കലും ഗൂഢാലോചനയും

സെൽവരാജിനെ വിജയ്‌യുടെ ടീമിൽ നിന്ന് പുറത്താക്കാനായി സഹപ്രവർത്തകർ ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിക്കുന്നു. 'ഭൈരവ' സിനിമയുടെ സെറ്റിൽ വെച്ച്, സെൽവരാജ് അറിയാതെ വിജയ്‌യുടെ ഭക്ഷണത്തിൽ ആരോ മുടി കൊണ്ടുവന്നിട്ടു. ഇതോടെ പേഴ്‌സണൽ അസിസ്റ്റന്റ് ജോലിയിൽ നിന്ന് വിജയ് അദ്ദേഹത്തെ മാറ്റി. ഇനി തന്റെ വ്യക്തിപരമായ കാര്യങ്ങൾ ഡ്രൈവർ രാജേന്ദ്രൻ നോക്കിക്കൊള്ളുമെന്നും സെൽവരാജ് പ്രൊഡക്ഷൻ സൈഡിൽ നിന്നാൽ മതിയെന്നും വിജയ് പറഞ്ഞു. അതോടെ ആ നിഴൽ ജീവിതം അവസാനിച്ചു.

രോഗവും ദാരിദ്ര്യവും: ആരും സഹായിച്ചില്ല

വിജയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആളായതുകൊണ്ട് ബാങ്ക് ബാലൻസ് ധാരാളം കാണുമെന്ന് കരുതി പലരും സെൽവരാജിന് പിന്നീട് ജോലി നൽകാൻ തയ്യാറായില്ല. രണ്ട് വർഷം മുൻപ് 'ഗോട്ട്' (GOAT) സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ശസ്ത്രക്രിയക്കായി 10 ലക്ഷം രൂപ ചെലവാവുകയും ചെയ്തു. ഉയർന്ന പലിശയ്ക്ക് കടമെടുത്താണ് ആ തുക കണ്ടെത്തിയത്. ഈ വിഷമഘട്ടത്തിൽ വിജയ്‌യെ കാണാൻ ശ്രമിച്ചെങ്കിലും ചുറ്റുമുള്ളവർ അദ്ദേഹത്തെ കാണാൻ അനുവദിച്ചില്ല.

തന്റെ മകളുടെ വിവാഹത്തിന് വിജയ്‌യെ നേരിട്ട് പോയി ക്ഷണിച്ചുവെങ്കിലും അദ്ദേഹം വന്നില്ലെന്നും ഒരു സഹായവും ചെയ്തില്ലെന്നും സെൽവരാജ് കണ്ണുനീരോടെ പറയുന്നു. "ഇന്ന് എന്റെ ഭാര്യയുടെ കഴുത്തിൽ ഒരു താലി പോലുമില്ല, വെറുമൊരു ചരട് മാത്രമാണ്. രണ്ട് മാസമായി വീട്ടുവാടക കൊടുക്കാൻ പോയിട്ട് അന്നന്നത്തെ ആഹാരത്തിന് പോലും വഴിയില്ല. വിജയ്‌ക്കൊപ്പം പത്ത് വർഷം നടന്ന ഒരാൾ ഇന്ന് തെരുവിൽ നിൽക്കുമ്പോൾ ആരും വിശ്വസിക്കുന്നില്ല," സെൽവരാജ് പറയുന്നു.

വിജയ്‌യെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയരുതെന്ന് ഭാര്യ വിലക്കിയിരുന്നുവെന്നും മകൻ ഇപ്പോഴും ഒരു വലിയ വിജയ് ആരാധകനാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്. ജീവിതം വഴിമുട്ടിയപ്പോൾ നിവൃത്തികേടുകൊണ്ടാണ് ലോകത്തോട് ഇതെല്ലാം പറയേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. താരപരിവേഷങ്ങൾക്കിപ്പുറം ഒരു സാധാരണക്കാരനായ സഹായിയുടെ ജീവിതം എത്രത്തോളം ദുസ്സഹമായിരുന്നു എന്നതിന്റെ നേർച്ചിത്രമാവുകയാണ് സെൽവരാജിന്റെ വാക്കുകൾ.

Tags:    

Similar News