വാഗ്ദാനം 120, ലഭിച്ചത് വെറും ഏഴ് വോട്ട്; കാശു വാങ്ങിയ ശേഷം വോട്ട് നല്‍കാതെ പറ്റിച്ചുവെന്ന് ബിജെപി നേതാക്കള്‍ക്കെതിരേ ആരോപണവുമായി കൊക്കയാര്‍ പഞ്ചായത്തിലെ എന്‍സിപി സ്ഥാനാര്‍ഥി; ബിജെപി നേതാക്കള്‍ക്കെതിരേ പോസ്റ്ററും
ബിജെപി നേതാക്കള്‍ക്കെതിരേ പോസ്റ്ററും
പീരുമേട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊക്കയാര്‍ പഞ്ചായത്തില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയതായി പരാതി. നാലാം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും എന്‍സിപി പീരുമേട് ബ്ലോക്ക് പ്രസിഡന്റുമാണ് ബിജെപി പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വോട്ട് ഉറപ്പാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ബിജെപി നേതാക്കള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കായി പ്രവര്‍ത്തിച്ചെന്നാണ് പരാതി.
ബിജെപി ഏലപ്പാറ മണ്ഡലം പ്രസിഡന്റ് കെ.ഡി അനീഷ്, വൈസ് പ്രസിഡന്റ് ടി.ആര്‍ രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ബിജെപിക്ക് 120 വോട്ടുകളുള്ള വാര്‍ഡില്‍ പിന്തുണ നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ 25,000 രൂപ ആവശ്യപ്പെട്ടതായും ഒടുവില്‍ 10,000 രൂപ വാങ്ങി വഞ്ചിച്ചതായും സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. എന്‍സിപി ജില്ലാ ഭാരവാഹി ജയചന്ദ്രനോടൊപ്പം നേരിട്ടെത്തിയാണ് പണം കൈമാറിയത്.
കൃത്യമായും വോട്ട് ചെയ്യുമെന്ന് ഉറപ്പുനല്‍കിയ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പാടെ തഴഞ്ഞു. ബിജെപിയുടെ വോട്ടുകള്‍ കൂട്ടത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിച്ചതായും പരാതിയില്‍ പറയുന്നു. പ്രചാരണത്തിനോ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കോ ബിജെപി തിരിഞ്ഞു നോക്കിയില്ല.പഞ്ചായത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നിന്ന് എന്‍സിപി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി.
120 വോട്ടുകള്‍ വാഗ്ദാനം ചെയ്തിടത്ത് ലഭിച്ചത് വെറും 7 വോട്ടുകള്‍ മാത്രം.
സംഘടനാപരമായ അച്ചടക്കലംഘനവും രാഷ്ട്രീയ വഞ്ചനയുമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ബിജെപിയുടെ വോട്ട് കച്ചവടം പുറത്തായതോടെ എന്‍ഡിഎയ്ക്കുള്ളില്‍ പടലപ്പിണക്കം രൂക്ഷമായിരിക്കുകയാണ്.
ഇതിനിടെ സേവ് ബിജെപിയുടെ പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളില്‍ ബിജെപി വോട്ടുകള്‍ മറിച്ചു വിട്ട മണ്ഡലം നേതാക്കളെ പുറത്താക്കണമെന്നാണ് ഒരു പോസ്റ്ററില്‍ ഉള്ളത്. ഇല്ലാത്ത വോട്ടിന്റെ പേരില്‍ സ്ഥാനാര്‍ഥിയില്‍ നിന്ന് പണം വാങ്ങിയ നേതാക്കളെ പുറത്താക്കണമെന്നാണ് മറ്റൊരു പോസ്റ്ററിലെ ആവശ്യം.