ടിപിയെ 51 വെട്ടിന് കൊന്ന കൊടി സുനി സുഖിച്ച് കഴിഞ്ഞത് മുടക്കോഴി മലയില്‍; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ദിവ്യയും ആ മല കയറിയെന്ന് സൂചന; ഭരണത്തില്‍ ഇടതുപക്ഷമായതിനാല്‍ സിപിഎം നേതാവിനെ വളഞ്ഞു പിടിക്കാന്‍ പോലീസിനും മടി; ഭാര്യ എവിടെ എന്ന് അറിയാത്ത ഭര്‍ത്താവും; ഇരിണാവിലെ അപ്രത്യക്ഷമാകല്‍ അറസ്റ്റു ഭയത്തില്‍
തിരുവനന്തപുരം: എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ത്ത മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സിപിഎം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മുടക്കോഴി മലയിലെ ഒളിത്താവളത്തിലാണ് ദിവ്യയെ മാറ്റിയതെന്നും സൂചനയുണ്ട്. ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടികൊന്ന കൊടി സുനി അടക്കമുള്ള പ്രതികളും ഇവിടെയാണ് ഒളിവില്‍ കഴിഞ്ഞത്. അന്ന് ഡിവൈഎസ്പിയായിരുന്ന ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ മുടക്കോഴിമല വളഞ്ഞാണ് കൊടി സുനിയെ അകത്താക്കിയത്. അപ്പോള്‍ കേരളം ഭരിച്ചിരുന്നത് യുഡിഎഫാണ്. എന്നാല്‍ ഇന്ന് ഇടതുപക്ഷവും. അതുകൊണ്ട് തന്നെ പിപി ദിവ്യയെ പിടിക്കാന്‍ മുടക്കോഴി മലയിലേക്ക് പോലീസ് പോകില്ലെന്ന് ഉറപ്പാണ്. ദിവ്യ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ഉയര്‍ത്തിയ വാദമെല്ലാം കളവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് ദിവ്യ മാറിയത്.
ഇരിണാവിലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഭര്‍ത്താവ് അജിത് കുമാറിനോട് തിരക്കിയെങ്കിലും അറിയില്ലെന്നായിരുന്നു മറുപടിയെന്നാണ് പോലീസ് പറയുന്നത്. ഈ കേസില്‍ പെട്രോള്‍ പമ്പിന് പിന്നിലെ ബെനാമി പിപി ദിവ്യയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭര്‍ത്താവ് അജിത് കുമാര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനാണ്. ഇവിടെയാണ് പ്രശാന്തനും ജോലി. അതുകൊണ്ട് തന്നെ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ അജിത്തിനും പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാല്‍ അജിത്തിനെതിരെ നടപടികളൊന്നും പോലീസ് എടുക്കുന്നില്ല. അജിത്തിനേയും കേസില്‍ പ്രതിയാക്കേണ്ട തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വസ്തുത. കേസില്‍ ജാമ്യമില്ലാ വകുപ്പുകളാണ് ദിവ്യയ്‌ക്കെതിരെ ചുമത്തിയത്. പോലീസിന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്. കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ ദിവ്യയെ അറസ്റ്റു ചെയ്യേണ്ടി വരും. അങ്ങനെ വന്നാല്‍ ദിവ്യയെ കണ്ണൂരിലെ ജയിലില്‍ പാര്‍പ്പിക്കേണ്ടി വരും. ടിപി കൊലക്കേസില്‍ അകത്തായ കൊടി സുനിയും കൂട്ടരും കിടന്നതും കണ്ണൂര്‍ ജയിലിലാണ്. പിന്നീട് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്ക് കൊടി സുനിയെ മാറ്റി. അങ്ങനെ ഒരു സാഹചര്യത്തിലേക്ക് ദിവ്യയും എത്തുകയാണ്.
കൊടി സുനിയും കൂട്ടരും ടിപിയെ കൊന്നത് അതിക്രുരമായി വെട്ടിയായിരുന്നു. എന്നാല്‍ ക്രൂരമായ അധിക്ഷേപ വാക്കുകള്‍ പൊതുയിടത്തില്‍ ചര്‍ച്ചയാക്കി നവീന്‍ ബാവിനെ ദിവ്യ വകവരുത്തി. രണ്ടിനും ക്രൂരതയുടെ സമാനതളുണ്ടെന്നാണ് വിലയിരുത്തല്‍. ടിപിയെ കൊടി സുനി വകവരുത്തിയത് വ്യക്തമായ തന്ത്രത്തിലൂടെയായിരുന്നു. സമാനമായി നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളി വിടാനും ക്രൂരമായ ക്രിമിനല്‍ ഗൂഡാലോചന നടന്നു. ദിവ്യയ്‌ക്കൊപ്പം ഭര്‍ത്താവും അതില്‍ പങ്കാളിയായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. അതിനിടെ നവീന്‍ബാബുവിന്റെ ആത്മഹത്യയെച്ചൊല്ലി സി.പി.എമ്മിന്റെ കണ്ണൂര്‍, പത്തനംതിട്ട ജില്ലാകമ്മിറ്റികള്‍ നേര്‍ക്കുനേര്‍ എത്തുകയാണ്. ശക്തമായ ജനരോഷം നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍ ജില്ലാനേതൃത്വം ദിവ്യയെ പരസ്യമായി പിന്തുണച്ചിട്ടില്ല. പക്ഷേ, ജില്ലാകമ്മിറ്റി അച്ചടക്കനടപടിക്കു തയ്യാറാവാത്തതിലാണ് വിമര്‍ശനം. ദിവ്യക്കെതിരേ കര്‍ശനനടപടി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നവീന്റെ നാടായ പത്തനംതിട്ടയിലെ ജില്ലാകമ്മിറ്റി. ദിവ്യയെ ന്യായീകരിച്ച ഡി.വൈ.എഫ്.ഐ. നിലപാടും ജില്ലാനേതൃത്വം തള്ളി.
ദിവ്യക്കെതിരേ തത്കാലം അച്ചടക്കനടപടി വേണ്ടെന്ന് ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയ നടപടിതന്നെ ഒരു ശിക്ഷയാണെന്ന് യോഗം വിലയിരുത്തി. എ.ഡി.എമ്മിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടു വന്നശേഷം തുടര്‍നടപടിയാവാമെന്ന നിലപാടിലാണ് നേതൃത്വം. അന്വേഷണം പുരോഗമിക്കവേ അച്ചടക്കനടപടിയെടുത്താല്‍ അതൊരു കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെടാനുള്ള സാധ്യതകൂടിക്കണ്ടാണ് പിന്മാറ്റം. നവീന്‍ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പത്തനംതിട്ടയിലെ നേതാക്കളുടെ പരാതി. രാവിലെ നടക്കേണ്ട യാത്രയയപ്പുയോഗം വൈകീട്ടേക്കുമാറ്റിയത് ദിവ്യയെ പങ്കെടുപ്പിക്കാനുള്ള കളക്ടറുടെ ഗൂഢാലോചനയാണെന്ന് സി.ഐ.ടി.യു. നേതാവ് മലയാലപ്പുഴ മോഹനന്‍ കുറ്റപ്പെടുത്തി. ഒന്നും യാദൃച്ഛികമായി ഉണ്ടായതല്ലെന്നും സമഗ്ര അന്വേഷണം നടക്കണമെന്നും സി.പി.എം. പത്തനംതിട്ട ജില്ലാസെക്രട്ടറി ഉദയഭാനു ആവര്‍ത്തിച്ചു.
ദിവ്യ പറയുന്ന കാര്യത്തെ അവിശ്വസിക്കേണ്ടതില്ല. ടി.വി. പ്രശാന്തന്റെ പരാതി വ്യാജമാണെങ്കില്‍ കേസെടുത്ത് അറസ്റ്റുചെയ്യണം. എ.ഡി.എമ്മിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. കുടുംബത്തിനൊപ്പമാണ് ഡി.വൈ.എഫ്.ഐ. അദ്ദേഹം അഴിമതിക്കാരനായിരുന്നോ എന്നത് അന്വേഷണംനടത്തി തെളിയേണ്ട കാര്യമാണ്. ഡി.വൈ.എഫ്.ഐ.ക്ക് അക്കാര്യം അറിയില്ലെന്നാണ് അവരുടെ വിശദീകരണം. പാര്‍ട്ടി പൂര്‍ണമായും നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം പറയുന്നു. ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാനാകില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവര്‍ത്തകര്‍ക്ക് ചേരുന്നതല്ലെന്ന് തുറന്നു പറയുകയാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായ കെ.പി. ഉദയഭാനു.