ദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചു; വനിതാ നേതാവിന്റെ വാദങ്ങളെല്ലാം പൊളിച്ചത് മൊബൈല്‍ സിഡിആര്‍; ചാനല്‍ വാര്‍ത്ത വൈറലാക്കിയതും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; നവീന്‍ ബാബുവിനോട് ദിവ്യയ്ക്കുണ്ടായിരുന്നത് ഒടുക്കത്തെ പക
തലശേരി: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്ക് കുരുക്കു മുറുകുമ്പോള്‍ ആലോചനകള്‍ പലവിധം. ഉചതിരഞ്ഞെടുപ്പുകളില്‍ ദിവ്യ ഒളിവില്‍ തുടരുന്നത് സിപിഎമ്മിന് തലവേദനയാണ്. പാലക്കാട്-തൃശൂര്‍ സിപിഎം ജില്ലാ നേതൃത്വങ്ങളും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം പത്തനംതിട്ട സിപിഎം നേതൃത്വവും ഉറച്ച നിലപാടിലാണ്. തെളിവുകള്‍ എതിരായ സാഹചര്യത്തില്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നിലപാട്. പോലീസ് ശേഖരിച്ച ദിവ്യയുടെ മൊബൈല്‍ ഫോണിലെ കോള്‍ ഡീറ്റെയില്‍സ് റിക്കാര്‍ഡാണ് (സിഡിആര്‍) ദിവ്യക്കെതിരേയുള്ള നിര്‍ണായക തെളിവായി പോലീസ് ശേഖരിച്ചിട്ടുള്ളത്.
ദിവ്യ തന്റെ ഫോണില്‍നിന്നു ജില്ലാ കളക്ടറെയും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയും കാമറാമാനെയും നിരന്തരം വിളിച്ചതാണു തെളിവായി പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കളക്ടറുടെയും ചാനല്‍ റിപ്പോര്‍ട്ടറുടെയും മൊഴി പോലീസ് വിശദമായി ശേഖരിച്ചിട്ടുണ്ട്. ഈ മൊഴികളെല്ലാം ദിവ്യക്കെതിരായ വിലപ്പെട്ട തെളിവുകളായി മാറും. മാത്രവുമല്ല, ചാനല്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അതിവേഗം വിവിധ ഗ്രൂപ്പുകളിലൂടെ ദിവ്യ തന്നെ പ്രചരിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇത് നവീന്‍ ബാബുവിനും അയച്ചു നല്‍കി. ഈ വീഡിയോ നവീന്‍ ബാബുവിനെ കൂടുതല്‍ മാനസികമായി തളര്‍ത്തിയെന്നതാണ് വസ്തുത. നവീന്‍ ബാബുവിനോട് ദിവ്യയ്ക്ക് വലിയ പകയുണ്ടായിരുന്നു. അതുകൊണ്ടാണ് ഇതെല്ലാം ചെയ്തതെന്നാണ് വിലയിരുത്തല്‍. ഇതിന് കാരണം പെട്രോള്‍ പമ്പ് മാത്രമാണെന്ന് ആരും കരുതുന്നുമില്ല. അതുകൊണ്ട് തന്നെ ദിവ്യയുടെ മൊഴി കേസില്‍ നിര്‍ണ്ണായകവുമാണ്.
പി.പി.ദിവ്യ, എ.ഡി.എമ്മിനെ യാത്രയയപ്പ് യോഗത്തില്‍ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്നു വൈകീട്ടുതന്നെ നവീന്‍ ബാബുവിന്റെ ജന്മനാടായ പത്തനംതിട്ടയിലും പ്രചരിച്ചിരുന്നു. യാത്രയയപ്പുദിവസം രാത്രി ഒമ്പതരയ്ക്ക് ജോയന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ജി.അഖില്‍, നവീനെ വിളിച്ചിരുന്നു. പിറ്റേന്ന് പത്തനംതിട്ടയില്‍ ജോലിക്ക് പ്രവേശിക്കുന്നതിനാലാണ് അഖില്‍ വിളിച്ചത്. നാളെ കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം ഫോണ്‍ വെച്ചത്. ആസമയത്ത് വീഡിയോയെക്കുറിച്ച് അഖില്‍ അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോള്‍ അഖില്‍, നവീന്റെ ഭാര്യയെ വിളിച്ച് കാര്യം തിരക്കി. ഭര്‍ത്താവുമായി സംസാരിച്ചിരുന്നതായും, രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നും അവര്‍ പറയുകയും ചെയ്തു. രാത്രി 11-ന് അഖില്‍, നവീനെ വിളിച്ചുനോക്കിയെങ്കിലും നമ്പര്‍ പരിധിക്കുപുറത്തായിരുന്നു.
നിലവില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 29നു കോടതി വിധി പറയുന്നതുവരെ ദിവ്യയുടെ അറസ്റ്റ് നടക്കില്ല. എന്നാല്‍ ദിവ്യ കീഴടങ്ങണമെന്നാണ് സിപിഎം നിലപാട്. വിധി എതിരായാല്‍ അറസ്റ്റ് നടക്കുകയോ ദിവ്യക്കു ഹൈക്കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഒരുങ്ങുകയോ ചെയ്യും. പത്തു വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമായതിനാല്‍ മൊഴി നല്‍കാന്‍ ദിവ്യ എത്തിയാല്‍ അറസ്റ്റ് നിര്‍ബന്ധമാകും. ഈ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍, ദിവ്യ പോലീസിനു മുന്നില്‍ ഹാജരാകാത്തത്. ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കില്‍ പോലീസിന് അറസ്റ്റ് ഒഴിവാക്കി മൊഴി രേഖപ്പെടുത്താനുള്ള നിയമപരമായ അനുമതി ഉള്ളതായി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യാ പ്രേരണാക്കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത് കൊടേരി ദിവ്യക്കു നോട്ടീസ് നല്‍കിയിരുന്നു. ഇത് അവര്‍ പാലിച്ചിട്ടില്ല.
ദിവ്യ നല്‍കിയ വിശദീകരണം പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിലയിരുത്തി സിപിഎം സജീവ ചര്‍ച്ചകളിലാണ്. പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഈ നിലപാടിലാണ്. ഇതോടെ ദിവ്യയെ പ്രാദേശിക ഘടകത്തിലേക്ക് തരംതാഴ്ത്താന്‍ സാധ്യതയേറി. ഇക്കാര്യത്തില്‍ അസാധാരണ നടപടികളുണ്ടാകും. കണ്ണൂരിലെ വിഭാഗീയതയും ഇതിന് കാരണമായി മാറിയിട്ടുണ്ട്. ദിവ്യയ്ക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പി ജയരാജനും ഇതിനോട് യോജിപ്പുണ്ട്. ഇപി ജയരാജനും നടപടി വേണമെന്ന പക്ഷത്താണ്. എന്നാല്‍ പി ശശിയെ അനുകൂലിക്കുന്നവര്‍ നടപടിയെ എതിര്‍ക്കുന്നുവെങ്കിലും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഉറച്ച നിലപാടിലാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിക്കുമെന്നാണ് സൂചന.
യാത്രയയപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കാന്‍ ദിവ്യയാണ് കളക്ടറോട് ഫോണിലൂടെ ആവശ്യപ്പെട്ടതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സിപിഎം തീരുമാനം. ദിവ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളുടെ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. യാത്രയയപ്പില്‍ പങ്കെടുക്കാനുള്ള താത്പര്യമറിയിച്ച് ദിവ്യയും കളക്ടര്‍ അരുണ്‍ കെ.വിജയനും തമ്മില്‍ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍സംഭാഷണം നടത്തിയിരുന്നു. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കളക്ടറുടെ ക്ഷണപ്രകാരമാണ് യാത്രയയപ്പ് ചടങ്ങില്‍ എത്തിയതെന്നാണ് ദിവ്യ പറഞ്ഞത്. ഇത് തെറ്റാണെന്ന് പോലീസും കണ്ടെത്തി. സമാന വിശദീകരണമാണ് സിപിഎമ്മിനും ദിവ്യ നല്‍കിയത്. ഈ സാഹചര്യത്തില്‍ അടിയന്തര നടപടി അനിവാര്യമായി.