പാര്‍ട്ടി അറിയാതെ ഈച്ച പോലും കടക്കാത്ത കാങ്കോല്‍-ആലപ്പടമ്പ്; രക്തസമ്മര്‍ദ്ദം കൂടിയപ്പോള്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിയത് അതീവ രഹസ്യമായി; അവിടെ നിന്നും മടങ്ങിയത് ആലപ്പടമ്പയിലെ സുരക്ഷിതത്വത്തില്‍; പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക അസാധ്യം; കീഴടങ്ങുന്നത് വരെ കാത്തു നില്‍ക്കേണ്ടി വരും; ഇത് മുടക്കോഴി മലയെ വെല്ലും ഒളിത്താവളം

Update: 2024-10-27 08:49 GMT

കണ്ണൂര്‍:എ.ഡി.എമ്മിന്റെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ തുടരുന്ന കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട തുടര്‍ നടപടികളില്‍ പോലീസില്‍ അവ്യക്തത. ചൊവ്വാഴ്ച തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി വിധി പറയാനിരിക്കെയാണ് അന്വേഷണ സംഘം കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയു ടെ നേതൃത്വത്തില്‍ ശനിയാഴ്ച യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ വീണ്ടും യോഗം ചേരും. അതിന് ശേഷമേ അറസ്റ്റുണ്ടാകൂ. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പിപി ദിവ്യയുടെ അഭിഭാഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ ഹര്‍ജി അതിവേഗം എത്തിയാല്‍ ആ വാദത്തില്‍ വിധി വന്ന ശേഷമേ പിപി ദിവ്യയുടെ അറസ്റ്റിലേക്ക് പോലീസ് കടക്കൂ. ഇതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉപദേശവും കണ്ണൂരിലെ പോലീസ് നേതൃത്വം തേടും.

പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ കെ. വിശ്വന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹരജിയിലെ ഉത്തരവിന് ശേഷം ആവശ്യമായ തീരുമാനമെടുക്കാമെന്ന നിലപാടാണ് നിലവില്‍. ജാമ്യം ലഭിക്കുകയാണെങ്കില്‍ അന്വേഷണ സംഘത്തിന് മുന്നിലെത്താനാണ് തീരുമാനം. അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് പി.പി. ദിവ്യ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിയുന്നു. രഹസ്യ കേന്ദ്രത്തില്‍ തുടരുന്ന ഇവര്‍ അതീവ രഹസ്യമായാണ് ആശുപത്രിയിലെത്തിയത്. പയ്യന്നൂരിലെ ആലപ്പടമ്പയില്‍ ദിവ്യ ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇത് പോലീസിനും അറിയാം. പക്ഷേ പാര്‍ട്ടി ഗ്രാമത്തില്‍ കയറി അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് പോലീസിലെ ധാരണ.

കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് സിപിഎം സ്വാധീന കേന്ദ്രമാണ്. ഈ പഞ്ചായത്തിലെ എല്ലാ വാര്‍ജഡുകളിലും സിപിഎം ഭരണമാണ്. ചില വാര്‍ഡുകളില്‍ എതിരാളികള്‍ പോലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്താറില്ല. അത്തരമൊരു പാര്‍ട്ടി കോട്ടയിലാണ് ദിവ്യ ഇപ്പോഴുള്ളതെന്നാണ് സൂചനകള്‍. നേരത്തെ ഇരിണാവിലെ വീട്ടിലായിരുന്നു ദിവ്യ. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അവിടെ നിന്നും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയത്. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ദിവ്യയെന്നതാണ് വസ്തുത. ടിപി ചന്ദ്രശേഖരനെ കൊന്ന കൊടി സുനി അടക്കമുള്ളവര്‍ ഒളിവില്‍ കഴിഞ്ഞത് മുടക്കോഴിമലയിലാണ്. എന്നാല്‍ ആ അറസ്‌റ്റോടെ ക്രിമിനലുകള്‍ക്ക് ഇതൊരു സുരക്ഷിത ഒളിത്താവളമല്ലാതെയായി. നിലവില്‍ മുടക്കോഴിമലയെ വെല്ലുന്ന സുരക്ഷിതത്വം ഉള്ള മേഖലയാണ് ആലപ്പടമ്പ് എന്നാണ് വിലയിരുത്തല്‍.

പിപി ദിവ്യയുടെ വിദേശയാത്രകളിലും ദുരൂഹതയുണ്ട് എന്ന ആരോപണം ശക്തമാണ്. മൂന്ന് വര്‍ഷത്തിനിടെ 20 ലധികം വിദേശയാത്രകളാണ് ദിവ്യ നടത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ നടത്തിയ വിദേശയാത്രകള്‍ സംശയമുണര്‍ത്തുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ദിവ്യയുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് കുടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് വിദേശ യാത്രകളും സംശയത്തിന്റെ നിഴലിലാകുന്നത്. വിദേശയാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് അന്വേഷിച്ചേക്കുമെന്നാണ് സൂചന. എഡിഎം അനുമതി നല്‍കിയില്ലെന്ന് പിപി ദിവ്യ ആരോപിച്ച ചെങ്ങളായിയിലെ പെട്രോള്‍ പമ്പ് ദിവ്യയുടെ ബിനാമി ഇടപാടാണെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. ജില്ല പഞ്ചായത്ത് ഉപകരാറുകള്‍ ഒരേ കമ്പനിക്ക് നല്‍കുന്നതിലും ബിനാമി ഇടപാടുണ്ടെന്ന സംശയവും ശക്തമാണ്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യ ഒളിവില്‍ തുടരുന്നതിനിടെയാണ് കൂടുതല്‍ അഴിമതിക്കഥകളും വിവാദ ഇടപാടുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ എങ്ങനെ പ്രതിരോധിക്കും എന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.

നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് കേസില്‍ വാദം കേട്ടത്. ജാമ്യം ലഭിച്ചാല്‍ ഇന്നുതന്നെ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് ദിവ്യ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടര്‍ യാത്രയയപ്പ് യോഗത്തിലേക്ക് അനൗദ്യോഗികമായി ക്ഷണിച്ചിരുന്നതായി ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. യാത്രയപ്പ് ചടങ്ങിന് ഉണ്ടാകില്ലേ എന്നാണു കലക്ടര്‍ ചോദിച്ചത്. യോഗത്തിനു വരുമെന്നു കലക്ടറെ ഫോണിലാണ് അറിയിച്ചത്. യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടറാണെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു. അഭിഭാഷകനായ കെ.വിശ്വന്‍ മുഖേനയാണു ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

നവീന്‍ ബാബുവിനെതിരെയുള്ള അഴിമതി ആരോപണം കോടതിയിലും ദിവ്യ ആവര്‍ത്തിച്ചു. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും പൊലീസും എതിര്‍ത്തു. എന്നാല്‍ നിയമപരമായി ജാമ്യം ലഭിക്കാനുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചതായി ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷയെ എതിര്‍ത്തു കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പി.എം.സജിത വക്കാലത്ത് നല്‍കിയിരുന്നു. കുടുംബത്തിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ ജോണ്‍ എസ്.റാല്‍ഫ് ഹാജരാവുകയും ചെയ്തു.

Tags:    

Similar News