ദിവ്യയ്ക്ക് ജാമ്യമില്ല; രക്തസമ്മര്‍ദ്ദത്തിന് പയ്യന്നൂരില്‍ രാത്രി ചികില്‍സയ്‌ക്കെത്തിയ ദിവ്യ എവിടെയുണ്ടെന്ന് പോലീസിനും അറിയാം; തലശ്ശേരി കോടതിയിലെ ജാമ്യ ഹര്‍ജി തള്ളല്‍ കേസിന്റെ മെരിറ്റ് അറിഞ്ഞ്; വനിതാ സഖാവിനെ സംരക്ഷിച്ചവരെല്ലാം പ്രതിസന്ധിയില്‍; പിപി ദിവ്യയെ ഇനിയെങ്കിലും കൈവിലങ്ങ് അണിയിക്കുമോ? അതിവേഗ അപ്പീലിന് പ്രതിയും
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യയ്ക്ക് ജാമ്യമില്ല. ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തേടിയിരുന്നു. കഴിഞ്ഞദിവസം രാത്രി രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദിവ്യ ചികിത്സ തേടിയത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയത്. ഇതോടെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം പോലീസിന് ഉണ്ടാവുകയാണ്. അപ്പീല്‍ നല്‍കുന്നതിന് മുമ്പ് ദിവ്യയെ പോലീസ് അറസ്റ്റു ചെയ്യുമോ എന്നതാണ് നിര്‍ണ്ണായകം.
ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി സി.പി.എമ്മിനും തിരിച്ചടിയായി. ഇനി ദിവ്യയ്ക്ക് എതിരേ പാര്‍ട്ടി നടപടിയുണ്ടായേക്കും. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്. ദിവ്യയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്.റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്.
ഡിവിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് (എഡിഎം) കെ.നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. വളരെ ആഗ്രഹിച്ച വിധിയാണെന്നും വളരെ ആശ്വാസമുണ്ടെന്നും നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബു പറഞ്ഞു. ആഗ്രഹിച്ച വിധിയാണെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. ഈ നിമിഷം വരെ അറസ്റ്റു ചെയ്യാത്തത് നീതി നിഷേധമാണെന്നും അവര്‍ പ്രതികരിച്ചു. ജാമ്യം നിഷേധിച്ചതോടെ ദിവ്യയ്ക്ക് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാം. വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും നല്‍കാം.
സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഉടന്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താല്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കോടതി നിര്‍ദേശപ്രകാരം ജയിലിലേക്ക് അയയ്ക്കും. എന്നാല്‍, അറസ്റ്റിനു മുന്‍പ് ദിവ്യയ്ക്കു മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങുകയുമാകാം. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം എടുക്കുന്ന നിലപാടാണ് നിര്‍ണ്ണായകം. ഇപ്പോഴും സിപിഎം ജില്ലാ കമ്മറ്റി അംഗമാണ് ദിവ്യ. ഇന്നലെ രാത്രി അരമണിക്കൂറോളം ദിവ്യ പയ്യന്നൂര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ആശുപത്രിക്ക് സമീപം ചില പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു എന്നാണ് വിവരം.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുത്തിട്ടില്ല. വിധി ദിവ്യയ്ക്കും അന്വേഷണസംഘത്തിനും അതുകൊണ്ട് തന്നെ നിര്‍ണായകമാണ്. ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പി.പി ദിവ്യ നടത്തിയ ആറ് മിനിറ്റ് പ്രസംഗം ആസൂത്രിത ഗൂഢാലോചനയെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്ത് കുമാറിന്റെ വാദം. ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ വരാത്ത കാര്യങ്ങളില്‍ ഇടപെടുകയും ഭീഷണിസ്വരത്തില്‍ സംസാരിക്കുകയും ചെയ്ത ദിവ്യയുടെ പ്രവൃത്തി ഗുരുതര അഴിമതിയാണെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍ എസ്.റാല്‍ഫ് കോടതിയെ അറിയിച്ചത്. എന്നാല്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.പി.ദിവ്യയുടെ വ്യക്തിപ്രഭാവവും അഴിമതിവിരുദ്ധ പ്രവര്‍ത്തനവും ഉയര്‍ത്തിയ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ദിവ്യയുടെ പ്രസംഗം സദുദ്ദേശപരമാണെന്നാണ് വാദിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത മകളും അസുഖബാധിതനായ അച്ഛനും വീട്ടില്‍ ഉണ്ടെന്നും അറസ്റ്റ് തടയണമെന്നും ദിവ്യയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയുടെ കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ വിലയിരുത്തിയിരുന്നത് എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിപിഎമ്മും പ്രതിസന്ധിയിലാകും.