അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് 2021ല്‍ മന്ത്രി വീണാ ജോര്‍ജ്; ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതല ഏല്‍പ്പിച്ചത് ധനമന്ത്രി; എല്ലാം പിണറായി അറിഞ്ഞെന്ന ശൈലജ ടീച്ചറുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമായി; ആ അന്വേഷണം ഇനിയും തീര്‍ന്നില്ല; ഒരു വര്‍ഷമായി നടക്കുന്നത് വിശകലനം! പിപിഇ കിറ്റില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുമ്പോള്‍
തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉള്‍പ്പെടെയുള്ളവ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയാകും മുമ്പേയാണ് സര്‍ക്കാര്‍ അഴിതമി വാദങ്ങള്‍ തള്ളുന്നത്. ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന അന്വേഷണം 3 വര്‍ഷം കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. പ്രത്യക്ഷ തെളിവുള്ളതുകൊണ്ടാണ് ഇത്. ഈ അഴിമതി വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാത്തതും കേസാകാതിരിക്കാനും നൂലാമാലകള്‍ ഒഴിവാക്കാനുമാണ്. അടിമുടി ദുരുഹമാണ് പിപിഇ കിറ്റ് ഇടപാട് എന്ന് വ്യക്തമാണ്.
സര്‍ക്കാരിനെതിരെ കൊണ്ടുവന്ന ആരോപണങ്ങളെല്ലാം പൊട്ടിപ്പൊളിഞ്ഞതോടെ പറഞ്ഞും കേട്ടും തഴമ്പിച്ച പിപിഇ കിറ്റ് വിവാദം വീണ്ടും പൊടിതട്ടിയെടുത്ത് മാധ്യമങ്ങളും പ്രതിപക്ഷവും എന്നാണ് സിപിഎം വിമര്‍ശനം. കോവിഡ് കാലത്തെ അടിയന്തര സാഹചര്യത്തില്‍ പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന വ്യാജ ആരോപണം പലകുറി കേരളം കേട്ടതാണ്. 2020ല്‍ ലോകംകണ്ട അസാധാരണ സാഹചര്യത്തില്‍ ഡോക്ടര്‍ മുതല്‍ സ്വീപ്പര്‍ വരെയുള്ളവര്‍ ജീവന്‍വച്ച് പന്താടാതിരിക്കാന്‍ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടിയെ ആണ് ഇപ്പോഴും വിവാദമാക്കാന്‍ നോക്കുന്നതെന്നും സിപിഎം പറയുന്നു. കോവിഡ് വ്യാപനം ശക്തമായതോടെ 2020 മാര്‍ച്ച്, ഏപ്രിലില്‍ നല്ല പിപിഇ കിറ്റിന് ദൗര്‍ലഭ്യം നേരിട്ടു. കമ്പനികള്‍ വില കുത്തനെ കൂട്ടുകയും ചെയ്തു. അവസരം മുതലാക്കി ഗുണനിലവാരമില്ലാത്ത കിറ്റുകള്‍ വിപണിയില്‍ സുലഭവുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
കെഎംഎസ്സിഎല്ലിന് സ്ഥിരമായി മെഡിക്കല്‍ ഉപകരണം വിതരണം ചെയ്യുന്ന വിശ്വസനീയമായ കമ്പനികളില്‍ നിന്ന് മാത്രമാണ് അന്ന് ടെന്‍ഡര്‍ സ്വീകരിച്ചിരുന്നത്. വിലക്കുറവില്‍ ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റ് വാങ്ങണോ അതോ ഗുണമുള്ളവ കൂടിയ വില നല്‍കി വാങ്ങണോ എന്ന ചര്‍ച്ച ഉയര്‍ന്നു. മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം അടങ്ങുന്ന കോര്‍ കമ്മിറ്റിയില്‍ നിലവാരമുള്ളവ വാങ്ങാന്‍ തീരുമാനിച്ചു. 50,000 കിറ്റുകള്‍ക്ക് സാന്‍ ഫാര്‍മയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. 15000 എണ്ണം വാങ്ങി. പിന്നീട് വിപണിയില്‍ വിലകുറഞ്ഞതോടെ 35,000 കിറ്റുകളുടെ ഓര്‍ഡര്‍ റദ്ദാക്കി ആ വിലയില്‍ വാങ്ങി. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പലവട്ടം നിയമസഭയില്‍ മറുപടി നല്‍കിയിട്ടും പ്രതിപക്ഷം ആരോപണം തുടരുന്നതിനെതിരെ പലകോണില്‍നിന്നും വിമര്‍ശമുയരുന്നുണ്ടെന്ന് ദേശാഭിമാനി പറയുന്നു. പിന്നെ എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.
വിവാദങ്ങളെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജാണ് 2021ല്‍ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തത്. കോവിഡ് കാലയളവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ (കെഎംഎസ്സിഎല്‍) മുഖേന മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നു മന്ത്രി വീണാ ജോര്‍ജ് ഫയലില്‍ കുറിച്ചു. ഈ ഫയല്‍ ലഭിച്ചതും അന്വേഷണം നടത്താന്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍ദേശം നല്‍കി. 2022 ജനുവരി 11നാണ് അന്വേഷണം ആരംഭിച്ചത്. ആ വര്‍ഷം ഓഗസ്റ്റ് 24നു നിയമസഭയില്‍ ചോദ്യം വന്നപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നു എന്നായിരുന്നു മന്ത്രി ബാലഗോപാലിന്റെ മറുപടി. അന്വേഷണം വൈകുന്നത് അഴിമതി നടത്തിയവരെ സംരക്ഷിക്കാനാണെന്ന ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അഴിമതിയെക്കുറിച്ചുള്ള ഒട്ടേറെ രേഖകള്‍ പുറത്തുവന്നു. ക്രമക്കേട് അന്വേഷിക്കാന്‍ ഒക്ടോബര്‍ 14നു ലോകായുക്ത ഉത്തരവു പുറപ്പെടുവിച്ചതോടെയാണു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിനു വഴിത്തിരിവായത്. പിപിഇ കിറ്റ് ഉള്‍പ്പെടെ എല്ലാ സാധനങ്ങളും വാങ്ങിയതു മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആയിരുന്നെന്ന കെ.കെ.ശൈലജയുടെ വെളിപ്പെടുത്തല്‍ വന്നു. ഇതേ വിഷയത്തില്‍ 2024 ജനുവരി 30നു നിയമസഭയില്‍ ചോദ്യം ഉയര്‍ന്നു. പരിശോധന പൂര്‍ത്തിയായെന്നായിരുന്നു മന്ത്രി ബാലഗോപാലിന്റെ മറുപടി. പരിശോധനാവേളയില്‍ കെഎംഎസ്സിഎല്ലിന് നല്‍കിയ ചോദ്യങ്ങള്‍ക്കു ലഭിച്ച മറുപടി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷത്തിലേറെയായി നടക്കുന്ന വിശകലനം ഇനിയും പൂര്‍ത്തിയായില്ല. ഇതിനെല്ലാം പിന്നില്‍ അഴിമതി കഥ മൂടാനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷ ആരോപണം.
കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് നടന്നെന്നാണ് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്. ഈ ഇടപാടിന്റെ ഭാഗമായി സര്‍ക്കാരിന് 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പിപിഇ കിറ്റിന് പൊതുവിപണിയേക്കാള്‍ 300 ഇരട്ടി പണം നല്‍കി, രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ ഫാര്‍മ കമ്പനിയ്ക്ക് പണം മുന്‍കൂറായി നല്‍കിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.