2014ല്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ മുത്തമിട്ടപ്പോള്‍ ഗോള്‍ വല കാത്തവന്‍; അന്ന് ഇന്ത്യ-പാക് വെടിവെപ്പ് വരെ ഉണ്ടായി; മറ്റൊരു ഏഷ്യ കപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ശിഷ്യന്‍മാര്‍: തൊട്ടതെല്ലാം പൊന്നാക്കും കുന്നത്തുനാട്ടിലെ ഹോക്കി വിസ്മയം; ഇന്ത്യന്‍ ഹോക്കി മുമ്പോട്ട് തന്നെ
കൊച്ചി: ഹോക്കിയിലൂടെ മലയാളികളുടെ മാത്രമല്ല ഇന്ത്യയുടെ പ്രതീക്ഷകളും വാനോളം ഉയര്‍ത്തിയ താരം. തൊട്ടതെല്ലാം പൊന്നാക്കാന്‍ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹോക്കിയുടെ വല കാത്തിരുന്ന എല്ലാ മലയാളികളുടെയും ഏറ്റവും പ്രീയപ്പെട്ട ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തോടെ ഇന്ത്യന്‍ ഹോക്കിയില്‍ നിന്ന് വിരമിച്ചെങ്കിലും ജൂനിയര്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ കോച്ചായി മാറിയിരിക്കുകയാണ്. അവിടെയും താരം ഇന്ത്യക്ക് അഭിമാന നിമിഷമാണ് സമ്മാനിച്ചിരിക്കുന്നത്. ചിലകാല വൈരികളായ പാകിസ്ഥാനെ ശ്രീജേഷിന്റെ കീഴില്‍ വന്ന ഇന്ത്യന്‍ പടകള്‍ തോല്‍പ്പിച്ചിരിക്കുകയാണ്. ഒരിക്കല്‍ കൂടി അദ്ദേഹത്തെ ഓര്‍ത്ത് ഇന്ത്യയെ അഭിമാനിക്കാന്‍ ആകുന്ന നിമിഷം.
കേരളം പോലെ ഹോക്കിക്ക് അത്ര സ്വാധീനമില്ലാത്ത നാട്ടില്‍ നിന്നെത്തി ഇത്രയും കാലം ദേശീയ ടീമിനായി കളിക്കാന്‍ കഴിഞ്ഞ മറ്റൊരു കളിക്കാരനുമില്ല. 2006 മുതല്‍ ഇന്ത്യക്കായി 328 മത്സരങ്ങളില്‍ ശ്രീജേഷ് ഗോള്‍കീപ്പറായി കളിക്കളത്തിലിറങ്ങി. ഇന്ത്യന്‍ ഹോക്കിയെ ഉന്നതങ്ങളില്‍ എത്തിച്ച കാവല്‍ക്കാരന്‍. കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി ശ്രീജേഷ് വരവറിയിച്ചു. അടുത്ത ആറു വര്‍ഷത്തിനിടയില്‍ ഗോള്‍കീപ്പറെന്ന പദവി ശ്രീജേഷില്‍ വന്നുംപോയും കൊണ്ടേയിരുന്നു. സീനിയര്‍ ഗോള്‍കീപ്പര്‍മാര്‍ക്ക് വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു.
2011-ല്‍ ചൈനയിലെ ഒര്‍ഡൊസ് സിറ്റിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ രണ്ട് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടഞ്ഞതോടെയാണ് ശ്രീജേഷിന്റെ തലവര തെളിഞ്ഞത്. അതിനുശേഷം ഇന്ത്യയുടെ ഗോള്‍കീപ്പറുടെ ജേഴ്‌സിയില്‍ ശ്രീജേഷ് സ്ഥാനമുറപ്പിച്ചു.
അത്‌ലറ്റിക്‌സില്‍ നിന്നു ഹോക്കിയിലെത്തിയ ഈ കൊച്ചി സ്വദേശിയുടെ ഗോള്‍ കീപ്പിങ് മികവില്‍ 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. അന്ന് പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയത്. ഇതോടെയാണ് ശ്രീജേഷ് ഇന്ത്യയുടെ സ്ഥിരം കാവല്‍ക്കരാനായത്. അന്ന് അതിര്‍ത്തിയെ പോലും പിടിച്ചു കുലുക്കി ഈ നേട്ടം.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ക്കു പ്രകോപനമായി മാറി ഈ ഇന്ത്യന്‍ ജയം. അന്ന് പാക്കിസ്ഥാന്‍ മികച്ച ഹോക്കി ടീമായിരുന്നു. സ്വര്‍ണം ഉറപ്പിച്ചാണ് പോരിന് ഇറങ്ങിയത്. എന്നാല്‍ ശ്രീജേഷിന്റെ ഫോം പ്രതീക്ഷ തകര്‍ത്തു. അന്ന് തങ്ങളുടെ ടീമിനെ തോല്‍പ്പിക്കാന്‍ തക്കവണ്ണം ശ്രീജേഷ് നടത്തിയ പ്രകടനം പാക്കിസ്ഥാന്‍ സൈനികരുടെ സമനില തെറ്റിക്കുകയായിരുന്നു. ശ്രീജേഷിന്റെ സേവുകളുടെ കരുത്തില്‍ ഇന്ത്യ ഇഞ്ചിയോണില്‍ നിന്ന് സ്വര്‍ണ്ണവുമായി മടങ്ങി.
ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ചു. 2014ലെ ആ വിജയമാണ് ഇന്ത്യന്‍ ഹോക്കിക്ക് വീണ്ടും തിരിച്ചു വരവിന് അവസരമൊരുക്കിയത്. അന്ന് ഇഞ്ചിയോണില്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ ഹോക്കി ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ പാക്കിസ്ഥാന് പിടിച്ചില്ലത്രേ. അതാണ് അന്ന് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന തന്നെ പറഞ്ഞിരുന്നു.
ഇന്ത്യയുടെ വിജയത്തില്‍ പ്രകോപിതരായി അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പാക് സൈന്യം വെടിവെപ്പ് രൂക്ഷമാക്കി. അത് പിന്നീട് വലിയ സംഘര്‍ഷവുമായി. ഇന്ത്യാ-പാക് നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉലച്ചിലുണ്ടാകുന്നതും അവിടെ നിന്നാണ്. ബി.എസ്.എഫ് പറയുന്നത് ശരിയാണെങ്കില്‍ പാക് വിജയം തടഞ്ഞ ഇന്ത്യന്‍ ഗോള്‍ വലകാത്ത കൊച്ചിക്കാരന്‍ ശ്രീജേഷ് തന്നെയാണ് സംഘര്‍ഷത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദി!
സ്പോര്‍ട്സ് സ്വപ്‌നം കണ്ട് നടന്ന പന്ത്രണ്ടുകാരനായ പി ആര്‍ ശ്രീജേഷ് തിരുവനന്തപുരത്തെ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്നാണ് ആരംഭിക്കുന്നത്. ലോങ്ജമ്പും വോളിബോളും ഇഷ്ട ഇനമായിരുന്ന ശ്രീജേഷിന് ഹോക്കി ടീം ഗോള്‍കീപ്പറായി പരിശീലനം നേടാന്‍ കോച്ച് ജയകുമാര്‍ നിര്‍ദേശം നല്‍കുന്നു. ഇതോടെയാണ് ശ്രീജിഷിന്റെ കരിയര്‍ തെളിയുന്നത്. സ്‌കൂള്‍ ടീമിനായി ആദ്യം കളിക്കളത്തില്‍, പിന്നീട് നെഹ്‌റു കപ്പില്‍. ശ്രീജേഷിലെ പ്രതിഭ തിരിച്ചറിഞ്ഞ പരിശീലകര്‍ കൃത്യമായ കരിയര്‍ റൂട്ട് നിര്‍ണയിച്ച് നല്‍കി.
കൃഷിക്കാരനായിരുന്ന അച്ഛന്‍ പി വി രവീന്ദ്രനും അമ്മ ഉഷയും എന്നും മകന്റെ ആഗ്രഹങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെ പശുവിനെ വിറ്റാണ് മകന് ഗോള്‍ കീപ്പിങ് കിറ്റ് വാങ്ങിക്കൊടുത്തത്. തന്റെ വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാന ശക്തി അച്ഛനും അമ്മയും ആണെന്ന് ശ്രീജേഷ് പറയാറുണ്ട്. മുന്‍ ലോംഗ് ജംപ് താരവും ആയുര്‍വേദ ഡോക്ടറുമായ അനീഷ്യയാണ് ശ്രീജേഷിന്റെ പത്നി.