വിജയ്യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാമെന്ന് കണക്കൂട്ടല്‍; പ്രശാന്ത് കിഷോറിന്റെ ഉപദേശം മാത്രം മതിയെന്ന് ടിവികെ; തമിഴക രാഷ്ട്രീയത്തില്‍ വിജയിക്കായി തന്ത്രങ്ങള്‍ മെനയാന്‍ തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ കൂടിയുണ്ടാകില്ല
പ്രശാന്ത് കിഷോറിന്റെ ഉപദേശം മാത്രം മതിയെന്ന് ടിവികെ;
ചെന്നൈ: തമിഴക രാഷ്ട്രീയം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. എഐഎഡിഎംകെയുടെ തകര്‍ച്ചയും വിജയ് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി മുന്നോട്ടു വന്നതുമെല്ലാം തമിഴക രാഷ്ട്രീയത്തെ സവിശേഷമാക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണമായ പോരാട്ടത്തിനാണ് വിജയുടെ പാര്‍ട്ടി ഒരുങ്ങുന്നത്. ഇങ്ങനെ സമ്പൂര്‍ണ പോരാട്ടത്തിന് തമിഴക വെട്രി കഴകം (ടിവികെ) ഒരുങ്ങുമ്പോള്‍ ഡിഎംകെയ്ക്ക് ആശങ്കപ്പെടാനും ഏറെയുണ്ട് താനും. എന്നാല്‍, വിജയ് ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ വേണ്ട സംഘടനാ സംവിധാനം ഡിഎംകെയ്ക്കുണ്ട്.
ഇതിനിടെയാണ് ടിവികെ മുഖ്യ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ പ്രശാന്ത് കിഷോറിനെ ഒഴിവാക്കുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍. സ്വന്തമായി രാഷ്ട്രീയ താല്‍പ്പര്യമുള്ള പ്രശാന്ത് കിഷോറുമായി ഒത്തുപോകില്ലെന്ന് കണ്ടാണ് ടിവികെ അദ്ദേഹത്തെ കൈവിടുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ പ്രശാന്തില്‍ നിന്നും ഉപദേശം തേടുക മാത്രമാണ് വിജയ് ചെയ്യാറുണ്ട്.
കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തതൊഴിച്ചാല്‍ പാര്‍ട്ടിയുടെ മറ്റു വേദികളിലൊന്നും അദ്ദേഹത്തിന്റെ സാന്നിധ്യമില്ലായിരുന്നു. നയരൂപീകരണത്തില്‍ മുഖ്യ പങ്കു വഹിച്ചിരുന്ന ജോണ്‍ ആരോഗ്യസ്വാമി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയമനത്തില്‍ അഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നു. വിജയ്യുടെ സ്വീകാര്യതയും താര പരിവേഷവും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് വിജയിക്കാമെന്നാണ് ഈ വിഭാഗം കണക്കുകൂട്ടുന്നത്. അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായങ്ങള്‍ വിജയ് തേടിയിരുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ പ്രശാന്തിന് നിര്‍ണായക റോള്‍ ഉണ്ടാകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. മുന്‍പ് പ്രശാന്തിനെ യോഗത്തിന് എത്തിച്ചത് അടുത്തിടെ വിസികെ വിട്ട് വിജയ്‌യുടെ പാര്‍ട്ടിയില്‍ എത്തിയ ആധവ് അര്‍ജുനാണ്. അതേ സമയം ഇപ്പോള്‍ ബിഹാറില്‍ ജന്‍ സൂരജ് പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷി നടത്തുകയാണ് പ്രശാന്ത്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അടക്കം പ്രശാന്ത് കിഷോറിന്‌റെ പാര്‍ട്ടി കളത്തില്‍ ഇറങ്ങിയേക്കും.
പ്രശാന്ത് കിഷോര്‍ രൂപം കൊടുത്ത് തെരഞ്ഞെടുപ്പ് തന്ത്ര ഏജന്‍സി ഐ പാക് തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷി എഐഎഡിഎംകെയുമായി സഹകരിക്കാന്‍ തയ്യാറെടുക്കുമെന്നും കേട്ടിരുന്നു. 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതിന് ശേഷം കിഷോര്‍ രാഷ്ട്രീയ കണ്‍സള്‍ട്ടിംഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു പ്രശാന്ത് കിഷോര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് അദ്ദേഹം ജന്‍ സൂരജ് പാര്‍ട്ടി രൂപീകരിച്ചിരുന്നു.