പി.ആര്‍.ഡി പ്രിസം പാനലില്‍ ഇടതുപക്ഷക്കാരെ മാത്രം നിയമിക്കാന്‍ നീക്കം; പ്രവൃത്തി പരിചയം നിര്‍ബന്ധമായിരുന്നത് ഒഴിവാക്കിയത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനെന്ന് ആരോപണം; വെട്ടി നിരത്തല്‍ മുഖ്യമന്ത്രിയുടെ ഓഫീസും പി.ആര്‍.ഡി ഡയറക്റ്ററും ചേര്‍ന്ന്
പി.ആര്‍.ഡി പ്രിസം പാനലില്‍ ഇടതുപക്ഷക്കാരെ മാത്രം നിയമിക്കാന്‍ നീക്കം
കെ എം റഫീഖ്
മലപ്പുറം: സംസ്ഥാന സര്‍ക്കാറിന് കീഴില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്(പി.ആര്‍.ഡി) പ്രിസം പാനലില്‍ ഇടതുപക്ഷക്കാരെ മാത്രം നിയമിക്കാന്‍ നീക്കം. മുന്‍വര്‍ഷങ്ങളില്‍ പ്രവൃത്തി പരിചയം നിര്‍ബന്ധമായിരുന്നെങ്കിലും ഈ വര്‍ഷം പ്രവൃത്തി പരിചയം ഒഴിവാക്കിയത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്നും ആരോപണം. പാര്‍ട്ടി പ്രാദേശിക ഭാരവാഹികള്‍ മുഖേനെ അന്വേഷണം നടത്തിയാണ് നിയമനമെന്നും വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ് ഉദ്യോഗാര്‍ത്ഥികള്‍.
ജൂലൈ 29 നായിരുന്നു പാനലിലേക്കുള്ള പരീക്ഷ നടത്തിയത്. ഓഗസ്റ്റില്‍ തന്നെ നിയമനം നടക്കുമെന്നാണ് വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും ജില്ലാ ഓഫീസര്‍മാരെ അറിയിച്ചിരുന്നത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസും പി.ആര്‍.ഡി ഡയറക്റ്ററും ചേര്‍ന്നാണ് ഈ വെട്ടി നിരത്തലിന് നേതൃത്വം നല്‍കുന്നതെന്നാണു പരാതി. എഴുത്തു പരീക്ഷയിലും അഭിമുഖത്തിലം മികച്ച മാര്‍ക്ക് നേടിയിട്ടും പാര്‍ട്ടിക്കാരല്ലെന്ന് ഉറപ്പുള്ളവരെ ലിസ്റ്റില്‍ നിന്ന് ആദ്യഘട്ടത്തില്‍ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് പരാതി.
പാര്‍ട്ടി ഏതാണെന്ന് ഉറപ്പില്ലാത്തവരുടെ പാര്‍ട്ടി ബന്ധം കണ്ടെത്താന്‍ ഓരോ ജില്ലയിലേയും പാര്‍ട്ടി നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രദേശിക തലത്തില്‍ അന്വേഷണം നടത്തിയും നേരിട്ട് ഫോണ്‍ ചെയ്തുമാണ് പാര്‍ട്ടി ചായ്വ് ഉറപ്പ് വരുത്തുന്നത്. ഇതിന് മുമ്പ് ലിസ്റ്റില്‍ ആദ്യ റാങ്കുകള്‍ നേടിയ പലരേയും ഇത്തവണ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായാണ് വിവരം. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. എല്ലാ ജില്ലകളിലും ജൂലെ 29 നാണ് പരീക്ഷ നടത്തിയത്.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് 313 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 241 പേര് പരീക്ഷ എഴുതി. കൂടുതല്‍ പേര് പരീക്ഷ എഴുതിയത് മലപ്പുറത്താണ്. 76 അപേക്ഷകരില്‍ 56 പേരാണ് മലപ്പുറത്ത് എഴുതിയത്. കണ്ടന്റ് എഡിറ്റര്‍, സബ് എഡിറ്റര്‍ തസ്തികയിലേക്ക് യഥാക്രമം ആകെ 69, 68 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 53, 43 പേര്‍ വീതം പരീക്ഷ എഴുതി. എഴുത്ത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ 19 വരെയുള്ള തീയതികളിലായാണ് കൂടിക്കാഴ്ച നടത്തിയത്. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകളിലായിരുന്നു കൂടിക്കാഴ്ച.
എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും നേടിയ മാര്‍ക്ക് സഹിതം പട്ടിക തയ്യാറാക്കി വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കിയിട്ടുണ്ട്. ഓഗസ്റ്റില്‍ തന്നെ നിയമനം നടക്കും എന്നായിരുന്നു വകുപ്പ് ഡയറക്ടര്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസര്‍മാരെ അറിയിച്ചിരുന്നത്. സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ജനങ്ങളിലേക്കെത്തിക്കുന്നതിനാണ് പ്രിസം പദ്ധതി ആവിഷ്‌കരിച്ചത്.
സര്‍ക്കാറിന്റെ പ്രധാനപ്പെട്ട വകുപ്പില്‍ പത്രക്കറിപ്പുകളും ഫീച്ചറുകളും വീഡിയോയും ലീഫ് ലെറ്റുകളും തയ്യറാക്കുന്നതിന് പ്രവൃത്തി പരിചയം ആത്യാവശ്യമാണന്നിരിക്കെ പ്രവൃത്തി പരിചയ നിബന്ധന ഒഴിവാക്കിയത് ഇഷ്ടക്കാരേയും പാര്‍ട്ടിക്കാരേയും നിയമിക്കുന്നതിനാണെന്ന പരാതി ആദ്യമേ ഉയര്‍ന്നിരുന്നു. പ്രിസം പാനലില്‍ നിയമിതരായവര്‍ക്ക് ശമ്പളം ലഭിക്കാന്‍ കാലതാമസമുണ്ടായപ്പോള്‍ അത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.