മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി അസ്മ; അഞ്ചാമത്തെ പ്രസവം വീട്ടിലെടുക്കവേ ദാരുണമായി യുവതിയുടെ അന്ത്യം; ആരെയും വിവരമറിയിക്കാതെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം; നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞതോടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍
മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച സ്ത്രീ മരിച്ചു
മലപ്പുറം: അടുത്തകാലത്തായി വീട്ടിലെ പ്രസവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യമുണ്ട്. ഇത് ജീവനെ അപകടത്തിലാക്കുന്നതാണെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് പലതവണ നല്‍കിയെങ്കിലും ആരും ഗൗനിക്കാറില്ലെന്നതാണ് വസ്തുത. ഇത്തരം മുന്നറിയിപ്പിന് വില കൊടുത്താതെ ഒരു ജീവന്‍ കൂടി പൊലിഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച സ്ത്രീ ദാരുണമായി മരിച്ചു.
പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് മരിച്ചത്. ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭര്‍ത്താവ് സിറാജ് എതിരായിരുന്നു. ആലപ്പുഴയാണ് സിറാജിന്റെ സ്വദേശം. കുറച്ചു കാലമായി മലപ്പുറം ചട്ടിപ്പറമ്പില്‍ വാടകക്ക് താമസിക്കുകയാണ് കുടുംബം. അസ്മയുടെ അഞ്ചാമത്തെ പ്രസവമാണിത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അതിനു പിന്നാലെ ആരെയും വിവരമറിയിക്കാതെ അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനായിരുന്നു സിറാജിന്റെ ശ്രമം. എന്നാല്‍ അസ്മയുടെ വീട്ടുകാരും നാട്ടുകാരും അത് തടഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട പൊലീസ് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അടുത്തിടെ കോഴിക്കോട്ട് ഇത്തരത്തിലൊരു പ്രസവത്തില്‍ ജനിച്ച കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തോടെ വീട്ടിലെ പ്രസവം ചര്‍ച്ചാ വിഷയമായിരുന്നു. വീട്ടുപ്രസവത്തെ അനുകൂലിക്കുന്നവരും രംഗത്തുവന്നിട്ടുണ്ട്. സാമൂഹികമാധ്യമകാലത്ത് ഇത്തരം കുപ്രചാരണങ്ങള്‍ ചെറിയൊരു സമൂഹത്തെയെങ്കിലും ബാധിക്കുന്നുണ്ട്.
1947-ല്‍ ഇന്ത്യയില്‍ മാതൃമരണനിരക്ക് ഒരുലക്ഷം പ്രസവത്തില്‍ രണ്ടായിരമായിരുന്നു. ഇന്നത് 97 ആണ്. ശിശുമരണനിരക്ക് ആയിരത്തില്‍ 145 ആയിരുന്നത് 28 ആയി. കേരളത്തില്‍ 1970-ല്‍ ശിശുമരണനിരക്ക് ആയിരത്തില്‍ 56 ആയിരുന്നത് ഇപ്പോള്‍ ആറുമാത്രമാണ്. ഇതൊക്കെ ആധുനികമായ വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റഫലമാണ്.
വീട്ടില്‍ പ്രസവിക്കുന്ന കുഞ്ഞ് മരിക്കുന്നത് പലപ്പോഴും പുറത്തറിയാറില്ല. മലപ്പുറത്ത് ഇങ്ങനെ പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മലപ്പുറത്തെ വീട്ടുപ്രസവകേന്ദ്രങ്ങളില്‍ കൂടുതലും എത്തുന്നത് മറ്റു ജില്ലക്കാരാണ്. ലക്ഷദ്വീപില്‍നിന്നുവരെ ഇവിടെവന്നു പ്രസവിച്ച സംഭവങ്ങളുണ്ട്. ഇവര്‍ക്ക് രഹസ്യ വാട്സാപ്പ് ഗ്രൂപ്പുകളുമുണ്ട്. രഹസ്യമായി വന്നുപോകുന്നതിനാല്‍ കുഞ്ഞ് മരിച്ചാല്‍ ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകര്‍ അറിയണമെന്നില്ല. ആരോഗ്യവകുപ്പ് ഫീല്‍ഡ് പ്രവര്‍ത്തനം ശക്തമാക്കിയതോടെയാണ് പല കേസുകളും പുറത്തുവരുന്നത്.
സംസ്ഥാനത്ത് വീട്ടിലെ പ്രസവം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മലപ്പുറം ജില്ലയിലാണ് 2015 മുതല്‍ 2024 ജനുവരി വരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത്. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീട്ടു പ്രസവങ്ങള്‍ നടന്നത് 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ്. 266 വീട്ടുപ്രസവങ്ങളാണ് നടന്നത്. 2020-21 വര്‍ഷത്തില്‍ 257 എന്നതാണ് കണക്ക്.
2015 മുതലുള്ള മലപ്പുറത്തെ വീട്ടുപ്രസവത്തിന്റെ കണക്കുകള്‍ ഇങ്ങനെയാണ്, 2015മുതല്‍ 2016 വരെ- 186, 2016 മുതല്‍ 2017വരെ- 203, 2017മുതല്‍ 2018വരെ- 193, 2018 മുതല്‍ 2019 വരെ- 250, 2019 മുതല്‍ 2020 വരെ-199, 2020 മുതല്‍ 2021 വരെ- 257, 2022 മുതല്‍ 23 വരെ- 266, 2024 മുതല്‍ 2025 ജനുവരി വരെ 155 എന്നിങ്ങനെയാണ് കണക്കുകള്‍. അഡ്വ.കുളത്തൂര്‍ ജയ്സിങിന് വിവരാവകാശപ്രകാരം നല്‍കിയ മറുപടിയിലാണ് ആരോഗ്യവകുപ്പ് ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാ വീട്ടുപ്രസവങ്ങളും സുരക്ഷിതമല്ലെന്നും മരണനിരക്ക് വര്‍ധിക്കുമെന്നുമുള്ള അവബോധം നല്‍കുകയാണ് വേണ്ടതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.