ജനീഷ് കുമാര്‍ എംഎല്‍എയുടെ ക്യാപ്‌സ്യൂള്‍ തള്ളി വ്യോമസേന; രാഷ്ട്രപതിയുടെ കോപ്ടര്‍ പിഴവ് എച്ച് - ലാന്‍ഡിംഗിനല്ല; പൈലറ്റിന് പിഴവ് സംഭവിച്ചിട്ടില്ല; ഹെലിപാഡിലെ കോണ്‍ക്രീറ്റ് ഉറയ്ക്കാതിരുന്നതാണ് കോപ്ടര്‍ പുതയാനിടയാക്കിയതെന്നും വ്യോമസേനയുടെ വിശദീകരണം

ജനീഷ് കുമാര്‍ എംഎല്‍എയുടെ ക്യാപ്‌സ്യൂള്‍ തള്ളി വ്യോമസേന

Update: 2025-10-24 03:39 GMT

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായെത്തിയ ഹെലികോപ്ടര്‍ ഇറക്കാന്‍ പ്രമാടത്ത് തയ്യാറാക്കിയ ഹെലിപ്പാഡ് ഉറപ്പുള്ളതായിരുന്നില്ലെന്ന് വ്യോമസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തതിനെ പിഴവ് ആരോപിച്ചു കോന്നി എംഎല്‍എ ജനീഷ് കുമാര്‍ അടക്കം രംഗത്തുവന്നിരുന്നു. ഈ ക്യാപ്‌സ്യൂള്‍ തള്ളിക്കൊണ്ടാണ് വ്യോമസേന രംഗത്തുവന്നിരിക്കുന്നത്.

ഹെലിപ്പാഡിലെ എച്ച്- അടയാളം കോപ്ടര്‍ ലാന്‍ഡ് ചെയ്യാനുള്ള മാര്‍ക്കല്ല. മുകളില്‍ നിന്ന് നോക്കുമ്പോള്‍ ഹെലിപ്പാഡാണെന്ന് പൈലറ്റിന് തിരിച്ചറിയാനാണത്. അതിലല്ല ലാന്‍ഡ് ചെയ്യേണ്ടത്. എച്ച് അടയാളത്തില്‍ നിന്ന് അഞ്ചടി മാറി ലാന്‍ഡ് ചെയ്തതാണ് പ്രശ്‌നമായതെന്ന ആരോപണത്തില്‍ കഴമ്പില്ല. എച്ച്- അടയാളമിട്ടതിന്റെ മദ്ധ്യത്തിലാവണം ലാന്‍ഡിംഗ് എന്ന് നിബന്ധനയില്ല. ഹെലിപാഡിന്റെ ഓരോ ഇഞ്ച് സ്ഥലവും ഒരേ ബലത്തിലായിരിക്കണമെന്നും വ്യോമസേന വിശദീകരിച്ചു.

വിമാനത്താവളങ്ങളില്‍ റണ്‍വേയുടെ വീതി 150 മീറ്ററാണ്. വിമാനം റണ്‍വേയുടെ മദ്ധ്യത്തിലിറക്കാനാണ് പൈലറ്റുമാര്‍ ശ്രമിക്കുക. എന്നാല്‍,? മദ്ധ്യഭാഗത്തിന് പുറത്ത് റണ്‍വേയ്ക്ക് മോശം നിലവാരമായിരിക്കില്ല. ഹെലിപാഡിലെ കോണ്‍ക്രീറ്റ് ഉറയ്ക്കാതിരുന്നതാണ് കോപ്ടര്‍ പുതയാനിടയാക്കിയത്. പരിചയസമ്പന്നനായ പൈലറ്റിന്റെ ലാന്‍ഡിംഗിനെ പഴിക്കുന്നതില്‍ കാര്യമില്ലെന്നും സേനാവൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, ദര്‍ശനത്തിന് അടിയന്തരമായി സൗകര്യങ്ങള്‍ സജ്ജമാക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. കനത്ത മഴ കാരണം നിലയ്ക്കലില്‍ ഹെലികോപ്ടര്‍ ഇറക്കാനാവില്ലെന്ന് വ്യോമസേന അറിയിച്ചത് ചൊവ്വാഴ്ച രാത്രി 9ന്. പിന്നീടാണ് പ്രമാടം സ്റ്റേഡിയത്തില്‍ ഹെലിപ്പാഡിന് ഒരുക്കം തുടങ്ങിയത്. മൂന്ന് ഹെലിപ്പാഡുകളാണ് രാഷ്ട്രപതിക്കിറങ്ങാന്‍ സജ്ജമാക്കിയത്. പ്രമാടത്ത് കോണ്‍ക്രീറ്റ് പൂര്‍ത്തിയായത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു.

12മണിക്കൂറാവാതെ കോണ്‍ക്രീറ്റ് ഉറയ്ക്കില്ല. വേഗത്തില്‍ ഉറയ്ക്കാനുള്ള രാസമിശ്രിതം കലര്‍ത്തിയായിരുന്നു കോണ്‍ക്രീറ്റ് നടത്തിയത്. കനത്ത മഴയില്‍ കോണ്‍ക്രീറ്റ് ഉറച്ചില്ല.നിലയ്ക്കലിലേക്ക് ബുധനാഴ്ച രാവിലെ 9.35നാണ് ഹെലികോപ്ടറില്‍ പോവാനിരുന്നത്. പിന്നീടത് രാവിലെ എട്ടിനും ഏഴരയ്ക്കുമാക്കി. കനത്ത മഴയാണെങ്കില്‍ രാവിലെ ആറിന് റോഡ് മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് ശബരിമലയിലേക്ക് പോവാനും രാഷ്ട്രപതി സന്നദ്ധതയറിയിച്ചു.

നിലയ്ക്കല്‍-പമ്പ 30കിലോമീറ്ററിലൊരുക്കിയ സുരക്ഷാസന്നാഹങ്ങള്‍ പൊടുന്നനെ പ്രമാടത്തു നിന്നുള്ള 70കിലോമീറ്ററിലേക്ക് നീട്ടേണ്ടിവന്നു. 1500 പൊലീസുകാരെ നിയോഗിച്ചു. വാഹനവ്യൂഹത്തിന്റെ റൂട്ട് തയ്യാറാക്കി.8.33നാണ് ഹെലികോപ്റ്റര്‍ പ്രമാടത്ത് ലാന്റ് ചെയ്തത്. പ്രതികൂല കാലാവസ്ഥയിലും പഴുതടച്ച സുരക്ഷാസന്നാഹമൊരുക്കാനായി. പമ്പയില്‍ നിന്ന് ദുര്‍ഘട പാതയിലൂടെ പ്രത്യേക വാഹനത്തില്‍ രാഷ്ട്രപതിയെ സന്നിധാനത്തെത്തിക്കാനും കഴിഞ്ഞെന്ന് പൊലീസ് അവകാശപ്പെട്ടു.

രാഷ്ട്രപതിയുടെ സുരക്ഷയ്ക്ക് കരസേനയുടെ പ്രസിഡന്റ്‌സ് ബോഡിഗാര്‍ഡ്‌സുണ്ടെങ്കിലും യാത്രയിലും പരിപാടികളിലുമെല്ലാം സുരക്ഷയൊരുക്കേണ്ടത് പൊലീസാണ്. രാഷ്ട്രപതി എപ്പോള്‍, എവിടെ പോവണമെന്ന് അന്തിമമായി നിശ്ചയിക്കുന്നത് ബോഡിഗാര്‍ഡ്‌സാണ്. പ്രധാനമന്ത്രിയുടെ സുരക്ഷ പൂര്‍ണമായി എസ്.പി.ജിക്കാണ്. പൊലീസിന് രണ്ടാംനിര സുരക്ഷാവലയമൊരുക്കുന്ന ചുമതലയേ ഉള്ളൂ.

Tags:    

Similar News