കോട്ടയത്ത് നിന്നും കൊച്ചിക്ക് ഒരു മണിക്കൂര്‍ മാത്രം; ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കും പ്രയോജനകരമായ പാത; വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അതിവേഗം എത്താം; കോട്ടയം - എറണാകുളം ഇടനാഴി കേന്ദ്രസര്‍ക്കാറിന്റെ സജീവ പരിഗണനയിലേക്ക്; രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാന്‍ നിര്‍ദേശം നല്‍കി നിതിന്‍ ഗഡ്കരി

കോട്ടയത്ത് നിന്നും കൊച്ചിക്ക് ഒരു മണിക്കൂര്‍ മാത്രം

Update: 2025-08-14 09:08 GMT

കോട്ടയം: കേരളത്തിലെ വ്യവസായ തലസ്ഥാനമായ കൊച്ചിയുമായി അടുത്തു കിടക്കുന്ന നഗരമാണ് കോട്ടയം. റബ്ബര്‍ അടക്കമുള്ള നാണ്യവിളകളുടെ കേന്ദ്രമായ നഗരം. എന്നാല്‍, ഇരു പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ നല്ലൊരു പാതയില്ലെന്നതാണ് വസ്തുത. കോട്ടയത്തു നിന്നും അതിവേഗം കൊച്ചിയില്‍ എത്താന്‍ വിശാലമായൊരു പാത വേണമെന്ന ആവശ്യം കുറച്ചായി നിലനില്‍ക്കുന്നണ്ട്. ഇപ്പോഴിതാ കേരളത്തിന്റെ കാര്യത്തില്‍ വേണ്ട പരിഗണന നല്‍കുന്ന കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കോട്ടയം- എറണാകുളം പാതയ്ക്ക് പച്ചക്കൊടി കാട്ടിയിരിക്കയാണ്.

കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള പുതിയ പാതയുടെ കരട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ കാര്യമായി തന്നെ പരിഗണിക്കുന്നു എന്നാണ് വിവരം. ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച് കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം, വെച്ചൂര്‍, വൈക്കം വഴിയാണ് എറണാകുളത്തേക്ക് പുതിയ പാത എത്തുന്നത്. ഇത് സംബന്ധിച്ച കരട് റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥലം എംപി ഫ്രാന്‍സിസ് ജോര്‍ജാണ് റിപ്പോര്‍ട്ട് മന്ത്രിക്ക് നല്‍കിയത്. റിപ്പോര്‍ട്ട് പരിശോധിച്ച് വിശദമായ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മന്ത്രിയുടെ ശ്രദ്ധയില്‍ പദ്ധതി പെടുത്തിയതോടെ പ്രതീക്ഷയിലാണ് കോട്ടയംവാസികള്‍. പൂര്‍ണമായും പുതിയ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആള്‍പ്പാര്‍പ്പ് കുറഞ്ഞ മേഖലയിലൂടെയാണ് വഴി കടന്നു പോകുന്നത്. പാടശേഖരങ്ങള്‍ വഴിയാണു റോഡിന്റെ ഭൂരിഭാഗം ഭാഗങ്ങളും കടന്നു പോകുന്നത്. കവണാറ്റിന്‍കര- കൈപ്പുഴമുട്ട് ഭാഗത്താണ് നിലവിലെ റോഡിന്റെ ഭാഗങ്ങള്‍ ഭാഗികമായി ഉപയോഗിക്കുന്നത്. സമതല പ്രദേശങ്ങള്‍ വഴി റോഡ് കടന്നു പോകുന്നതു നിര്‍മാണം വേഗത്തിലാക്കും. കൃഷി, നീരൊഴുക്ക് എന്നിവയുള്ള സ്ഥലങ്ങളില്‍ ഉയരപ്പാത നിര്‍മിക്കാന്‍ നിര്‍ദേശം. അധികം സാങ്കേതിക പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോകാന്‍ പദ്ധതി വഴി സാധിക്കും.

കോട്ടയം, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട ജില്ലകള്‍ക്കാണ് പാത പ്രയോജനം ചെയ്യുക. മധ്യ കേരളത്തിലെ ഗതാഗത, വ്യാപാര, വ്യവസായരംഗത്തിനു സഹായകരമാണ് ഈ റോഡ്. ഒരു മണിക്കൂറില്‍ കോട്ടയത്തുനിന്ന് തൃപ്പൂണിത്തുറയില്‍ എത്താമെന്ന സ്ഥിതിയുണ്ട്. നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളം അടക്കമുള്ള സ്ഥലങ്ങളിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാമെന്നതും കുമരകം അടക്കമുള്ള കേന്ദ്രത്തിലേക്കു വിദേശികള്‍ അടക്കമുള്ളവര്‍ക്ക് കൊച്ചിയില്‍നിന്നു വേഗത്തില്‍ എത്താമെന്നതും പാതയുടെ നേട്ടങ്ങളാണ്. ഉള്‍നാടന്‍ ടൂറിസത്തിനും ഏറെ സഹായകരമാകും.

കോട്ടയത്തിനും കൊച്ചിക്കും ഇടയില്‍ പ്രതിദിനം ഓടുന്നത് റോഡിന്റെ ശേഷിയുടെ 9 ഇരട്ടി വാഹനങ്ങളാണ്. ഇതു പരിഗണിച്ചാണു പുതിയ റോഡിനുള്ള നിര്‍ദേശം അംഗീകരിച്ചത്. ഭാവിയില്‍ എന്തായാലും ഈ പാത അനിവാര്യമായി വരും. ദേശീയപാതാ അതോരിറ്റി പരിഗണിക്കുന്ന റോഡ് യാഥാര്‍ഥ്യമാകണമെങ്കില്‍ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലത്തെത്തി പാത സംബന്ധിച്ച പഠനം നടത്തേണ്ട സാഹചര്യമുണ്ട്. ഇപ്പോഴുള്ള നിര്‍ദേശങ്ങള്‍ തന്നെ സംഘം അനുവദിക്കുമോ എന്നതും ശ്രദ്ധേയമാണ്.

നിലവിലുള്ള പാതയിലെ തിരക്ക്, നിര്‍മാണ ചെലവ്, പുതിയ പാതയുടെ പ്രയോജനം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ ചേര്‍ത്തുള്ള പഠനം നടത്തും. പഠനം അനുകൂലമായാല്‍ കണ്‍സല്‍റ്റന്‍സിയെ നിയമിക്കും. ഈ കണ്‍സല്‍റ്റന്‍സി അലൈന്‍മെന്റ് അടക്കം വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും.

ഇതു കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്കായി നല്‍കും. പാതയുടെ സാമ്പത്തിക വശം അടക്കം പഠിച്ച ശേഷം ഗതാഗത മന്ത്രാലയം അനുമതി നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമാണ് റോഡിന്റെ അലൈന്‍മെന്റ് ഏതെന്ന് ഉറപ്പിക്കുന്നത്.

Tags:    

Similar News