പോളണ്ടിന് പിന്നാലെ എസ്തോണിയയുടെ വ്യോമാതിർത്തിയിലും പ്രകോപനം; യുദ്ധവിമാനങ്ങൾ അനുമതിയില്ലാതെ പറന്നത് 12 മിനിറ്റോളം; റഷ്യൻ ധിക്കാരം അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി മാർഗസ് ത്സാഹ്ന; റഷ്യൻ വിമാനങ്ങൾ എസ്തോണിയൻ വ്യോമാതിർത്തി ലംഘിക്കുന്നത് നാലാം തവണ
താലിൻ: നാറ്റോ അംഗരാജ്യമായ എസ്തോണിയയുടെ വ്യോമാതിർത്തിയിൽ റഷ്യൻ യുദ്ധവിമാനങ്ങൾ പ്രകോപനപരമായ രീതിയിൽ കടന്നുകയറിയതായി റിപ്പോർട്ട്. വെള്ളിയാഴ്ച മൂന്ന് റഷ്യൻ മിഗ്-31 ഫൈറ്റർ ജെറ്റുകളാണ് എസ്തോണിയയുടെ വ്യോമാതിർത്തിയിൽ അനുമതിയില്ലാതെ പ്രവേശിച്ചത്. ഏകദേശം 12 മിനിറ്റോളം യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ച് പറന്നതായാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
നാറ്റോയുടെ കിഴക്കൻ അതിർത്തിയിൽ വർധിച്ചു വരുന്ന സംഘർഷങ്ങൾക്കിടെയാണ് ഈ സംഭവം. റഷ്യയുടെ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്തോണിയൻ വിദേശകാര്യ മന്ത്രി മാർഗസ് ത്സാഹ്ന പറഞ്ഞു. 'മൂന്ന് ഫൈറ്റർ ജെറ്റുകൾ നമ്മുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചത്, ധിക്കാരമാണ്. അതിർത്തികൾ നിരീക്ഷിക്കാനും ആക്രമണാസക്തമാകാനുമുള്ള റഷ്യയുടെ വർധിച്ചുവരുന്ന പ്രവണതയ്ക്ക് രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മർദ്ദത്തിലൂടെ പ്രതിരോധം തീർക്കണം,' അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് നാറ്റോയുടെ പട്രോളിംഗ് വിമാനങ്ങളായ ഇറ്റാലിയൻ എഫ്-35 (F-35) വിമാനങ്ങൾ റഷ്യൻ വിമാനങ്ങളെ പ്രതിരോധിക്കാൻ വേണ്ടി വിന്യസിച്ചിരുന്നു. റഷ്യൻ വിമാനങ്ങൾക്ക് എസ്തോണിയൻ എയർ ട്രാഫിക് കൺട്രോളുമായി ആശയവിനിമയ സംവിധാനങ്ങളോ രേഖപ്പെടുത്തിയ യാത്രാ പദ്ധതികളോ ഉണ്ടായിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ഇത് നാലാം തവണയാണ് റഷ്യൻ വിമാനങ്ങൾ എസ്തോണിയൻ വ്യോമാതിർത്തി ലംഘിക്കുന്നത്. ഒരാഴ്ച മുൻപ്, സെപ്തംബർ 9-10 തീയതികളിൽ 20-ൽ അധികം റഷ്യൻ ഡ്രോണുകൾ പോളിഷ് വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു. ഇത് നാറ്റോയുടെ പ്രതിരോധ സംവിധാനങ്ങളെയും സന്നദ്ധതയെയും റഷ്യ പരീക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് പാശ്ചാത്യ പ്രതിനിധികൾ അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തെ അപലപിച്ച റൊമാനിയ, റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.