അശോക് ഗജപതി രാജുവിനെ ഗോവാ ഗവര്‍ണറായി നിയമിച്ചു; ആറു കൊല്ലം രാജ്ഭവനില്‍ നിറഞ്ഞ പിഎസ് ശ്രീധരന്‍ പിള്ള ഇനി കേരളത്തിലേക്ക് മടങ്ങും; സജീവ രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകും. നിയമസഭയിലേക്ക് മത്സരിച്ചേക്കും; ബിജെപിയ്ക്ക് ഇനി പിള്ളയുടെ ചാതുര്യവും
പനാജി: ഗോവയ്ക്ക് പുതിയ ഗവര്‍ണ്ണര്‍. അശോക് ഗജപതി രാജുവാണ് പൂതിയ ഗവര്‍ണര്‍. തെലുങ്കുദേശം നേതാവാണ് അശോക് ഗജപതി രാജു. ഇതോടെ പി.എസ്. ശ്രീധരന്‍ പിള്ള സജീവ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തും. കാലാവധി പൂര്‍ത്തിയായതോടെ ഗോവ ഗവര്‍ണര്‍ പദവി ഇന്ന് ഒഴിഞ്ഞേക്കുമെന്ന സൂചന ശ്രീധരന്‍ പിള്ള നല്‍കിയിരുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്‍നിര പോരാളിയായി പി.എസ്. ശ്രീധരന്‍ പിള്ള കേരളത്തില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.
ഗവര്‍ണറായി ശ്രീധരന്‍പിള്ള ആറ് വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. ഭരണഘടന അനുസരിച്ച് ആറ് വര്‍ഷമാണ് കാലാവധി. മിസോറാം ഗവര്‍ണറായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി ഗോവ ഗവര്‍ണറാണ്. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും എഴുത്തിന്റെ ലോകത്ത് ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു പി.എസ്. ശ്രീധരന്‍ പിള്ള. അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് 252 പുസ്തകങ്ങളാണ് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചത്. ശ്രീധരന്‍ പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജൂബിലിയും ആഘോഷിച്ചു.
കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തനിക്ക് രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്നും എതിരാളികള്‍ മാത്രമാണുള്ളതെന്നും ചടങ്ങില്‍ വെച്ച് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കേരളത്തിലെ എല്ലാ മതസമുദായ സംഘടനകളുമായി അടുപ്പമുള്ള നേതാവാണ് പിഎസ് ശ്രീധരന്‍ പിള്ള. ക്രൈസ്തവ സഭയുമായി നല്ല ബന്ധമുണ്ട്. ഗോവയില്‍ ഗവര്‍ണ്ണറായിരിക്കെ ക്രൈസ്തവ സഭകളെ പ്രധാനമന്ത്രിയുമായി അടുപ്പിക്കാന്‍ ഏറെ ഇടപെടലുകള്‍ നടത്തി.
കേരളത്തിലെ ബിജെപി പുനസംഘടനയ്ക്ക് ശേഷമാണ് പിള്ള കേരളത്തിലെത്തുന്നത്. ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍ പിള്ള പാര്‍ട്ടിയുടെ കോര്‍ കമ്മറ്റിയില്‍ ഇടം നേടുമെന്നുറപ്പാണ്. മോദി സര്‍ക്കാര്‍ പല ഗവര്‍ണര്‍മാര്‍ക്കും കാലാവധി നീട്ടി കൊടുത്തിട്ടുണ്ട്. കേരളത്തിലെ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ആറു കൊല്ലം തികഞ്ഞപ്പോള്‍ ബീഹാറിലേക്ക് മാറ്റി. കേരളത്തില്‍ കാലാവധി കഴിഞ്ഞും പ്രവര്‍ത്തിക്കാനും അനുവദിച്ചു.
എന്നാല്‍ ശ്രീധരന്‍ പിള്ളയ്ക്ക് കേരളത്തിലെ രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടപെടാന്‍ കൂടി വേണ്ടിയാണ് അങ്ങനൊരു അവസരം നല്‍കാത്തതെന്നും സൂചനകളുണ്ട്. വിവിധ സമുദായ സംഘടനകളെ എന്‍ഡിഎയുമായി അടുപ്പിക്കാനുള്ള ദൗത്യം പിള്ളയെ ഏല്‍പ്പിക്കുമെന്നാണ് സൂചന.