ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ആറ് വര്‍ഷം; രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത് 40 ധീര ജവാന്‍മാര്‍; ഇന്ന് പുല്‍വാമ ദിനം

Update: 2025-02-14 02:26 GMT

ന്യൂഡല്‍ഹി: ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ആറു വര്‍ഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണം നടക്കുന്നത്. അന്ന് പിറന്ന മണ്ണിന് വേണ്ടി ജീവന്‍ ബലി നല്‍കിയത് 40 ധീര ജവാന്മാരാണ്. ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപൊര ലാത്‌പൊരയില്‍ സിആര്‍പിഎഫ് സൈനിക വാഹന വ്യൂഹത്തിനിടയിലേക്ക് ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്.

2547 സിആര്‍പിഎഫ് ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. 100 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു. ഉഗ്രസ്‌ഫോടനത്തോടെ എല്ലാം തകര്‍ന്നടിഞ്ഞു. ആക്രമണത്തില്‍ 76 ബറ്റാലിയണിലെ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.

ആക്രമണത്തില്‍നിരവധി ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നില്‍. എന്നാല്‍ നെഞ്ച് പൊട്ടുന്ന വേദനയിലും രാജ്യം തളര്‍ന്നില്ല, ഓരോ ഭാരതീയനും ഇതിന് പകരം ചോദിക്കാന്‍ ഒറ്റക്കെട്ടായി നിന്നു. തുടര്‍ന്നാണ് ഫെബ്രുവരി 26 ന് ഇന്ത്യ ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത്.

അന്ന് പക വീട്ടാനിറങ്ങിയ ഇന്ത്യന്‍ സൈന്യം ജെയ്‌ഷെ ഇ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. ഒട്ടേറെ ഭീകരരെയും സേന അന്ന് വധിച്ചിരുന്നു. ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകള്‍ വര്‍ഷിച്ചത്. സാറ്റ്ലൈറ്റ് ഗൈഡഡ് ബോംബുകളായ സ്‌പൈസ് മിറാഷ് 2000 യുദ്ധവിമാനത്തില്‍ നിന്നാണ് തൊടുത്തത്.

Tags:    

Similar News