ഉടുമ്പന്‍ചോലയിലെ പൂപ്പാറയില്‍ സജിത്ത് നടത്തുന്ന ഖനനം നിയമ വിരുദ്ധം; സിപിഎം ജില്ലാ സെക്രട്ടറിയുടെ മരുമകന്റെ ഖനനം കണ്ടു പിടിച്ചവര്‍ എല്ലാം കസേരയില്‍ നിന്നും പുറത്ത്; അസി ജിയോളജിസ്റ്റുമാരുടെ സ്ഥലം മാറ്റം എല്ലാവര്‍ക്കമുള്ള മുന്നറിയിപ്പ്; 'മരുമക സ്‌നേഹം' തങ്കമണിയെ തകര്‍ക്കുമോ? ഇടുക്കിയില്‍ 'വിപ്ലവം' ജയിക്കുമ്പോള്‍
തൊടുപുഴ: ഇതാണ് പുതിയ നവ കേരളം. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിനും മകനും മരുമകനുമെതിരെ അനധികൃത പാറഖനനത്തില്‍ അന്വേഷണം വന്നതിനു പിന്നാലെ ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാര്‍ക്ക് അടിയന്തര സ്ഥലംമാറ്റം. 10 ജില്ലകളിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരെ സ്ഥലംമാറ്റിയതിന്റെ കൂട്ടത്തില്‍ ഇടുക്കിയിലെ 2 പേരെയും മാറ്റിയിട്ടുണ്ട്. ഇവര്‍ക്കു പകരം ഒരാളെ നിയമിച്ചു. പേരില്ലാത്ത വ്യാജ പരാതിയിന്മേല്‍ നടത്തുന്ന അന്വേഷണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി പ്രതികരിച്ചിരുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ നിയമപരമായും രാഷ്ട്രീയപരമായും ഇടപെടും. മരുമകന്റെ ഭാഗത്തുനിന്നു നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കു നടപടിയെടുക്കാമെന്നും ഇടുക്കി സെക്രട്ടറി സിവി വര്‍ഗീസ് പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയിലെ രാഷ്ട്രീയ ഇടപെടലാണ് സ്ഥലം മാറ്റം
ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ വീടുള്‍പ്പെടുന്ന തങ്കമണി വില്ലേജിലും സമീപത്തെ ഉപ്പുതോട് വില്ലേജിലും സമ്പൂര്‍ണ പാറഖനന നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ജില്ലാ ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബര്‍ 4ന് ആണു ജില്ലാ കലക്ടര്‍ക്ക് ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാലുമാസമായിട്ടും ജില്ലാ ഭരണകൂടം നടപടിയെടുത്തില്ലെങ്കിലും ജില്ലയിലെ അനധികൃത പാറഖനനം സംബന്ധിച്ചു സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്, മകന്‍, മരുമകന്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ഉത്തരവിട്ട സാഹചര്യത്തില്‍ ഉടന്‍ നിരോധനമുണ്ടാകാനാണു സാധ്യത. ഇതിനിടെയാണ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം. അനുമതിയില്ലാതെ തങ്കമണി, ഉപ്പുതോട് വില്ലേജുകളില്‍ പാറഖനനം തുടരുകയാണെന്നും ഇതു ഭൂമിയെ ബാധിക്കുമെന്നും അതിനാല്‍ തടയണമെന്നുമാണു ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിലുള്ളത്.
ഇടുക്കിയിലെ അനധികൃത പാറഖനനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌ക്വാഡിനെ രൂപീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. സബ് കലക്ടര്‍മാര്‍ സ്‌ക്വാഡിനു നേതൃത്വം നല്‍കും. എന്നാല്‍ അന്വേഷണം സിപിഎം നേതാവിലേക്ക് നീങ്ങിയാല്‍ പണി കിട്ടുമോ എന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഈ ഉദ്യോഗസ്ഥരെ എല്ലാം സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരുടെ അടിയന്തര സ്ഥലംമാറ്റം. സി.വി.വര്‍ഗീസിന്റെ മരുമകന്‍ അനധികൃത ഖനനം നടത്തിയതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. റോഡ് നിര്‍മാണത്തിന്റെ മറവിലാണ് വര്‍ഗീസിന്റെ മരുമകന്‍ സജിത്ത് സര്‍ക്കാര്‍ ഭൂമിയിലെ പാറ പൊട്ടിച്ച് കടത്തിയത്. 2108 സ്‌ക്വയര്‍ മീറ്റര്‍ പാറ പൊട്ടിച്ച് കടത്തിയെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ സജിത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
2022 സെപ്റ്റംബറില്‍ത്തന്നെ സജിത്തിനെതിരായി നിരവധി പരാതികള്‍ കളക്ടര്‍ക്ക് കിട്ടിയിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് സജിത്ത് പാറ പൊട്ടിച്ച് കടത്തിയെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. 31 മീറ്റര്‍ നീളത്തിലും ശരാശരി എട്ടര മീറ്റര്‍ വീതിയിലും എട്ടുമീറ്റര്‍ ആഴത്തിലും ഖനനം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഈ അളവും വില്ലേജ് ഓഫീസറുടെ മഹസറിലെ അളവും തമ്മില്‍ വ്യത്യാസമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അളവുവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജിയോളജിസ്റ്റ് താലൂക്ക് സര്‍വേയറെക്കൊണ്ട് സ്ഥലം അളവെടുപ്പിച്ച് എത്രത്തോളം അനധികൃത ഖനനം നടന്നുവെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെയൊരു പരിശോധന നടത്തിയില്ല. പ്രശ്‌നത്തില്‍ തുടര്‍ നടപടികളുണ്ടായിട്ടില്ലെന്ന് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
റവന്യൂ ഭൂമിയിലെ പാറയാണ് പൊട്ടിച്ച് കടത്തിയിരിക്കുന്നത് എന്നതിനാല്‍ ഭൂസംരക്ഷണ നിയമപ്രകാരവും കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് കണ്‍സെഷന്‍ ആക്റ്റ് പ്രകാരവും നടപടിയെടുക്കണമെന്നും ജിയോളജിസ്റ്റ് ആവശ്യപ്പെടുന്നു. ജിയോളജിസ്റ്റിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ് ജില്ലാ കളക്ടര്‍. നിലവില്‍ ഒരു സ്ഥലത്തെ ഖനന വിവരങ്ങള്‍ മാത്രമാണ് രേഖാമൂലം പുറത്തുവന്നിരിക്കുന്നത്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍, ഭൂരേഖ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ സി.വി.വര്‍ഗീസ്, മകന്‍ അമല്‍ വര്‍ഗീസ്, മരുമകന്‍ സജിത്ത് എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഉടുമ്പന്‍ചോല താലൂക്കിലെ പൂപ്പാറ എന്ന സ്ഥലത്ത് സജിത്ത് നടത്തുന്ന ഖനനത്തേക്കുറിച്ച് ഒരു പൊതുപ്രവര്‍ത്തകന്‍ പേരുവെയ്ക്കാതെ എഴുതിയ പരാതി കളക്ടര്‍ക്ക് മുന്‍പ് ലഭിച്ചിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് പേര് വെയ്ക്കാത്തതിന് കാരണമായി ഇയാള്‍ പറയുന്നത്.