കൊമ്പന്‍ മണികണ്ഠന്റെ കുത്തേറ്റ് പുതുപ്പള്ളി സാധു കാടുകയറുമ്പോള്‍ വിജയ് ദേവരകൊണ്ട കാരവാനില്‍; ആനയുടെ ആക്രമണം ലാസ്റ്റ് ഷോട്ടിന്റെ റീടേക്കിനിടെ; 'പുതുപ്പള്ളി സാധു'വിനെ ഉടന്‍ സിനിമ ഷൂട്ടിങ്ങിലേക്ക് അയക്കില്ലെന്ന് ആന പാപ്പാന്‍

ദേവരകൊണ്ട ചിത്രീകരണസ്ഥലത്തേക്ക് വരാനിരുന്നപ്പോഴാണ് ആനകള്‍ ഏറ്റുമുട്ടിയത്

Update: 2024-10-05 12:36 GMT

കൊച്ചി: കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനിടെ കാട് കയറിയ പുതുപ്പള്ളി സാധു എന്ന ആനയെ തിരികെ പുതുപ്പള്ളിയില്‍ എത്തിച്ചു. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ ഇന്ന് രാവിലെ കണ്ടെത്തിയത്. ആനയെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി എന്ന് ആന പാപ്പാന്‍ മണിമല ബിജു പ്രതികരിച്ചു. ആനയെ ഉടന്‍ സിനിമ ഷൂട്ടിങ്ങിലേക്ക് അയക്കില്ലെന്നും വിശ്രമം ആവശ്യമാണെന്നും ആന പാപ്പാന്‍ പറഞ്ഞു.

ഇന്നലെ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. വനപാലകരും പാപ്പാന്‍മാരും ഉള്‍ക്കാടിന് ചുറ്റും ആനയെ തേടുമ്പോള്‍ തുണ്ടത്തില്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപം തന്നെ സാധുവായി നില്‍ക്കുന്നുണ്ടായിരുന്നു 'പുതുപ്പള്ളി സാധു'. വനം വകുപ്പ് സംഘത്തിനൊപ്പമുണ്ടായിരുന്ന പാപ്പാന്‍മാര്‍ സാധുവിനെ അനുനയിപ്പിച്ചു. കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ കടല മുട്ടായിയും കൊടുത്തു. ആനപ്രേമികളുടെ പ്രിയങ്കരനായ സാധുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വനം വകുപ്പ് അറിയിച്ചു.

വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഒപ്പം അഭിനയിക്കാന്‍ എത്തിയ മണികണ്ഠന്‍ എന്ന ആനയുടെ കുത്തേറ്റ് പുതുപ്പള്ളി സാധു ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഉള്‍ക്കാട്ടിലേക്ക് ഓടിക്കയറിയത്. രാത്രി നടത്തിയ തെരച്ചിലില്‍ ആനയെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ വീണ്ടും തെരച്ചില്‍ തുടങ്ങിയത്. കുത്തേറ്റെങ്കിലും സാധുവിന് പരുക്കോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലെന്ന് വനം വകുപ്പ് അറിയിച്ചു. ദേവരകൊണ്ട ചിത്രീകരണസ്ഥലത്തേക്ക് വരാനിരുന്നപ്പോഴാണ് ആനകള്‍ ഏറ്റുമുട്ടിയത്.

കോതമംഗലത്ത് സിനിമാ ചിത്രീകരണത്തിനിടെ കൊമ്പന്മാര്‍ ഏറ്റുമുട്ടിയപ്പോള്‍ ആദ്യത്തെ തവണ കൊമ്പന്‍ മണികണ്ഠന്റെ കുത്തേറ്റിട്ടും നേരത്തെനിന്ന സ്ഥലത്തേക്ക് സാധു തിരിച്ചെത്തിയിരുന്നുവെന്ന് ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ പറഞ്ഞു. രണ്ടാമത്തെ കുത്ത് കുറച്ച് ശക്തിയേറിയതായിരുന്നു. തുടര്‍ന്നാണ് പുതുപ്പള്ളി സാധു കാടുകയറിയത്. ആനയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്താണ് സംഭവമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

സമയത്ത് നായകന്‍ വിജയ് ദേവരകൊണ്ട കാരവാനിലായിരുന്നുവെന്ന് ജോമോന്‍ ടി. ജോണ്‍ പറഞ്ഞു. എന്നാല്‍, താരം ചിത്രീകരണസ്ഥലത്ത് ഉണ്ടായിരുന്നില്ല. വിജയ് ദേവരകൊണ്ടയുടെ ഡ്യൂപ്പിനെ വെച്ചായിരുന്നു ആ സമയത്തെ ഷൂട്ടിങ്. ദേവരകൊണ്ട ചിത്രീകരണസ്ഥലത്തേക്ക് വരാനിരുന്നപ്പോഴാണ് ആനകള്‍ ഏറ്റുമുട്ടിയതെന്നും ജോമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ വശത്തും കാടാണ്, നടുവില്‍ ഒരു റോഡ് മാത്രമേയുള്ളൂ. എല്ലാവരും പേടിച്ചോടി. കൂടെ ജോലി ചെയ്യുന്ന ഒരാള്‍ കാമറയുമായി വീണു. ആര്‍ക്കും പരിക്കുകളൊന്നുമില്ല. കേരളത്തില്‍ ഒരുമാസത്തെ ഷൂട്ടാണ് ചാര്‍ട്ട് ചെയ്തിരുന്നത്. പകുതിയേ പൂര്‍ത്തിയായിട്ടുള്ളൂ. രണ്ടുദിവസം കൂടിയേ ഇവിടെ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. സമാധാനപരമായാണ് ഷൂട്ടിങ് പുരോഗമിച്ചതെന്നും ജോമോന്‍ പറഞ്ഞു.

ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് എത്തിച്ചിരുന്നത്. വൈകീട്ട് അഞ്ചുമണിയോടെ ചങ്ങലകള്‍ അഴിച്ചുമാറ്റി ആനകള്‍ റോഡ് കുറുകെ കടക്കുന്ന സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠന്‍ എന്ന കൊമ്പന്‍, സാധു എന്ന കൊമ്പനെ കുത്തിയത്. കുത്തേറ്റ സാധു കാട്ടിലേക്ക് ഓടുകയായിരുന്നു.

പേര് പോലെ തന്നെ ഒരു സാധുവാണ് പുതുപ്പള്ളി സാധുവെന്നാണ് എല്ലാവരും പറയുന്നത്. തൃശ്ശൂര്‍ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പില്‍ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പന്‍. സിനിമ അഭിനയമാണ് ഇവനെ കൂടുതല്‍ പ്രശസ്തന്‍ ആക്കിയത്. തമിഴ്-തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ആനയെ അഭിനയിപ്പിക്കണം എങ്കില്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു.

ഉത്സവ കേരളത്തിലെ എണ്ണം പറഞ്ഞ തിടമ്പാനകളില്‍ പ്രധാനിയാണ് സാധു. ശാന്ത സ്വഭാവം കൊണ്ട് ശ്രദ്ധേയന്‍. അസംകാരനായ സാധുവിനെ 1998 ജനുവരി മാസത്തില്‍ കോട്ടയം പാപ്പാല പറമ്പില്‍ പോത്തന്‍ വര്‍ഗീസാണ് കേരളത്തിലേക്കെത്തിക്കുന്നത്. അക്കാലത്ത് അസം അരുണാചല്‍ മേഖലകളില്‍ നിന്ന് കേരളത്തിലേക്കെത്തിച്ച ആനകളില്‍ ഏറ്റവും ഉയരുമുണ്ടായിരുന്ന ആനകളില്‍ ഒന്ന് സാധുവായിരുന്നു. അസമിലെ കാര്‍ബി ആംങ്ലോങ് ജില്ലയിലെ രാംബഹാദൂര്‍ പൗഡല്‍ ഛേത്രി എന്ന ആനയുടമയില്‍ നിന്നാണ് വര്‍ഗീസ് ഇവനെ സ്വന്തമാക്കുന്നത്. അസമീസ് ഭാഷയില്‍ സന്യാസി എന്നര്‍ഥം വരുന്ന സാധു എന്നാണ് ഉടമയായിരുന്ന രാംബഹാദൂര്‍ ഇവനെ വിളിച്ചിരുന്നത്. കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അത് പുതുപ്പള്ളി സാധുവായെന്ന് മാത്രം.

പേരുപോലെ തന്നെ പാപ്പാന്‍മാരുടെ അടിമേടിക്കാത്ത സല്‍സ്വഭാവിയായ ആന എന്നാണ് സാധുവിനെ കുറിച്ച് പൊതുവെ പറയാറ്. ഒരു പാപ്പാന്‍ മാറി മറ്റൊരു പാപ്പാന്‍ ചുമതലയേല്‍ക്കുമ്പോള്‍ കെട്ടിയഴിക്കല്‍ എന്ന പീഡനമുറ ആവശ്യമില്ലാത്ത ആന. ഇന്ന് തൃശൂര്‍ പൂരമടക്കം കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പ്രധാന ഉത്സവങ്ങളിലെയെല്ലാം നിറ സാന്നിധ്യമാണ് സാധു. ഒപ്പം മലയാളം, തമിഴ്, തെലുഗു ഭാഷകളിലെ വിവിധ സിനിമകളില്‍ വേഷമിടുകയും ചെയ്തിട്ടുണ്ട് ഈ കോട്ടയംകാരന്‍.

Tags:    

Similar News