വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം; വിമാനത്താവളത്തിൽ സ്വീകരിച്ച് പ്രധാനമന്ത്രി; പ്രതിരോധ, വ്യാപാര മേഖലകളിൽ നിർണായക കരാറുകളിൽ ഒപ്പുവെയ്ക്കും; പ്രതീക്ഷ നൽകി മോദി-പുടിൻ കൂടിക്കാഴ്ച

Update: 2025-12-04 15:45 GMT

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം 6.35-ഓടെ ഡൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പുടിന്റെ വിമാനം ലാൻഡ് ചെയ്തത്. വിദേശ രാഷ്ട്രത്തലവനെ സ്വീകരിക്കാനുള്ള പ്രോട്ടോക്കോൾ പോലും ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് റഷ്യൻ പ്രസിഡന്റിനെ വരവേറ്റത്.

ഇരുപത്തിമൂന്നാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പുടിന്റെ ഈ സന്ദർശനം റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തേതും 2021-ന് ശേഷമുള്ള ആദ്യ ഇന്ത്യൻ യാത്രയുമാണ്. പ്രതിരോധ, വ്യാപാര മേഖലകളിൽ നിർണായകമായ നിരവധി കരാറുകൾ സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിരോധ മേഖലയിൽ സുപ്രധാനമായ പല തീരുമാനങ്ങളും കരാറുകളും പ്രതീക്ഷിക്കുന്ന ഈ സന്ദർശനത്തിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നതിന്റെ സൂചനയായാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള സ്വീകരണം വിലയിരുത്തപ്പെടുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിൽ ഇന്ത്യ-റഷ്യ ബന്ധം എത്രമാത്രം ശക്തമാണെന്ന് എതിരാളികൾക്ക് വ്യക്തമായ സന്ദേശം നൽകുന്നതും കൂടിയായി ഈ നീക്കം മാറി.

വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി മോദി പുടിനായി അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ വെള്ളിയാഴ്ച ആരംഭിക്കും. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയുമായി പുടിൻ കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലെത്തും. അവിടെവെച്ചായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടക്കുക. 

പുടിന്റെ സന്ദര്‍ശന വേളയില്‍ ആയുധ കരാറുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ സുഖോയ് 57, എസ് 400 എന്നിവയുടെ കാര്യത്തില്‍ പുടിന്‍ - മോദി കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടക്കാനാണ് സാധ്യത. എണ്ണ ഇറക്കുമതി അടക്കം വ്യാപാര രംഗത്തെ വിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന. ഉഭയകക്ഷി കരാറുകള്‍ ഒപ്പുവെയ്ക്കുന്നതിനൊപ്പം ഇരുനേതാക്കളുടെയും സംയുക്ത പ്രസ്താവനയുമുണ്ടാകും.

പ്രാദേശിക - ആഗോള വിഷയങ്ങളിലടക്കം ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ - യുക്രൈന്‍ സംഘര്‍ഷത്തിനു ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം അതീവ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം തീരുവ കയറ്റുമതി മേഖലയ്ക്ക് ആഘാതമായ സാഹചര്യത്തില്‍ റഷ്യയുമായി വ്യാപാരബന്ധം വിപുലപ്പെടുത്താനാകും ഇന്ത്യയുടെ ശ്രമം.

യുഎസ് ഭീഷണിയെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ വെട്ടിചുരുക്കിയിരുന്നു. റഷ്യയിലേക്ക് കൂടുതല്‍ യന്ത്രഭാഗങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ താല്‍പ്പര്യപ്പെടുന്നത്. ഇന്ത്യയുമായുള്ള ആണവോര്‍ജ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള ധാരണപത്രത്തിന് റഷ്യന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

Tags:    

Similar News