ഷിജിങ് പിങിനെ കാത്ത് അക്ഷമനായി പുട്ടിന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറല്‍; വൈകിയെത്തിയ ചൈനീസ് പ്രസിഡണ്ട് സോറി പോലും പറഞ്ഞില്ല; പുട്ടിന്റെ കാത്ത് നില്‍പ്പ് ആഘോഷമാക്കി പാശ്ചാത്യ മാധ്യമങ്ങള്‍

ഷിജിങ് പിങിനെ കാത്ത് അക്ഷമനായി പുട്ടിന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ വൈറല്‍

Update: 2024-10-24 06:05 GMT

കസാന്‍: റഷ്യയിലെ കസാനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ലോകശ്രദ്ധ പിടിച്ചു പറ്റുയിരുന്നു. ഏറെകാലത്തിന് ശേഷം ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും കണ്ടുമുട്ടിയ വേദിയായിരുന്നു ഇത്. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ചു മുന്നോട്ടു പോകണമെന്ന നിര്‍ദേശം മുന്നില്‍ വെച്ചത് റഷ്യന്‍ വ്‌ലാദിമിര്‍ പുടിനായിരുന്നു. എന്നാല്‍, പുടിന്റെ ഈ നയതന്ത്രം പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് അത്രയ്ക്ക് പിടിച്ചിട്ടില്ല. ്അതുകൊണ്ട് തന്നെ കസാനിലെ ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ചു കൊണ്ടാണ് അവര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

ചൈനീസ് നേതാവായ ഷീജിന്‍പിങ്ങിനെ കാത്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അക്ഷമനായി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. ഒരുമിച്ച് ഒരു ഫോട്ടോസെഷന് വേണ്ടിയാണ് പുട്ടിനും ഷീ ജിന്‍പിങ്ങും നേരത്തേ തീരുമാനിച്ചിരുന്നത്.

കൃത്യസമയത്ത് തന്നെ പുട്ടിന്‍ ക്യാമറകള്‍ക്ക് മുന്നിലെത്തി എങ്കിലും ചൈനീസ് നേതാവ് എത്തിയിട്ടുണ്ടായിരുന്നില്ല. കാത്ത് നിന്ന് ഒടുവില്‍ പുട്ടിന്‍ ആകെ അസ്വസ്ഥനാകുന്നത് ദൃശ്യങ്ങളില്‍ കാണാം. വൈകി എത്തിയ ഷീജിന്‍പിങ് കാറില്‍ നിന്നിറങ്ങി വളരെ സാവധാനത്തില്‍ സഹപ്രവര്‍ത്തകരും ഒത്ത് സമ്മേളന ഹാളിലേക്ക് നടന്ന് വരികയായിരുന്നു. രണ്ടര വര്‍ഷം മുമ്പ് യുക്രൈനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയെ ഒറ്റപ്പെടുത്താന്‍ പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നതിനിടയിലാണ് പുട്ടിന്‍ ബ്രിക്സ് ഉച്ചകോടിയുടെ ആതിഥേയനാകുന്നത്.


 



ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ചൈനീസ് നേതാവ് ഷീജിന്‍പിങ്ങിനേയും എല്ലാം പങ്കെടുപ്പിക്കാന്‍ കഴിഞ്ഞത് പുട്ടിനെ വലിയ നേട്ടമായിട്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പലതും ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുട്ടിനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിച്ചു എങ്കിലും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രസിനെ ഉച്ചകോടിയില്‍ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതും പുട്ടിന് ഏറെ അനുകൂലമായി മാറിയിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് ചൈനീസ്

നേതാവിന്റെ പെരുമാറ്റം പുട്ടിന് തിരിച്ചടിയായി മാറുന്നത്.

ഷീജിന്‍പിങ് കടന്ന് വരുന്നത് കാണുമ്പോള്‍ പുട്ടിന്റെ മുഖത്ത് ആശ്വാസത്തിന്റെ ചെറിയൊരു ചിരി കാണാന്‍ കഴിയുന്നുണ്ട്. തുടര്‍ന്ന് ഇരുവരും ഹസ്തദാനം നടത്തി ഫോട്ടോസെഷന് തയ്യാറാകുകയായിരുന്നു. വൈകിയതിന്റെ പേരില്‍ ക്ഷമാപണം നടത്താന്‍ പോലും ചൈനീസ് നേതാവ് തയ്യാറായിരുന്നില്ല എന്നത് മറ്റൊരു കാര്യം. എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത് പുട്ടിന് നേരത്തേയും ഇത്തരത്തില്‍ ലോക നേതാക്കളെ

കാത്ത് നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ്.

കഴിഞ്ഞ വര്‍ഷം റഷ്യ-ആഫ്രിക്ക ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോള്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തേ എല്‍സിസിയെ കാത്ത് പുട്ടിന് കുറേ സമയം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. 2022 ല്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനേയും ഇത്തരത്തില്‍ കാത്തിരിക്കേണ്ട ഗതികേട് പുട്ടിന് ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മ്മന്‍ ചാന്‍സലറായിരുന്ന ആഞ്ജലാ മെര്‍ക്കേലിനെ നാല് മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ടി വന്നത് പുട്ടിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ്്.

അതേസമയം ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുമെന്ന സൂചനയും പുറത്തുവന്നു. ഉച്ചകോടി വേദിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. 2019നു ശേഷം ഇരു നേതാക്കളും ആദ്യമായാണ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി കൂടിക്കാഴ്ച നടത്തുന്നത്. 2020ല്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലെ അതിര്‍ത്തി മേഖലയിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെയാണ് ഇന്ത്യ - ചൈന നയതന്ത്രബന്ധം വഷളായത്.


 



''അഞ്ച് വര്‍ഷത്തിനു ശേഷമാണ് നാം ഔദ്യോഗിക യോഗം ചേരുന്നത്. നമ്മുടെ ആളുകള്‍ക്ക് മാത്രമല്ല, ലോകത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യ - ചൈന ബന്ധം സുപ്രധാനമാണ്. കഴിഞ്ഞ നാല് വര്‍ഷമായി അതിര്‍ത്തിയിലുയര്‍ന്ന പ്രശ്‌നത്തില്‍ സമവായത്തില്‍ എത്താന്‍ കഴിഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. അതിര്‍ത്തിയിലെ സമാധാനം കാത്തുസൂക്ഷിക്കുക എന്നതിന് നാം പ്രാധാന്യം നല്‍കണം. പരസ്പര വിശ്വാസം, പരസ്പര ബഹുമാനം, പരസ്പരം മനസിലാക്കല്‍ എന്നിവയാകണം നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനം'' -മോദി പറഞ്ഞു.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സുപ്രധാന തീരുമാനം ഉണ്ടായെന്ന റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. നയതന്ത്ര, സൈനിക തലങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍, ചൈനീസ് സേനകള്‍ 2020 മേയിലുണ്ടായ ഗാല്‍വന്‍ ഏറ്റുമുട്ടലിനു മുമ്പത്തെ പ്രദേശത്തേക്ക് പിന്മാറാന്‍ ധാരണയായി. അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തിയത്. അതിര്‍ത്തിയിലെ പട്രോളിങ്ങും പഴയ രീതിയിലേക്ക് മാറ്റും.

ഗാല്‍വന്‍ സംഘര്‍ഷത്തിനു ശേഷം 2022 നവംബറില്‍ ഇന്തൊനീഷ്യയിലെ ബാലിയില്‍ നടന്ന ജി-20 ഉച്ചകോടി, 2022ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടി വേദിയിലും മോദി - ഷി കൂടിക്കാഴ്ച നടന്നിരുന്നു. എന്നാല്‍ ഇവ വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായിരുന്നു. നാല് വര്‍ഷമായി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നേരിട്ട് വിമാന സര്‍വീസ് ഇല്ല. ചൈനയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അധിക സുരക്ഷാ പരിശോധനക്കു ശേഷമാണ് ഇന്ത്യ വിസ നല്‍കുന്നത്. കൂടിക്കാഴ്ചയോടെ നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമായേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Tags:    

Similar News