'സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? ആരാണ് ഇതിന് പിന്നില്‍?' ഹൈക്കോടതിയുടെ വിമര്‍ശനത്തിനും പുല്ലുവില; കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് പ്രതി കെ.എ. രതീഷിനെ ഉന്നതപദവിയില്‍ തുടരാന്‍ അനുവദിച്ച് പിണറായി സര്‍ക്കാര്‍

Update: 2025-11-24 07:13 GMT

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ 500 കോടി രൂപയുടെ അഴിമതിക്കേസിലെ പ്രതികളെ വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതില്‍ കേരള ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം നേരിട്ടിട്ടും കേസിലെ പ്രതിയായ കെ.എ. രതീഷിന് ഉന്നതപദവികളില്‍ തുടരാന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഖാദി ബോര്‍ഡ് സെക്രട്ടറിയായും റൂട്രോണിക്‌സ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തും രതീഷിനെ തുടരാനാണ് സര്‍ക്കാര്‍ അനുവദിച്ചത്. കോടികളുടെ അഴിമതി നടത്തിയെന്ന് കണ്ടെത്തിയ ഒരാളെ ഉന്നതപദവിയില്‍ തുടരാന്‍ അനുവദിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഇയാള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് വിമര്‍ശനം.

ഖാദി ബോര്‍ഡിന് കീഴിലുള്ള നിരവധി സഹകരണ സംഘങ്ങളുടെയും സൊസൈറ്റികളുടെയും രജിസ്ട്രാറായി ഖാദി ബോര്‍ഡ് സെക്രട്ടറിക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാല്‍, മുതിര്‍ന്ന റാങ്കിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് ചട്ടം. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്ത 60 വയസ്സ് കഴിഞ്ഞ കെ.എ. രതീഷിനെ ഈ ചട്ടം ലംഘിച്ചാണ് നിയമിച്ചിരിക്കുന്നത്. 500 കോടി രൂപയുടെ അഴിമതി നടന്നതായി സി.ബി.ഐ. കണ്ടെത്തിയ സമീപകാലത്തെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസാണിത്. സിബിഐ വിജിലന്‍സ് കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട രതീഷിന് പുതിയ ഉയര്‍ന്ന പദവികള്‍ നല്‍കുന്നത് നേരത്തേ വിവാദങ്ങള്‍ക്കു തിരി കൊളുത്തിയിരുന്നു.

കാഷ്യൂ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (സിഡിസി) മുന്‍ എം.ഡി. കെ.എ. രതീഷിനും മുന്‍ ചെയര്‍മാനും ഐ.എന്‍.ടി.യു.സി. നേതാവുമായ എ. ചന്ദ്രശേഖരനും എതിരെയാണ് കേസില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്. 10 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 2020ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കെ.എ. രതീഷിനും എ. ചന്ദ്രശേഖരനുമെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത് കൊണ്ടാണ് സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരുന്നത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് കോടതി മൂന്നു വട്ടം പറഞ്ഞിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന്, കോടതി അലക്ഷ്യ ഹര്‍ജിയുമായി ഹര്‍ജിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേരളത്തില്‍ മുന്നണികള്‍ തമ്മില്‍ വാശിയേറിയ രാഷ്ട്രീയ പോരാട്ടം നടക്കുമ്പോഴാണ് അഴിമതിക്കാരെ സംരക്ഷിക്കുന്ന അന്തര്‍ധാരയും അവര്‍ക്കിടയിലുണ്ടോ എന്നു ധ്വനിപ്പിക്കുന്ന ചോദ്യം കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായത്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്നാണ് കോടതി ചോദിച്ചത്. 'സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? ആരാണ് ഇതിന് പിന്നില്‍?' എന്നും കോടതി ചോദിച്ചു. അഴിമതിക്കാരെ സംരക്ഷിക്കില്ല എന്നായിരുന്നു സര്‍ക്കാരിനെക്കുറിച്ചുള്ള ധാരണ. രണ്ട് പ്രതികളെയും സര്‍ക്കാര്‍ എന്തിന് സംരക്ഷിക്കുന്നുവെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. അങ്ങേയറ്റം മോശമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ഈ കേസില്‍ ഇതാദ്യമായല്ല കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. പുതിയ തെളിവുകളില്ലെന്ന ന്യായം നേരത്തേ സര്‍ക്കാര്‍ ബോധിപ്പിച്ചപ്പോള്‍ തുടരന്വേഷണം നടത്താതെ എങ്ങനെ പുതിയ തെളിവു കിട്ടുമെന്നായിരുന്നു കോടതിയുടെ ചോദ്യം. സര്‍ക്കാര്‍ ഇക്കാര്യം മനസ്സിരുത്തി വിലയിരുത്തിയിട്ടില്ലെന്നു കൂടി അന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ജെ.മേഴ്‌സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ പ്രോസിക്യൂഷന്‍ അനുമതിക്കു നിര്‍ദേശം നല്‍കുകയും അതനുസരിച്ച് ഫയല്‍ നീങ്ങുകയും ചെയ്ത ശേഷം ഉന്നത ഇടപെടല്‍ ഉണ്ടായതോടെയാണ് കശുവണ്ടി അഴിമതിക്കേസിലെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കരണംമറിച്ചില്‍ തുടങ്ങുന്നത്. തുടര്‍ന്ന് 2 തവണ കൂടി അനുമതി നിഷേധിച്ചു. 2020ല്‍ ആദ്യം അനുമതി നിഷേധിച്ചപ്പോള്‍ സിബിഐയുടെ അപേക്ഷ പുനഃപരിശോധിച്ച് 3 മാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ ചന്ദ്രശേഖരനും രതീഷും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനുള്ള കാരണമില്ലെന്നു പറഞ്ഞു തള്ളി. എന്നിട്ടും 5 വര്‍ഷമായി വിചാരണയെ തടുത്തുനിര്‍ത്തുകയാണ് സര്‍ക്കാര്‍.

സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം അടക്കമുള്ളവരുമായി അമിതമായ സൗഹൃദം പുലര്‍ത്തുന്നുവെന്ന പഴി കോണ്‍ഗ്രസില്‍ കേള്‍ക്കുന്നയാളാണ് ചന്ദ്രശേഖരന്‍. കരീം വഴി മുഖ്യമന്ത്രിയുമായി അദ്ദേഹം സ്ഥാപിച്ച ബന്ധവും സ്വന്തം പാളയത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. ആശ സമരത്തില്‍ ഐഎന്‍ടിയുസി ആദ്യം എടുത്ത നിലപാട് ഇതുമായി ചേര്‍ത്തു വായിക്കപ്പെട്ടു. കോണ്‍ഗ്രസ് നേതൃത്വം തിരുത്താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സിബിഐ കണ്ടെത്തിയ കോണ്‍ഗ്രസുകാരന്റെ അഴിമതി യഥാര്‍ഥ അഴിമതിയല്ലെന്നു സിപിഎമ്മിന്റെ സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുന്നത് ചര്‍ച്ചയായി മാറുന്നത്.

Similar News