ദീപക്കിനെ ഉള്‍പ്പെടുത്തി ഏഴോളം വീഡിയോകള്‍ ഷിംജിത പകര്‍ത്തി; പ്രചരിപ്പിച്ചത് എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍; ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല; ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി പരാതി നല്‍കിയില്ല; മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Update: 2026-01-22 09:58 GMT

കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതില്‍ മനംനൊന്ത് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയതില്‍ പ്രതി ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ബസില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന ഷിംജിതയുടെ ആരോപണത്തെ തള്ളുന്ന വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ബസിലെ സിസിടിവിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിംജിത വീഡിയോ ചിത്രീകരിച്ചതില്‍ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനഹാനി ഉണ്ടായി എന്ന് പറഞ്ഞെങ്കിലും ഷിംജിത പൊലീസില്‍ പരാതി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതി ആണ് ജാമ്യാപേക്ഷ പരിഗണിക്കുക.

ബസില്‍വെച്ച് ദീപക്കിനെ ഉള്‍പ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലില്‍ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതായും കണ്ടെത്തി. ദൃശ്യം പ്രചരിപ്പിച്ചത് വൈറല്‍ ആകാനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസര്‍ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പര്‍ ആയിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകള്‍ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചാല്‍ കുറ്റാരോപിതന്‍ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃശ്യം പ്രചരിപ്പിച്ചത് വൈറല്‍ ആകാനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷിംജിതയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടില്ല. സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദീപക്കും പ്രതിയും ബസില്‍ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതില്‍ വ്യക്തമാണ്. ശേഷം പ്രതിയും ദീപക്കും സ്വാഭാവികമായാണ് ബസില്‍നിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ അപമാനം ഭയന്ന്, മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്. ദീപക് ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ ഷിംജിത ചിത്രീകരിച്ചതായാണ് വിവരം. പ്രതി ഷിംജിതയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ഷിംജിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ബസില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ചോദ്യം ചെയ്യലില്‍ ഷിംജിത ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണ് യുവതി വിഡിയോ ചിത്രീകരിച്ചത്. യാത്രക്കാരെയും കണ്ടെത്തി മൊഴിയെടുക്കാനാണ് നീക്കം.

കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം ഷിംജിത മുസ്തഫ സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്നു. പിന്നാലെ ഞായറാഴ്ച ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഷിംജിതക്കെതിരെ കേസ് എടുത്തിരുന്നു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ഷിംജിതയെ റിമാന്‍ഡ് ചെയ്തിരിക്കയാണ്.

Tags:    

Similar News