എപ്സ്റ്റീന്റെ നിയമവിരുദ്ധ ശൃംഖലയെക്കുറിച്ചുള്ള നിര്‍ണായക വീഡിയോകളും ഓഡിയോകളും നീതി ന്യായവകുപ്പ് ഒളിപ്പിച്ചു; പുറത്തുവിട്ട ഫയലുകളില്‍ പലതും അവ്യക്തമാക്കിയ നിലയില്‍; എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തില്‍ യു.എസ് അറ്റേര്‍ണി ജനറല്‍ പാം ബോണ്ടിക്ക് സമന്‍സ്; ഹാജരാകാന്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശം
എപ്സ്റ്റീന്റെ നിയമവിരുദ്ധ ശൃംഖലയെക്കുറിച്ചുള്ള നിര്‍ണായക വീഡിയോകളും ഓഡിയോകളും നീതി ന്യായവകുപ്പ് ഒളിപ്പിച്ചു
വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അമേരിക്കന്‍ അറ്റേര്‍ണി ജനറല്‍ പാം ബോണ്ടിക്ക് യു.എസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സമന്‍സ് അയച്ചു. എപ്സ്റ്റീന്‍ കേസിലെ സുപ്രധാന തെളിവുകള്‍ നീതി ന്യായ വകുപ്പ് മറച്ചുവെക്കുന്നു എന്ന പരാതിയിലാണ് പാര്‍ലമെന്റിന്റെ നീക്കം. പാം ബോണ്ടിക്ക് നേരെ ഈ ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി നാന്‍സി മേസ് അവതരിപ്പിച്ച പ്രമേയം 19നെതിരെ 24 വോട്ടുകള്‍ക്കാണ് പാസായത്. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ പിന്തുണച്ചു എന്നത് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയമായി തിരിച്ചടിയായിട്ടുണ്ട്. എപ്സ്റ്റീന്റെ നിയമവിരുദ്ധ ശൃംഖലയെക്കുറിച്ചുള്ള വിഡിയോകള്‍, ഓഡിയോകള്‍, മറ്റ് നിര്‍ണ്ണായക രേഖകള്‍ എന്നിവ നീതി ന്യായ വകുപ്പ് ഒളിപ്പിക്കുകയാണെന്ന് നാന്‍സി മേസ് ആരോപിച്ചു. 'അപ്രത്യക്ഷമായ തെളിവുകളെക്കുറിച്ച് അറ്റേര്‍ണി ജനറല്‍ മറുപടി പറയേണ്ടി വരും. അമേരിക്കന്‍ ജനത സുതാര്യത അര്‍ഹിക്കുന്നു, ഇരകള്‍ക്ക് നീതി ലഭിക്കണം' നാന്‍സി മേസ് എക്‌സില്‍ കുറിച്ചു.
നേരത്തെ, എപ്സ്റ്റീന്റെ 'ക്ലയന്റ് ലിസ്റ്റ്' എന്നൊന്ന് നിലവിലില്ലെന്ന നീതി ന്യായ വകുപ്പിന്റെ വാദം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് രേഖകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് ഉത്തരവിട്ടെങ്കിലും, പുറത്തുവിട്ട ഫയലുകളില്‍ പലതും അവ്യക്തമാക്കിയ നിലയിലാണെന്നും ആരോപണമുണ്ട്.
അറ്റേര്‍ണി ജനറലിനെതിരെ ഏറ്റവും ശക്തമായ വിമര്‍ശനം ഉയരുന്നത് സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണെന്നതാണ് ശ്രദ്ധേയം. എപ്സ്റ്റീന്‍ കേസിലെ രേഖകള്‍ പുറത്തുവിടുന്നതില്‍ സുതാര്യതയില്ലെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധി തോമസ് മാസി കുറ്റപ്പെടുത്തി. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ലൈംഗികാരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ നികുതിപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ചില ആരോപണങ്ങള്‍ പുറത്തുവിട്ട രേഖകളില്‍ നിന്ന് നീക്കം ചെയ്തു എന്ന വാര്‍ത്തകള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ നീതി ന്യായ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറ്റേര്‍ണി ജനറലിനെ നേരിട്ട് വിളിച്ചുവരുത്താന്‍ സമിതി തീരുമാനിച്ചത്. അതേസമയം, ഭരണകൂടത്തിന്റെ നേട്ടങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഡെമോക്രാറ്റുകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് പാം ബോണ്ടിയുടെ നിലപാട്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഹിലാരി ക്ലിന്റണ്‍ എന്നിവരെയും എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് സമിതി നേരത്തെ ചോദ്യം ചെയ്തിരുന്നു.
എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്താന്‍ യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഇരകളും നേരത്തെ രംഗത്തുവന്നിരുന്നു. ഏറ്റവും വലിയ കായിക മേളയായ സൂപ്പര്‍ ബൗളിനിടെ പുറത്തുവിട്ട തീക്ഷ്ണമായ ഒരു വീഡിയോ പരസ്യത്തിലൂടെയാണ് അവര്‍ തങ്ങളുടെ ആവശ്യം മുന്നോട്ടുവെച്ചത്.
'വേള്‍ഡ് വിത്തൗട്ട് എക്സ്പ്ലോയിറ്റേഷന്‍' എന്ന സംഘടന പുറത്തുവിട്ട വീഡിയോയില്‍, അതിജീവിതകള്‍ നേരിട്ട് ക്യാമറയെ അഭിമുഖീകരിച്ചാണ് സംസാരിക്കുന്നത്. എപ്സ്റ്റീനാല്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ തങ്ങള്‍ക്കുണ്ടായിരുന്ന പ്രായത്തെ സൂചിപ്പിക്കുന്ന കുട്ടിക്കാലത്തെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് അവര്‍ നീതിക്കായി ശബ്ദമുയര്‍ത്തുന്നത്. 'വര്‍ഷങ്ങളോളം വേര്‍പിരിക്കപ്പെട്ട ശേഷം ഞങ്ങള്‍ ഇന്ന് ഒന്നിച്ചുനില്‍ക്കുന്നു, കാരണം ഈ പെണ്‍കുട്ടിക്ക് സത്യം അറിയാന്‍ അവകാശമുണ്ട്,' എന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ 'എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്ട്' പ്രകാരം കേസിലെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ജനുവരി 30-ന് നീതിന്യായ വകുപ്പ് ഏകദേശം 30 ലക്ഷം പേജുകളുള്ള രേഖകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് ആകെ ശേഖരിച്ച രേഖകളുടെ പകുതി മാത്രമാണെന്നും ബാക്കിയുള്ളവ കൂടി പുറത്തുവിടണമെന്നുമാണ് അതിജീവിതകളുടെ ആവശ്യം.
