മാവോ സേതുങ്ങിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മലമൂത്ര വിശകലനത്തിനായി രഹസ്യ ലാബ് സ്ഥാപിച്ച സ്റ്റാലിന്‍; പൊട്ടാസ്യം കുറവെങ്കില്‍ ഉത്കണ്ഠയുടെയും ഉറക്കമില്ലായ്മയുടെയും ലക്ഷണങ്ങളന്നെ് വിശ്വസിച്ചു; കരാര്‍ ഒപ്പിടാന്‍ പോലും വിസര്‍ജ്യ പരിശോധന; പുട്ടിന്റെ 'പൂപ്പ് സ്യൂട്ട് കേസ്' വാര്‍ത്തയാകുമ്പോള്‍ ചര്‍ച്ചയാകുന്നത് ചാരപ്പണിയുടെ പഴയകഥകള്‍

പുട്ടിന്റെ 'പൂപ്പ് സ്യൂട്ട് കേസ്' വാര്‍ത്തയാകുമ്പോള്‍ ചര്‍ച്ചയാകുന്നത് ചാരപ്പണിയുടെ പഴയകഥകള്‍

Update: 2025-08-18 12:06 GMT

മോസ്‌കോ: ആരോഗ്യ രഹസ്യങ്ങള്‍ മറച്ചുവെക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ അംഗരക്ഷകര്‍ അലാസ്‌കയിലേക്ക് പ്രത്യേക സ്യൂട്ട്‌കേസ് കൊണ്ടുപോയെന്ന റിപ്പോര്‍ട്ട് ചര്‍ച്ചയാകുമ്പോള്‍, ഈ നാണം കെട്ട പരിപാടി എന്തിനാണെന്ന് ചോദിക്കരുത്. മുന്‍ കെജിബി തലവനായ പുട്ടിന് സ്വന്തം സുരക്ഷയില്‍ അത്ര കരുതലുണ്ടെന്ന് അര്‍ഥം. പുട്ടിന്റെ മലമൂത്ര വിസര്‍ജ്ജ്യങ്ങള്‍ ശേഖരിക്കാനാണ് അംഗരക്ഷകര്‍ ഇത്തരത്തിലുള്ള ഒരു പ്രത്യേക സ്യൂട്ട്‌കേസ് ഉപയോഗിച്ചത്. വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ പുട്ടിന്റെ ആരോഗ്യ സ്ഥിതി മനസിലാക്കാനായി അവ വിശകലനം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ഇക്കാര്യം ചെയ്തത് എന്നാണ് കരുതപ്പെടുന്നത്. രാജ്യാന്തര തലത്തില്‍ രാഷ്ട്രത്തലവന്മാരുടെ വിസര്‍ജ്യങ്ങള്‍ ഇതരരാജ്യസന്ദര്‍ശന വേളയില്‍ പരിശോധിക്കുന്നതായി കെട്ടുകഥകളുണ്ട്. ഇതൊരു നാണംകെട്ട പരിപാടി ആയതിനാല്‍ മാനമുള്ളവരാരും ഈ പണിക്ക് പോകാറില്ല. എന്നാല്‍, ചാരപ്രവര്‍ത്തന ലോകത്ത് എന്തുമാന്യത? ഏതുവിധേനയും രഹസ്യങ്ങള്‍ ചോര്‍ത്താനായിരിക്കും കിണഞ്ഞുള്ള പരിശ്രമം. ജോസഫ് സ്റ്റാലിന്‍ മാവോ സേതുങ്ങിനെ നിരീക്ഷിച്ചത്് വിസര്‍ജ്യത്തിലൂടെ ആണെന്ന കഥ വര്‍ഷങ്ങള്‍ക്ക് മുമ്പേ പുറത്തുവന്നിരുന്നു.

2016 ലാണ് സോവിയറ്റ് യൂണിയന്റെ മുന്‍ ഏജന്റ് ഇഗോര്‍ അറ്റാമെനെങ്കോയുടെ വെളിപ്പെടുത്തലുകള്‍ ലോകത്തെ ഞെട്ടിച്ചത്. 1940-കളിലാണ് സ്റ്റാലിന്റെ രഹസ്യ പോലീസ് വിഭാഗം ഇത്തരം രഹസ്യ പരീക്ഷണങ്ങള്‍ക്കായി ഒരു പ്രത്യേക വകുപ്പ് സ്ഥാപിച്ചത്. വിദേശ നേതാക്കളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു ഈ വിചിത്രമായ നിരീക്ഷണത്തിന്റെ ലക്ഷ്യം. അന്നത്തെ കാലത്ത് ഇന്നത്തെപ്പോലെ നൂതനമായ നിരീക്ഷണ സംവിധാനങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ടാണ് ഇത്തരം 'അസാധാരണ' മാര്‍ഗ്ഗങ്ങള്‍ സോവിയറ്റ് ശാസ്ത്രജ്ഞര്‍ സ്വീകരിച്ചിരുന്നതെന്ന് അറ്റാമെനെങ്കോ വിശദീകരിക്കുന്നു.

വിസര്‍ജ്യ നിരീക്ഷണത്തിലൂടെ ചാര പ്രവര്‍ത്തനം-സ്റ്റാലിന്റെ രഹസ്യലാബ്

ഇന്നത്തെ പോലെ ശബ്ദമോ, ദൃശ്യമോ രഹസ്യമായി പകര്‍ത്താന്‍ അക്കാലത്ത് മാര്‍ഗ്ഗങ്ങളൊന്നു ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ആരോഗ്യ വിവരം-വിശേഷിച്ച് അയാള്‍ക്ക് കടുത്ത രോഗബാധ എന്തെങ്കിലും ഉണ്ടോ എന്ന് അറിയാനാണ് സ്റ്റാലിന്‍ രഹസ്യ ലാബ് സ്ഥാപിച്ചത്.

സ്റ്റാലിന്റെ വിശ്വസ്തനായ ലാവ്രെന്റി ബെറിയയ്ക്കാണ് ഈ രഹസ്യ ലബോറട്ടറിയുടെ ചുമതല നല്‍കിയിരുന്നത്. ഒരു വ്യക്തിയുടെ വിസര്‍ജ്യത്തിലെ അമിനോ ആസിഡ് ട്രിപ്‌റ്റോഫന്റെ അളവ് വളരെ കൂടുതലാണെങ്കില്‍ ആ വ്യക്തി ശാന്ത സ്വഭാവമുളള ഇടപെടാന്‍ കൊള്ളാവുന്ന ആളെന്നായിരുന്നു നിഗമനം. പൊട്ടാസ്യത്തിന്റെ കുറവ് ഉത്കണ്ഠയുടെയും ഉറക്കമില്ലായ്മയുടെയും ലക്ഷണമാണെന്നും അവര്‍ വിശ്വസിച്ചിരുന്നു.

മാവോ സേതുങ്ങിനെ നിരീക്ഷിച്ചു

1949 ഡിസംബറില്‍ മോസ്‌കോ സന്ദര്‍ശിച്ച ചൈനീസ് നേതാവ് മാവോ സേതുങ്ങിനെ നിരീക്ഷിക്കാന്‍ ഈ സംവിധാനം ഉപയോഗിച്ചിരുന്നതായി അറ്റാമെനെങ്കോ അവകാശപ്പെടുന്നു. ഇതിനായി മാവോ താമസിച്ചിരുന്ന സ്ഥലത്ത് പ്രത്യേക ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുകയും, അതിലെ വിസര്‍ജ്യങ്ങള്‍ രഹസ്യ പെട്ടികളിലേക്ക് ശേഖരിക്കുകയുമായിരുന്നു ചെയ്തത്. 10 ദിവസത്തോളം മാവോയ്ക്ക് ഭക്ഷണം നല്‍കുകയും അദ്ദേഹത്തിന്റെ വിസര്‍ജ്ജ്യം ശേഖരിച്ച് വിശകലനം ചെയ്യുകയുമായിരുന്നു ചെയ്തത്. മാവോയുമായി കരാര്‍ ഒപ്പിടണോ വേണ്ടയോ എന്ന സ്റ്റാലിന്‍ തീരുമാനിച്ചത് ഈ വിചിത്ര രീതിയിലൂടെ ആയിരുന്നെന്നാണ് അറ്റാമെനെങ്കോയെ ഉദ്ധരിച്ച് ബിബിസി 9 വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്.

ഇത്തരം രീതികളിലൂടെ വ്യക്തികളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള ചിത്രങ്ങള്‍ രൂപപ്പെടുത്താന്‍ സോവിയറ്റ് യൂണിയന്‍ ശ്രമിച്ചിരുന്നു.

സ്റ്റാലിന്റെ ഈ 'സ്റ്റൂള്‍ പ്രോജക്റ്റ്' പിന്നീട് വന്ന ഭരണാധികാരികള്‍ പിന്തുടര്‍ന്നില്ല. സ്റ്റാലിന്റെ പിന്‍ഗാമി നികിത ക്രൂഷ്‌ച്ചേവ് ഈ പദ്ധതി അവസാനിപ്പിക്കുകയും ലാബ് അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് പുട്ടിന്‍ റഷ്യന്‍ പ്രസിഡന്റായതിന് ശേഷം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ സുരക്ഷാ മുന്‍കരുതല്‍ വീണ്ടും നടപ്പാക്കുകയായിരുന്നു. റഷ്യന്‍ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് ആണ് ഈ സംവിധാനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഈ മുന്‍കരുതല്‍, ലോക രാഷ്ട്രീയത്തില്‍ നേതാക്കളുടെ വ്യക്തിപരമായ സുരക്ഷയും വിവരശേഖരണവും എത്രത്തോളം നിര്‍ണായകമാണെന്ന് വ്യക്തമാക്കുന്നു.

പുടിന്റെ പേടി

വിദേശ യാത്രകളില്‍ പുടിന്റെ മാലിന്യങ്ങള്‍ ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിന് ഉത്തരവാദിത്തമുണ്ടെന്നാണ് എക്‌സ്പ്രസ് യുഎസ് വെളിപ്പെടുത്തിയത്. ഉച്ചകോടിയില്‍, പുട്ടിനെ ചുറ്റിപ്പറ്റി കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉണ്ടായിരുന്നു. അംഗരക്ഷകര്‍ എപ്പോഴും അദ്ദേഹത്തോട് ഒപ്പം തന്നെയാണ് നിന്നിരുന്നത്. റഷ്യന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട വളരെ സെന്‍സീവായ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് കര്‍ശനമായ നടപടികളാണ് സുരക്ഷാ വിഭാഗം സ്വീകരിച്ചിരുന്നത്. ദി എക്‌സ്പ്രസ് യുഎസ് റിപ്പോര്‍ട്ട് ചെയ്യുന്നത് റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ വിസര്‍ജ്ജ്യങ്ങള്‍ ശേഖരിച്ച് പ്രത്യേക ബാഗുകളില്‍ സൂക്ഷിക്കുകയും പ്രത്യേക ബ്രീഫ്‌കേസുകളില്‍ കൊണ്ടുപോകുകയും ചെയ്യാറുണ്ടെന്നാണ്.

2017 മെയ് മാസത്തില്‍ പുട്ടിന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴും ഇത്തരം നടപടികള്‍ സ്വീകരിച്ചിരുന്നു. വിദേശ ശക്തികള്‍ പുടിന്റെ മനുഷ്യ വിസര്‍ജ്ജ്യത്തിന്റെ സാമ്പിളുകള്‍ എടുക്കുന്നത് തടയുന്നതിനാണ് ഈ സുരക്ഷാ നടപടി സ്വീകരിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. പുട്ടിന്റെ വിയന്ന സന്ദര്‍ശന വേളയിലും അത്തരം നടപടികള്‍ ഉണ്ടായയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അവിടെ അദ്ദേഹം ഒരു പോര്‍ട്ടബിള്‍ ടോയ്ലറ്റ് ഉപയോഗിച്ചു. 1999 മുതല്‍ തന്നെ റഷ്യന്‍ അധികൃതര്‍ ഇക്കാര്യം നടപ്പിലാക്കിയിരുന്നു. 72 കാരനായ റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ നവംബറില്‍ കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെ പുട്ടിന്‍ കാലുകള്‍ വിറക്കുന്നതായി കണ്ടതിനെത്തുടര്‍ന്ന്, വര്‍ഷങ്ങളായി ആശങ്കകള്‍ ഉയര്‍ന്നത്.

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ സൂചനയായിരിക്കാം ഇതെന്നാണ് പലരും കരുതിയത്. 2023 ല്‍ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്‍ തന്റെ സീറ്റില്‍ അസ്വസ്ഥനാകുന്നത് കണ്ടിരുന്നു

Tags:    

Similar News