അന്‍വറിന്റെ യുദ്ധപ്രഖ്യാപനത്തില്‍ പ്രതീക്ഷ കണ്ട് യുഡിഎഫ്; തല്‍കാലം നിലമ്പൂര്‍ എംഎല്‍എയ്ക്ക് കൈ കൊടുക്കില്ല; ഞായറാഴ്ചത്തെ പൊതു സമ്മേളനത്തില്‍ ആരെല്ലാം എത്തുമെന്നതും ഭാവിയെ സ്വാധീനിക്കും; കോണ്‍ഗ്രസും ലീഗും 'അന്‍വറിനെ' നിരീക്ഷിക്കും
മിണ്ടിപ്പോകരുതെന്ന മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ചാണ് പിവി അന്‍വര്‍ ആഞ്ഞടിച്ചത്
തിരുവനന്തപുരം: പിവി അന്‍വറിന്റെ യുദ്ധ പ്രഖ്യാപനം ആയുധമാക്കാന്‍ യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. ഭരണകക്ഷി എംഎല്‍എയായ പിവി അന്‍വറിന്റെ തുറന്നു പറച്ചില്‍ അതീവ ഗൗരവമേറിയതെന്ന് യുഡിഎഫ് യോഗത്തില്‍ വിലയിരുത്തി. അന്‍വറിനെ കൊള്ളാനും തള്ളാനുമില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ യുഡിഎഫ്. എന്നാല്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു.
പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് യുഡിഎഫ് നിര്‍ണായക തീരുമാനമെടുത്തത്. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം. അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് നീക്കം. വിശദ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നു. രാഷ്ട്രീയ ബോംബാണ് അന്‍വര്‍ പൊട്ടിച്ചത്. ഇത് യുഡിഎഫിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
ഓണ്‍ലൈന്‍ യോ?ഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും അന്‍വറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ ഞായറാഴ്ച്ച നിലമ്പൂരില്‍ പൊതുസമ്മേളനവും വിളിക്കുന്നുണ്ട്. ഈ സമ്മേളനം യുഡിഎഫും നിരീക്ഷിക്കും. പിണറായിയ്‌ക്കൊപ്പം യുഡിഎഫിനേയും അന്‍വര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇതെല്ലാം യുഡിഎഫിനെ ചിന്തിപ്പിക്കും. അന്‍വറിന് കൈകൊടുക്കന്നതിന് ലീഗിലും എതിര്‍പ്പുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും അന്‍വറിനെ അനുകൂലിക്കുന്നില്ല. എന്നാല്‍ ഇതൊന്നും പരസ്യമായി പ്രതിഫലിപ്പിക്കില്ല. ഈ സമയം കരുതലോടെ കാത്തിരിക്കാനുള്ളതാണെന്നാണ് യുഡിഎഫിന്റെ പൊതുവികാരം.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച പിവി അന്‍വര്‍ എംഎല്‍എ മുന്നണി സംവിധാനത്തില്‍ നിന്ന് പുറത്തേക്ക് കടക്കുകയാണ്. മുന്നണി സംവിധാനത്തില്‍ തുടരാന്‍ അന്‍വറിനോ അന്‍വറുമായി യോജിച്ച് പോകാന്‍ എല്‍ഡിഎഫിനോ കഴിയാത്ത സാഹചര്യമാണ് നിലവില്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് അന്‍വറിനെ ഉടന്‍ മാറ്റിനിര്‍ത്തും. ഇനി സിപിഎമ്മുമായി സഹകരിക്കില്ലെന്ന് അന്‍വറും അറിയിച്ചിട്ടുണ്ട്. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാ പരിധിയും വിട്ടതാണെന്ന് സിപിഎം വിലയിരുത്തുന്നുണ്ട്.
മിണ്ടിപ്പോകരുതെന്ന മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ചാണ് പിവി അന്‍വര്‍ ആഞ്ഞടിച്ചത്. അതും പ്രതിപക്ഷം പോലും പറയാന്‍ മടിക്കുന്ന തരത്തില്‍ പിണറായിക്കെതിരെ രണ്ടും കല്‍പ്പിച്ച്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാന്‍ മുഖ്യമന്ത്രി യോഗ്യനല്ലെന്ന് കൂടി തുറന്നടിച്ചതോടെ അന്‍വറും സിപിഎമ്മും തമ്മിലെ ബന്ധം മുറിഞ്ഞു. മുന്നണി അച്ചടക്കത്തിന്റെ പരിധിയെല്ലാം ലംഘിച്ച പിവി അന്‍വറിനെതിരെ സിപിഎം നിലപാട് കൂടുതല്‍ കടുപ്പിക്കും.
ഇടതു സ്വതന്ത്രനെന്ന പരിഗണനയോ പരിവേഷമോ ഇനി പിവി അന്‍വറിനുണ്ടാകില്ല. നിയമസഭാ സമ്മേളനം നാലിന് തുടങ്ങാനിരിക്കെ പാര്‍ലമിന്ററി പാര്‍ട്ടിയിലും അന്‍വറുന്റെ സാന്നിധ്യം ഉണ്ടാകില്ല. സ്വതന്ത്ര എംഎല്‍എ ആയതിനാല്‍ സാങ്കേതിക നടപടികള്‍ക്ക് സിപിഎമ്മിന് പരിമിതിയുണ്ട്. പാര്‍ലമെന്റി യോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്തും. പാര്‍ട്ടി സംവിധാനം അടിമുടി ഇറങ്ങി അന്‍വറിനെ പ്രതിരോധിക്കും.