വീരപ്പനെയും ദാവൂദ് ഇബ്രാഹിമിനെയും അറസ്റ്റു ചെയ്യുന്നതു പോലെ ഭീകരാന്തരീക്ഷം; കമ്യൂണിസ്റ്റ് ഭരിക്കുന്ന കേരളത്തിലും മുസ്ലിം ഭീകരത പറഞ്ഞ് ആളുകളെ ജയിലിലാക്കുന്നു; എന്നെ ജയിലിലാക്കിയത് എന്റെ പേര് പിവി അന്‍വര്‍ എന്നായതുകൊണ്ട്; വര്‍ഗ്ഗീയത ആളികത്തിച്ച് അന്‍വര്‍ ജയിലിലേക്ക്; സിപിഎമ്മിന് തിരിച്ചടിയാകുമോ അന്‍വര്‍ അറസ്റ്റ്?
മലപ്പുറം: തവനൂര്‍ ജയിലിലേക്ക് പോകുമ്പോഴും പിവി അന്‍വര്‍ ഉയര്‍ത്തിയത് പിണറായി വിരുദ്ധ രാഷ്ട്രീയം. മുഖ്യമന്ത്രിയുടെ മുസ്ലിം വിരുദ്ധതയുടെ ഏറ്റവും അവസാനത്തെ തെളിവാണ് തന്റെ അറസ്റ്റെന്നും ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്താണോ അത് നടത്തിക്കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്നും പി.വി.അന്‍വര്‍ പറഞ്ഞു വച്ചു. മുസ്ലീം ലീഗിനെ തന്നിലേക്ക് അടുപ്പിക്കുകയെന്നതാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം. മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ത്തുന്ന അതേ രാഷ്ട്രീയ ലൈനാണ് അന്‍വര്‍ ചര്‍ച്ചയാക്കിയത്. എന്നിട്ടും പ്രസ്താവയിലൂടെ പോലും അന്‍വറിന്റെ അറസ്റ്റിനെതിരെ മുസ്ലീം ലീഗ് പ്രതികരിച്ചില്ലെന്നത് നിര്‍ണ്ണായകമാണ്.
ഫോറസ്റ്റ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്ത കേസില്‍ അറസ്റ്റിലായതിനു പിന്നാലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് പി.വി.അന്‍വറിന്റെ പ്രതികരണം ഉണ്ടായത്. രാവിലെ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. രാത്രിയില്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ ജാമ്യ ഹര്‍ജി നല്‍കിയില്ല. ജയിലിലാകാന്‍ തീരുമാനിച്ചുറപ്പിച്ചായിരുന്നു ഇത്. അഴിക്കുള്ളില്‍ ഒരു ദിവസം കിടന്നതിന്റെ രാഷ്ട്രീയ ആനുകൂല്യം തനിക്ക് കിട്ടുമെന്നാണ് അന്‍വറിന്റെ വിലയിരുത്തല്‍. രണ്ടുമാസം താന്‍ ജയിലില്‍ കിടന്നാലെങ്കിലും വന്യജീവി ആക്രമണത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമോയെന്നും അങ്ങനെയെങ്കിലും മലയോര മേഖലയിലെ മനുഷ്യര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ കിട്ടട്ടെയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അതായത് മലയോര ജനത്തിന്റെ പ്രതീക്ഷയായി മാറുകയാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്.
വീരപ്പനെയും ദാവൂദ് ഇബ്രാഹിമിനെയും അറസ്റ്റു ചെയ്യുന്നതു പോലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് തന്നെ അറസ്റ്റ് ചെയ്തത്. പിണറായി വിജയനെതിരെ സംസാരിക്കുന്നവര്‍ക്കുള്ള ഭീഷണിയാണിത്. ഒരു നോട്ടിസ് നല്‍കിയിരുന്നെങ്കില്‍ താന്‍ നേരിട്ടുപോയി അറസ്റ്റ് വരിച്ചേനെ. എന്നാല്‍ എത്ര വലിയ പൊലീസ് സന്നാഹമാണ് വന്നത്. എന്തിനാണ് പാതിരാത്രിയില്‍ ഇത്രയും വലിയ ഭീകരത എന്തു കൊലക്കുറ്റമാണ് ചെയ്തിട്ടുള്ളത് മുസ്ലിം സമുദായത്തെ ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിച്ചത്. അതിനെയാണ് താന്‍ ചോദ്യം ചെയ്തത്. ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്ലിം സമുദായത്തോട് കഴിഞ്ഞ മൂന്നരക്കൊല്ലമായി മുഖ്യമന്ത്രി എടുക്കുന്ന നിലപാടാണിത്-അന്‍വര്‍ പറഞ്ഞു.
ഉന്നത ഗൂഢാലോചനയുടെ ഫലമാണ് അറസ്റ്റെന്നത് ഉറപ്പാണ്. കമ്യൂണിസ്റ്റ് ഭരിക്കുന്ന കേരളത്തിലും മുസ്ലിം ഭീകരത പറഞ്ഞ് ആളുകളെ ജയിലിലാക്കുന്നു. എന്നെ ജയിലിലാക്കിയത് എന്റെ പേര് പി.വി.അന്‍വര്‍ എന്നായതുകൊണ്ടാണ്. ഇത്രയും മുസ്ലിം വിരുദ്ധത കാണിക്കുന്ന ഒരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും പി.വി.അന്‍വര്‍ ആരോപിച്ചു. ആര്‍ എസ് എസിന് വേണ്ടിയാണ് ഇതെല്ലാം എന്ന് കൂടി പറഞ്ഞു വയ്ക്കുന്നു. അങ്ങനെ ന്യൂനപക്ഷ രാഷ്ട്രീയം പിണറായിയ്ക്ക് എതിരാക്കാനാണ് അന്‍വറിന്റെ ശ്രമം. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ സിപിഎം പ്രതികരിക്കൂ. പോലീസ് പോലീസിന്റെ ജോലി ചെയ്തുവെന്ന് വിശദീകരിക്കും. അതിന് അപ്പുറത്തേക്കുള്ള രാഷ്ട്രീയമൊന്നും തല്‍കാലം സിപിഎം പറയില്ല.
കഴിഞ്ഞദിവസം കരുളായി ഉള്‍വനത്തില്‍ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചത്. സമരക്കാര്‍ ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് നടപടി. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ റിമാന്‍ഡിലായ അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഇന്ന് അന്‍വന്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാനാണ് സാധ്യത. അന്‍വറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ശ്രമിക്കുമോ എന്നതും നിര്‍ണ്ണായകമാണ്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റ് നാലു പേരേയും അന്‍വറിനൊപ്പം ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അന്‍വര്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പി.വി. അന്‍വറാണ് കേസിലെ ഒന്നാം പ്രതി. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നിലമ്പൂര്‍ പോലീസാണ് കേസെടുത്തത്. ഒതായിയിലെ വീട്ടിലെത്തിയാണ് പോലീസ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.