തലാക് ചൊല്ലി ആദ്യ ഭാര്യയെ മൊഴി ചൊല്ലി; രണ്ടാം ഭാര്യയെ വിവാഹം ചെയ്തപ്പോള്‍ അത് തദ്ദേശ സ്ഥാപനത്തില്‍ രേഖയാക്കണം; തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം നിര്‍ബന്ധം; കരുമത്തൂര്‍ ഷെരീഫിനും ആബിദയ്ക്കും തിരിച്ചടിയായി കോടതി വിധി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ വിധിയ്ക്ക് പ്രസക്തി മതാതീതം

Update: 2025-11-05 02:12 GMT

കൊച്ചി: ആദ്യ വിവാഹബന്ധം വേര്‍പെടുത്താത്ത മുസ്ലിം പുരുഷന് രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വിധി ചര്‍ച്ചകള്‍ക്ക വിധേയമാകും. മുത്തലാഖ് നിയമ ചര്‍ച്ചകള്‍ക്ക് പുതുമാനം നല്‍കുന്നതാണ് ഇത്. സാമൂഹിക പ്രസക്തി ഏറെയുള്ള വിധിയാണ് ഹൈക്കോടതിയുടേത്. മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008-ലെ വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ആരായണമെന്ന് ഹൈക്കോടതി വിശദീകരിക്കുകയായിരുന്നു. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റര്‍ചെയ്തുനല്‍കരുത്. വിവാഹ രജിസ്ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

വിവാഹമോചനത്തിനായി ബന്ധപ്പെട്ട അതോറിറ്റി ആദ്യ ഭാര്യയെ കേള്‍ക്കണമെന്നും വ്യക്തമാക്കുന്നുണ്ട് ഹൈക്കോടതി. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള നടപടികളില്‍ മതനിയമങ്ങളല്ല, ഭരണഘടനയാണ് മുകളിലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിരീക്ഷിച്ചു. രണ്ടാംവിവാഹത്തെ ആദ്യ ഭാര്യ എതിര്‍ത്താല്‍, രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്നും വിഷയം സിവില്‍ കോടതിയുടെ തീര്‍പ്പിന് വിടണമെന്നും ഉത്തരവിലുണ്ട്. ഇതൊരു മുസ്ലീം വിവാഹത്തിന് മാത്രം ബാധകമാകുന്ന വിധിയല്ല. ഔദ്യോഗികമായ വിവാഹ മോചനം നേടാത്ത കേസുകളില്‍ രണ്ടാമത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന നിര്‍ണ്ണായക നിരീക്ഷണമാണ് ഹൈക്കോടതിയുടേത്. തലാക് ചൊല്ലിയാല്‍ അത് രേഖകളില്‍ ഉണ്ടാകില്ല. ഈ സാഹചര്യത്തില്‍ ഭാര്യയില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങള്‍ അഭിപ്രായം തേടണമെന്നാണ് ജസ്റ്റീസ് പറയുന്നത്. നിയമം തലനാരിഴ പരിശോധിച്ചാണ് തീരുമാനം.

വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ കരുമത്തൂര്‍ മുഹമ്മദ് ഷരീഫ് (44), രണ്ടാംഭാര്യ കാസര്‍കോട് പൊറവപ്പാട് ആബിദ (38) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് ഉത്തരവ്. ഹര്‍ജിക്കാരായ രണ്ടുപേരുടെയും രണ്ടാംവിവാഹമാണ്. 2017ലാണ് ഇവര്‍ മതാചാരപ്രകാരം വിവാഹിതരായത്. ആ സമയം യുവതിയെ ആദ്യ ഭര്‍ത്താവ് തലാഖ് ചൊല്ലിയിരുന്നു. എന്നാല്‍, ആദ്യ വിവാഹബന്ധം നിലനില്‍ക്കെയായിരുന്നു രണ്ടാംവിവാഹം. ഇത് ചൂണ്ടിക്കാട്ടി തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി വിവാഹ രജിസ്‌ട്രേഷന്‍ നിരസിച്ചു.

ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍, മുസ്ലിം വ്യക്തിനിയമപ്രകാരം പുരുഷന് ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെന്നും വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഖുറാനും വ്യക്തിനിയമവും ബഹുഭാര്യത്വം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാര്‍ക്ക് പഞ്ചായത്തില്‍ വീണ്ടും അപേക്ഷ നല്‍കാം. തുടര്‍ന്ന് ആദ്യ ഭാര്യയ്ക്ക് അധികൃതര്‍ നോട്ടീസ് നല്‍കണം. അവര്‍ എതിര്‍ത്താല്‍ കേസ് കോടതിയിലേക്ക് വിടണമെന്നും കോടതി പറഞ്ഞു. മുസ്ലിം വ്യക്തിനിയമം ചില സാഹചര്യങ്ങളില്‍ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യ ഭാര്യയെ മൂകസാക്ഷിയാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യുംമുന്‍പ് ആദ്യ ഭാര്യക്ക് പറയാനുള്ളത് കേള്‍ക്കണം. ഇക്കാര്യത്തില്‍ മതനിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും. 2008-ലെ വിവാഹ രജിസ്ട്രേഷന്‍ ചട്ടത്തില്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ബന്ധപ്പെട്ട ഓഫീസര്‍ ആരായണമെന്നുണ്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യഭാര്യ അനുഭവിക്കുന്ന മാനസികാവസ്ഥയെ കോടതിക്കു അവഗണിക്കാനാകില്ല. അതിനാല്‍ വിവാഹബന്ധം നിലനില്‍ക്കേ ആദ്യ ഭാര്യയെ മറികടന്ന് രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യാനാകില്ല. ആദ്യവിവാഹം തലാഖിലൂടെ വേര്‍പെടുത്തിയതാണെങ്കില്‍ ഇത് ബാധകമാകില്ല.

രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ആദ്യ ഭാര്യയുടെ അനുമതി വേണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ലെങ്കിലും അറിയിക്കണം എന്നത് എതിര്‍ക്കുന്നില്ല. ലിംഗസമത്വം സ്ത്രീയുടെ പ്രശ്നമല്ല, മാനുഷികപ്രശ്നമാണെന്നും കോടതി പറഞ്ഞു.

Tags:    

Similar News