'നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ, വലിയ കോടതിയാകേണ്ട; കീമില്‍ ഇനി വിശദീകരിക്കേണ്ട ഒരു ബാധ്യതയും ഇല്ല'; സ്വന്തം കഴിവുകേടു കൊണ്ട് കീം വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കയര്‍ക്കുന്നത് മാധ്യമങ്ങള്‍ക്ക് നേരെ; വിമര്‍ശനം കടുക്കുമ്പോള്‍ തടി രക്ഷിക്കാന്‍ മന്ത്രി

'നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ, വലിയ കോടതിയാകേണ്ട

Update: 2025-07-11 07:39 GMT

തിരുവനന്തപുരം: സ്വന്തം കഴിവുകേടു കൊണ്ട് വിദ്യാര്‍ഥികളെ പെരുവഴിയിലാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കയര്‍ക്കുന്നത് മാധ്യമങ്ങള്‍ക്ക് നേരെ. മന്ത്രിസഭ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെടുത്തത്. അതില്‍ തനിക്ക് ഇപ്പോഴും ഒരു സംശയവുമില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേക്കുറിച്ച് വിശദീകരിക്കണ്ട ബാധ്യതയന്നുമില്ല. നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ എന്നും മന്ത്രി ബിന്ദു മാധ്യമങ്ങളെ പരിഹസിച്ചു. വലിയ കോടതിയാകേണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.

അതേസമയം എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് പട്ടികയില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 35 മാര്‍ക്കിന്റെ കുറവുണ്ടായി. അത് അനീതിയായിരുന്നു. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയാലും കേരള സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറവാകുന്ന സ്ഥിതിയുണ്ട്.

അത് മറികടക്കാന്‍ പല ഫോര്‍മുലകളും പരിഗണിച്ചു. വിദഗ്ധ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച എന്‍ട്രന്‍സ് കമ്മീഷണര്‍ അദ്ദേഹത്തിന്റെ വാദങ്ങളും മുന്നോട്ടുവെച്ചു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ശാസ്ത്രീയം എന്നു പറയാവുന്ന ഫോര്‍മുലയെ അവലംബിച്ചത്. സര്‍ക്കാരിന് ഏതു സമയത്ത് വേണമെങ്കിലും നിബന്ധനകളില്‍ മാറ്റം വരുത്താവുന്നതാണ് എന്ന തരത്തില്‍, പ്രോസ്പെക്ടസില്‍ ഒരു പ്രോവിഷന്‍ കൊടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. മന്ത്രി പറഞ്ഞു.

കീം പരീക്ഷയെ ഒരു വിധത്തിലും ബാധിക്കുന്ന കാര്യമല്ല അത്. കീം പരീക്ഷ കഴിഞ്ഞിട്ടാണ് സ്റ്റാന്റഡൈസേഷന്‍ പ്രക്രിയ വരുന്നത്. സ്റ്റാന്റഡൈസേഷനില്‍ തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു കുട്ടിക്കും നഷ്ടം വരരുതെന്ന് കരുതി സദുദ്ദേശപരമായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ചെയ്തത്. എന്നാല്‍ ചില കുട്ടികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഒരു വിധി പ്രസ്താവിച്ചു. ഡിവിഷന്‍ ബെഞ്ച് ആ വിധിയുടെ മേല്‍ അഭിപ്രായം പറയുന്നില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇതേത്തുടര്‍ന്ന് സമയം വൈകിക്കാതെ, 2011 മുതല്‍ പിന്തുടരുന്ന സ്റ്റാന്റഡൈസേഷന്‍ പ്രക്രിയ സ്വീകരിച്ചുകൊണ്ട് എത്രയും പെട്ടെന്ന് ലിസ്റ്റ് പുറത്തുവിടുകയാണ് ചെയ്തത്. ഇനിയും അഡ്മിഷന്‍ പ്രക്രിയ വൈകാന്‍ പാടില്ലെന്നതിനാലാണ് ഇന്നലെത്തന്നെ ലിസ്റ്റ് പുറത്തു വിട്ടത്.

അതേസമയം കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷയിലെ (കീം) ഫോര്‍മുല മാറ്റത്തെ മന്ത്രിസഭയിലും ചിലര്‍ എതിര്‍ത്തിരുന്നു. കഴിഞ്ഞ മാസം 30ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ചില മന്ത്രിമാര്‍ സംശയം ഉയര്‍ത്തിയത്. പുതിയ മാറ്റം ഈ വര്‍ഷം വേണോ എന്നായിരുന്നു മന്ത്രിമാര്‍ ചോദിച്ചത്. പൊതുതാല്‍പര്യത്തിന്റെ പേരില്‍ ഒടുവില്‍ തീരുമാനം നടപ്പാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അടക്കം ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ എല്ലാം നേട്ടമായി മാറുമെന്ന പൊതു വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവിന്റെ വിശദീകരണം എല്ലാവരും അംഗീകരിച്ചു.

അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന വിജയമായി കീമിലെ മാറ്റം അവതരിപ്പിക്കാനായിരുന്നു ഇടത് നീക്കം. ഇതാണ് പൊളിഞ്ഞ് അടുങ്ങുന്നത്. ഇതിനൊപ്പം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും എതിര്‍പ്പിലുമായി. കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സംസ്ഥാന സര്‍ക്കാരിനേറ്റത് വലിയ തിരിച്ചടിയായിരുന്നു. ഹന്ന ഫാത്തിമ ഉള്‍പ്പെടെ സിബിഎസ്ഇ സിലബസുകാരായ 3 വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചും ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചും അനുകൂല തീരുമാനമെടുത്തത്.

യാഥാര്‍ഥ്യം പരിഗണിക്കാതെ, ഒരു വിഭാഗം കുട്ടികളെ തഴഞ്ഞ് ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നായിരുന്നു ആരോപണം. കേരളത്തിലെ കുട്ടികളെ രക്ഷിക്കാനാണ് മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കീം എഴുതുന്ന 99 ശതമാനം പേരും മലയാളികളാണ്. അവര്‍ കേരളാ സിലബസിലും സിബിഎസ് ഇയിലും ഐസിഐസിയിലുമായി പഠിക്കുന്നു. സിബിഎസ് ഇയിലേയും ഐസിഐസിയിലേയും സിലബസ് കൂടുതല്‍ കട്ടിയുള്ളതാണ്. അതുകൊണ്ട് തന്നെ കേരളാ സിലബസുകാര്‍ക്ക് പ്ലസ് 2വിന് മാര്‍ക്ക് കൂടുതല്‍ കിട്ടും. ഈ പ്രതികൂല സാഹചര്യത്തില്‍ സിബിഎസ് ഇയിലും ഐസിഐസിയിലും പഠിക്കുന്ന മലയാളികളായ മിടുക്കര്‍ക്ക് വേണ്ടിയാണ് വെയിറ്റേജ് സംവിധാനം കൊണ്ടു വന്നത്. ഇതാണ് ഒറ്റയടിക്ക് അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഇതാണ് തിരിച്ചടിയായ മാറിയതും.

Tags:    

Similar News