ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം..! ഞാനൊരമ്മയാണ്, മുന്‍ പോലീസ് ഉദ്യോഗസ്ഥയാണ്... ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലതാമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു! ഫേസ്ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍ തിരുത്തി ആര്‍ ശ്രീലേഖ
ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം..! ഞാനൊരമ്മയാണ്
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അവഹേളിച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മലക്കംമറിഞ്ഞ് ആര്‍ ശ്രീലേഖ. ഫേസ്ബുക്കില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീലേഖ നടത്തിയ പ്രതികരണം നേതൃത്വം ഇടപെട്ട് തിരുത്തി. തിരക്കിനിടയില്‍ പെട്ടെന്ന് എഴുതിയിട്ട പോസ്റ്റാണെന്നും ഇപ്പോഴും എപ്പോഴും അതിജീവതയ്ക്കൊപ്പമാണ് താനെന്നുമാണ് വിശദീകരണം.
സ്വര്‍ണക്കൊള്ള മറയ്ക്കാനാണോ പരാതിയെന്നാണ് ആര്‍ ശ്രീലേഖയുടെ ആദ്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ഇത്ര നാള്‍ യുവതി എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നാണ് ശ്രീലേഖയുടെ ചോദ്യം. ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ എന്നുള്ള ചോദ്യവും ശ്രീലേഖ ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് ബിജെപിയെ വെട്ടിലാക്കി, രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ചായിരുന്നു മുന്‍ പോലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റെന്ന വിധതതില്‍ വാര്‍ത്തകളെത്തി. ഇതോടെയാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് തിരുത്തിയത്. നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് ആര്‍ ശ്രീലേഖ.
തുടര്‍ന്ന് തിരുത്തിക്കൊണ്ട് ശ്രീലേഖ ഇട്ട പോസ്റ്റ് ഇങ്ങനെ:
ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവി തക്കൊപ്പം മാത്രം... ഇത്ര നാള്‍ അവള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ല? ഇത്രനാള്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം! ഇപ്പോള്‍ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി എന്ന ആശങ്ക മാത്രം! പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളയില്‍ വമ്പന്മാരായ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? ഞാനൊരമ്മയാണ്, മുന്‍ പോലീസുദ്യോഗസ്ഥയാണ്... ഇരകളെ സംരക്ഷിക്കുക എന്നതില്‍ കാലത്തമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!
നേരത്തെ രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതാണെന്നുമാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. രാഹുലിനെതിരെ പല പരാതികളും വി ഡി സതീശന്റെ മുന്നില്‍ എത്തിയിട്ടുണ്ട്. ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ എന്നീ കുറ്റങ്ങള്‍ക്കാണ് രാഹുലിനെതിരേ കേസെടുത്തിട്ടുള്ളത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് പരാതി നല്‍കിയതിന് പിന്നാലെ റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തു.
പരാതി ലഭിച്ചതോടെ പാലക്കാട്ടെ എംഎല്‍എ ഓഫീസ് പൂട്ടി രാഹുല്‍ മാറിനില്‍ക്കുകയാണ്. ഫോണും സ്വച്ച് ഓഫാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അറസ്റ്റിന് നീക്കം ആരംഭിച്ചതോടെ മുന്‍കൂര്‍ജാമ്യത്തിനുള്ള നീക്കത്തിലാണ് രാഹുല്‍.
