കടിച്ചത് സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ അമ്മാവന്റെ നായ; പരാതിപ്പെട്ടപ്പോള്‍ പഞ്ചായത്തില്‍ കമ്പ്യൂട്ടര്‍ കേട്; ആരോഗ്യവകുപ്പിനും അനക്കമില്ല; പരിശോധനാ ഫലവും നെഗറ്റീവ് നല്‍കി; നാരങ്ങാനത്തെ ഭാഗ്യലക്ഷ്മിയുടെ മരണകാരണം റാബീസെന്ന് തെളിഞ്ഞത് സ്വകാര്യ ആശുപത്രിയുടെ പരിശോധനയില്‍; നിയമപോരാട്ടം തുടരാന്‍ മാതാപിതാക്കള്‍

ഭാഗ്യലക്ഷ്മിയുടെ മരണകാരണം റാബീസെന്ന് തെളിഞ്ഞത് സ്വകാര്യ ആശുപത്രിയുടെ പരിശോധനയില്‍

Update: 2025-05-03 15:39 GMT

പത്തനംതിട്ട: പ്രതിരോധ വാക്സിന്‍ എടുത്തിട്ടും പതിമൂന്നുകാരി പേപ്പട്ടി വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ പരാതികള്‍ ഒതുക്കി തീര്‍ക്കാനും പരിശോധന ഫലം അട്ടിമറിക്കാനും ശ്രമിച്ചുവെന്ന വിവരങ്ങള്‍ പുറത്തു വന്നു. ആന്റി റാബീസ് വാക്‌സിന്‍ എടുത്ത നാരങ്ങാനം നോര്‍ത്ത് കണമുക്ക് തറഭാഗം സ്വദേശിനി ശില്‍പ്പാ രാജന്റെയും ബിനോജിന്റെയും മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭാഗ്യലക്ഷ്മിയാണ് കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് മരിച്ചത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ആദ്യം നെഗറ്റീവായിരുന്നു. എന്നാല്‍, സ്വകാര്യ ആശുപത്രി അധികൃതര്‍ രണ്ടാമത് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

തങ്ങളുടെ മകളുടെ അവസ്ഥ ഇനി മറ്റൊരു കുട്ടികള്‍ക്കും ഉണ്ടാകാതിരിക്കാനാണ് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് പത്തനംതിട്ട നാരങ്ങാനത്ത് പേവിഷബാധയേറ്റ് മരിച്ച ഭാഗ്യലക്ഷ്മിയുടെ പിതാവ് ബിനോജ് പറഞ്ഞു. വാക്‌സിന്‍ എടുക്കാതെ നായകളെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിനോജ് ആവശ്യപ്പെട്ടു. പോലീസ് അധികാരികളില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും ശക്തമായ നടപടികള്‍ ഉണ്ടാകാത്ത പക്ഷം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനോജും ഭാര്യ ശില്‍പ്പയും.

ആന്റി റാബീസ് വാക്‌സിന്‍ എടുത്ത നാരങ്ങാനം നോര്‍ത്ത് കണമുക്ക് തറഭാഗം സ്വദേശിനി ശില്‍പ്പാ രാജന്റെയും ബിനോജിന്റെയും മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭാഗ്യലക്ഷ്മിയാണ് കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 ന് രാവിലെ 7.30 ന് സ്‌കൂളിലേക്ക് പോകാനായി റോഡില്‍ നില്‍ക്കുമ്പോഴാണ് ഭാഗ്യലക്ഷ്മിയെ സമീപവാസിയായ വിദ്യാധരന്‍ - തുളസീഭായി ദമ്പതികളുടെ വളര്‍ത്തുനായയുടെ കടിയേറ്റത്. കുട്ടിയുടെ കൈത്തണ്ടയിലും കാലിലും കടിയേറ്റു. കൈയിലെ മുറിവ് ആഴത്തിലുള്ളതായിരുന്നു. ഉടന്‍ തന്നെ മുറിവുകള്‍ സോപ്പിട്ട് കഴുകി എട്ടു മണിയൊടെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. അന്നേ ദിവസം 11 മണിക്ക് മുന്‍പായി വാക്‌സിന്‍ എടുത്ത് ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിടുകയും ചെയ്തു.

തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ 5 വാക്‌സിനുകളും എടുത്തിരുന്നു. കുട്ടിയെ കടിച്ച നായയും ഇതിന്റെ കടിയേറ്റ മറ്റ് രണ്ട് നായ്ക്കളും ചത്തതോടെ ശില്‍പ്പ നാരങ്ങാനം പഞ്ചായത്തിലും ആരോഗ്യ വകുപ്പിനും പരാതി നല്‍കി. എന്നാല്‍ ഇടത് ഭരണത്തിലുള്ള നാരങ്ങാനം പഞ്ചായത്തിന്റെ പ്രസിഡന്റ് മിനി സോമരാജന്റെ അമ്മാവനായ വിദ്യാധരനെതിരെ നല്‍കിയ പരാതി സ്വീകരിക്കാന്‍ കഴിയാത്തവണ്ണം പഞ്ചായത്തിലെ കംപ്യൂട്ടറിന് കേട് സംഭവിച്ചിരുന്നു. ആരോഗ്യ വകുപ്പിന് നല്‍കിയ പരാതിയും ജലരേഖയായി. വാക്‌സിന്‍ എടുത്തതോടെ തങ്ങളുടെ കുട്ടി സുരക്ഷിതയായതായി കരുതി ശില്‍പ്പയും പിന്നീട് പരാതിയുമായി മുന്നോട്ട് പോയില്ല.

എന്നാല്‍ ഏപ്രില്‍ ഒന്നിന് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് പനി ആണെന്ന് പറഞ്ഞ് ഓ.ആര്‍.എസ് കൊടുത്ത് മടക്കി അയച്ചു. മൂന്നിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടതോടെ വീണ്ടും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വീണ്ടും പനിക്ക് മരുന്ന് നല്‍കി ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ കുട്ടിക്ക് സന്നി പോലെ ഉണ്ടായതോടെ ഭയപ്പാടിലായ മാതാവ് ഭാഗ്യലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവിടെനിന്നും തിരുവല്ലയിലെ ആശുപത്രിയിലെക്ക് മാറ്റുകയും പിന്നീട് അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇവിടേക്കുള്ള യാത്രയ്ക്കിടെ ഭാഗ്യലക്ഷ്മിക്ക് കാര്‍ഡിയാക്ക് അറസ്റ്റ് ഉണ്ടായി.

ഏപ്രില്‍ ഒമ്പതിന് ചികിത്സയിലിരിക്കേ കുട്ടി മരണപ്പെട്ടു. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ആദ്യം ആരോഗ്യ വകുപ്പ് നല്‍കിയത് നെഗറ്റീവ് എന്നാണ്. എന്നാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ അമൃത ആശുപത്രി അധികൃതരുടെ സഹായത്തോടെ വീണ്ടും നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ കുട്ടിയുടെ മരണം പേവിഷബാധ കാരണമാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഭാഗ്യലക്ഷ്മിയുടെ മാതാപിതാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും ഡി.എം.ഓക്കും പരാതി നല്‍കി.

Tags:    

Similar News