അയര്‍ലന്റില്‍ കളിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ബാലനെ കല്ലെറിഞ്ഞ് ആക്രമിച്ച് ഐറിഷ് കൗമാരക്കാരന്‍; തലയ്ക്ക് ഗുരുതര പരിക്കേറ്റ മകനേയും കൊണ്ട് ആശുപത്രിയിലേക്കോടി മാതാപിതാക്കള്‍; വംശീയാക്രമണമെന്ന് കുടുംബം; ഞെട്ടല്‍ മാറാതെ ഒന്‍പതു വയസുകാരന്‍
അയര്‍ലന്റില്‍ കളിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ബാലനെ കല്ലെറിഞ്ഞ് ആക്രമിച്ച് ഐറിഷ് കൗമാരക്കാരന്‍
ഡബ്ലിന്‍: അയര്‍ലന്റില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളുടെ തുടര്‍ച്ചയായി വീണ്ടും ഒരു സംഭവം. കളിച്ചുകൊണ്ടിരുന്ന ഒന്‍പതു വയസുകാരനായ ഇന്ത്യന്‍ ബാലനു നേരെ കല്ലുകള്‍ പെറുക്കി എറിഞ്ഞ് ആക്രമിക്കുകയായിരുന്നു 15 വയസുകാരനായ ഐറിഷ് കൗമാരക്കാരന്‍. ഇന്നലെ ചൊവ്വാഴ്ച കോര്‍ക് കൗണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തുടര്‍ന്ന് തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. വംശീയപരമായ ആക്രമണമാണ് നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ 15കാരനെ അയര്‍ലന്‍ഡ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
തലയില്‍ ആഴത്തിലുള്ള മുറിവാണ് കുട്ടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. രക്തം വാര്‍ന്നൊഴുകുന്ന അവസ്ഥയിലാണ് കുട്ടിയെ മാതാപിതാക്കള്‍ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്. അതേസമയം, അന്വേഷണം നടക്കുകയായണെന്നും അക്രമിയായ 15കാരന്‍ പ്രദേശത്ത് നിരന്തരം പ്രശ്നമുണ്ടാക്കുന്നയാളാണെന്നും അയര്‍ലന്റ് പൊലീസ് വ്യക്തമാക്കി. സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സിലിന്റെ മേധാവി പ്രശാന്ത് ശുക്ല പ്രതികരിച്ചു. മാത്രമല്ല, ഈ സംഭവം ആ കുട്ടിയ്ക്ക് വലിയൊരു മെന്റല്‍ ട്രോമയായിരിക്കും നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പല ഭാഗത്തു നിന്നും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ഈ പ്രശ്നത്തിന്റെ ഗൗരവം ഇരു രാജ്യത്തെ സര്‍ക്കാരുകളെയും അറിയിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രശാന്ത് ശുക്ല വ്യക്തമാക്കി.
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടര്‍ കഥയാകുകയാണ്. ഇന്ത്യക്കാര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കണമെന്നും ഒറ്റപ്പെട്ട് എവിടെയും പോകാന്‍ പാടില്ലെന്നുമടക്കമുള്ള നിര്‍ദേശം ഡബ്ലിനിലെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് അപലപിക്കുകയും 'നികൃഷ്ടമായ സംഭവങ്ങള്‍' എന്നുമാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ഐറിഷ് ജീവിതത്തിന് ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് അദ്ദേഹം 'അഗാധമായ നന്ദി'യും പ്രകടിപ്പിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രം, നഴ്സിംഗ്, കെയറര്‍ മേഖല, സംസ്‌കാരം, ബിസിനസ്, സംരംഭം തുടങ്ങിയ ഇടങ്ങളിലെല്ലാമുള്ള ഇന്ത്യക്കാരുടെ സേവനവും പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. അവരുടെ കഠിനാധ്വാനവും സംസ്‌കാരവും സാന്നിധ്യവുമൊക്കെയാണ് നമ്മുടെ ജീവിതത്തിന്റെ സമ്പന്നതയുടെ ഉറവിടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണ സംഭവങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലെടുത്ത് അയര്‍ലന്‍ഡ് ഇന്ത്യ കൗണ്‍സില്‍ ഡബ്ലിനിലെ ഫാംലീയില്‍ നടത്താനിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളെല്ലാം മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 22 വയസുകാരനായ ഇന്ത്യന്‍ യുവാവിനെ വംശീയമായും ശാരീരികമായും ഒരു കൂട്ടം ഐറിഷ് കൗമാരക്കാര്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് തനിക്കുണ്ടായ ദുരനുഭവം യുവാവ് റെഡ്ഡിറ്റില്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. കൗമാരക്കാര്‍ തന്നെ ആക്രമിക്കുന്നത് കണ്ടിട്ടും ചുറ്റുമുണ്ടായിരുന്നവരാരും തനിക്ക് വേണ്ടി പ്രതികരിച്ചില്ലായെന്നും യുവാവ് പറഞ്ഞിരുന്നു.
ദിവസങ്ങള്‍ക്കു മുമ്പ് വീടിനു പുറത്തു കളിക്കുകയായിരുന്ന മലയാളി പെണ്‍കുട്ടിയോട് ഒരു പറ്റം ആണ്‍കുട്ടികള്‍ വൃത്തികെട്ട ഇന്ത്യക്കാരി നീ മടങ്ങി പോകൂ എന്ന ആക്രോശത്തോടെ ആക്രമിച്ചിരുന്നു. കുട്ടിയുടെ അമ്മയായ അനുപ അച്യുതന്റേത് അടുത്തിടെ ഐറിഷ് പൗരത്വം ലഭിച്ച കുടുംബമാണ്. വാട്ടര്‍ഫോഡിലാണ് ഈ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അയര്‍ലണ്ടില്‍ കഴിയുന്ന ലഖ് വീര്‍ സിങ് തന്റെ കാറില്‍ ആക്രമിക്കപ്പെട്ടത് തിരിച്ചു തന്റെ നാട്ടിലേക്ക് മടങ്ങൂ എന്ന ആക്രോശം കേട്ടുകൊണ്ടാണ്. തന്റെ ടാക്‌സി കാറില്‍ കയറിയ രണ്ടു ചെറുപ്പക്കാര്‍ ഒരു പ്രകോപനവും ഇല്ലാതെയാണ് ലഖ് വീറിനെ ആക്രമിച്ചത്. ജൂലൈ 19 ഒരിന്ത്യകാരന്‍ ആക്രമിക്കപ്പെട്ട നടുക്കം മാറും മുമ്പേയാണ് ഡോ. സന്തോഷ് യാദവ് എന്ന വ്യക്തിയും ആക്രമിക്കപെട്ടത്.