2 ബിഎച്ച്‌കെ ഫ്‌ലാറ്റ് പോരേയെന്ന് പരാതിക്കാരി; 3 ബിഎച്ച്‌കെ ഫ്‌ലാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് പന്ത്രണ്ടാം നിലയിലെ ഫ്‌ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസല്‍ പങ്ക് വച്ചു ചര്‍ച്ച; ഒരു കോടി വിലയുള്ള ഫ്‌ലാറ്റ് വാങ്ങാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചത് എംഎല്‍എ ആയതിന് ശേഷം, ഒരുമിച്ച് താമസിക്കാമെന്ന വാഗ്ദാനത്തില്‍; ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്
2 ബിഎച്ച്‌കെ ഫ്‌ലാറ്റ് പോരേയെന്ന് പരാതിക്കാരി; 3 ബിഎച്ച്‌കെ ഫ്‌ലാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായ വിഷയത്തില്‍ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. പാലക്കാട് ഫ്‌ലാറ്റ് വാങ്ങുന്നതിനായി ബന്ധപ്പെട്ട ചാറ്റാണ് പുറത്തുവന്നിട്ടുള്ളത്. 3 ബിഎച്ച്‌കെ ഫ്‌ലാറ്റ് വാങ്ങണമെന്ന് രാഹുല്‍ പറയുമ്പോള്‍ 2 ബിഎച്ച്‌കെ പോരേയെന്ന് രാഹുല്‍ ചോദിക്കുന്നത് ചാറ്റില്‍ കാണാം. പന്ത്രണ്ടാം നിലയിലെ ഫ്‌ലാറ്റ് വാങ്ങാനുള്ള പ്രൊപ്പോസല്‍ പങ്ക് വച്ചാണ് സംസാരം. ഫ്‌ലാറ്റ് വാങ്ങാന്‍ 1.14 കോടി ചെലവഴിക്കണം എന്ന് രാഹുല്‍ പറഞ്ഞെന്ന് പരാതിക്കാരി മൊഴി നല്‍കി.
പാലക്കാട് എംഎല്‍എ ആയ ശേഷമാണ് രാഹുല്‍ അതിജീവിതയെ ഫ്‌ലാറ്റ് വാങ്ങാന്‍ നിര്‍ബന്ധിപ്പിച്ചത്. 3 ബിഎച്ച്കെ ഫ്‌ലാറ്റ് വേണമെന്നും, അതില്‍ ഒരുമിച്ച് താമസിക്കാമെന്നുമാണ് രാഹുല്‍ ചാറ്റില്‍ പറയുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ നടത്തിയ ഇടപെടല്‍ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
അതേ സമയം, രാഹുല്‍ കേസില്‍ പരാമര്‍ശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ ജീവനക്കാരടക്കമുള്ളവരുടെ മൊഴിയെടുത്തു. രജിസ്റ്ററുകളും പൊലീസ് പരിശോധിച്ചു. ഇന്ന് വൈകീട്ടോടെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ ജയിലിലടച്ചിരുന്നു.
മാവേലിക്കര സബ് ജയിലില്‍ 26/2026 നമ്പര്‍ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകള്‍ തന്റെ പക്കലുമുണ്ടെന്നാണ് രാഹുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുല്‍ വെല്ലുവിളി നടത്തി.
ഇന്നലെ അര്‍ധ രാത്രി പാലക്കാട് ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. എ ആര്‍ ക്യാമ്പില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. രാഹുല്‍ നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയായിരുന്നു റിമാന്‍ഡ്. നാളെ വീണ്ടും ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം.
കേസില്‍ രാഹുല്‍ സ്വാധീനമുപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തും. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ രാഹുലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമീപകാല സംഭവങ്ങളുമായി താരതമ്യം ചെയ്താല്‍ അതിന് സമാനമായി ഇത്തവണയും രാഹുല്‍ ഒളിവില്‍ പോകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. ഇതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
376, 506(1) വകുപ്പുകള്‍ ചുമത്തി ഇതിനു പുറമെ ബിഎന്‍എസ് വകുപ്പുകളും രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ വച്ചുണ്ടായ ലൈംഗിക അതിക്രമത്തിനിടെ രാഹുല്‍ പരാതിക്കാരിയുടെ മുഖത്ത് രാഹുല്‍ അടിച്ചു. സംഭവം നടക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നു.
അതേസമയം മൂന്നാം ബലാത്സംഗക്കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് രാഹുല്‍ ജാമ്യാപേക്ഷ നല്‍കിയത്. തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ കേസ് എന്നും നടന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് എന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വാദിക്കുന്നത്. ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതി തന്നെയാണ് എന്നും പ്രത്യാഘാതങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് മുറി ബുക്ക് ചെയ്തത് എന്നും രാഹുല്‍ പറയുന്നു. തനിക്കെതിരെ പരാതി നല്‍കാന്‍ അകാരണമായ കാലതാമസം വന്നുവെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.
പരാതിക്കാരി വിവാഹിതയാണെന്നും രാഹുല്‍ എടുത്തുപറയുന്നു. യുവതി വിവാഹിതയാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞതോടെ ബന്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അതിജീവിത പരാതി നല്‍കാന്‍ വൈകിയെന്നും രാഹുല്‍ പറയുന്നു. ജാമ്യാപേക്ഷ തിരുവല്ല കോടതി നാളെ പരിഗണിച്ചേക്കും.
