മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ 6.40 കോടി വോട്ടര്‍മാര്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടു ചെയ്തു; ശരാശരി 58 ലക്ഷം വോട്ടുകള്‍ ഓരോ മണിക്കൂറിലും രേഖപ്പെടുത്തി; അവസാന രണ്ട് മണിക്കൂറില്‍ 65 ലക്ഷം വോട്ടുകള്‍ എന്നത് സാധാരണ ശരാശരിയേക്കാള്‍ കുറവ്; രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍; തെറ്റായ പ്രചരണം നിയമത്തോടുള്ള അനാദരവെന്നും കമ്മീഷന്‍
തിരുവനന്തപുരം: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നതുമാണെന്നും തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവും, രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച പ്രതിനിധികളെ അപമാനിക്കലും, തെരഞ്ഞെടുപ്പ് ജീവനക്കാരെ നിരുത്സാഹപ്പെടുത്തുന്നതുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളുകയാണ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടിയുടേയോ നേതാവിന്റേയോ പേര് പരമാര്‍ശിക്കാതെയാണ് വാര്‍ത്താ കുറിപ്പിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വസ്തുതകളുടെ പിന്‍ബലത്തോടെ നിഷേധിച്ചു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ 6.40 കോടി വോട്ടര്‍മാര്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ട് രേഖപ്പെടുത്തി. ശരാശരി 58 ലക്ഷം വോട്ടുകള്‍ ഓരോ മണിക്കൂറിലും രേഖപ്പെടുത്തിയപ്പോള്‍, അവസാന രണ്ട് മണിക്കൂറില്‍ 65 ലക്ഷം വോട്ടുകള്‍ എന്നത് സാധാരണ ശരാശരിയേക്കാള്‍ കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എല്ലാ ബൂത്തുകളിലും സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ ഔദ്യോഗികമായി നിയോഗിച്ച പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് പോളിംഗ് നടന്നത്. സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ, തെരഞ്ഞെടുപ്പിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍ (RO) അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് മുമ്പാകെ പരിശോധനയില്‍ അസാധാരണ വോട്ടിംഗിനെക്കുറിച്ച് തെളിവുകളുടെ പിന്‍ബലമുള്ള യാതൊരു ആരോപണങ്ങളും ഉന്നയിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടിക Representation of People Act, 1950, Registration of Electors Rules, 1960നും അനുസരിച്ചാണ് തയ്യാറാക്കിയത്. 2024 ഡിസംബര്‍ 24-ന് ആരോപണങ്ങള്‍ക്ക് വിശദമായ മറുപടി ECI വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നിരുന്നാലും ഈ വസ്തുതകള്‍ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തു വന്നിരുന്നു. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് കമീഷന് വീഴ്ച പറ്റിയെന്നും നിലവിലെ സംവിധാനത്തില്‍ സാരമായ തകരാറുണ്ടെന്നും രാഹുല്‍ ആരോപിച്ചു. ബോസ്റ്റണില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമീഷനെതിരെ ആഞ്ഞടിച്ചത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രായപൂര്‍ത്തിയായവരേക്കാള്‍ കൂടുതല്‍ പേര്‍ വോട്ട് ചെയ്തു. അതിന്റെ കണക്കും രാഹുല്‍ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍ വൈകുന്നേരം 5.30ന് വോട്ടിങ് കണക്ക് നല്‍കി. പിന്നീട് 7.30ന് നല്‍കിയ കണക്കില്‍ രണ്ട് മണിക്കൂറിനിടെ 65 ലക്ഷം പേര്‍ വോട്ട് ചെയ്തതായി പറയുന്നു. ഇത് അസാധ്യമാണ്. ഒരാള്‍ വോട്ട് ചെയ്യാന്‍ മൂന്ന് മിനിറ്റെടുക്കും. അങ്ങനെയെങ്കില്‍ ഇത്രയും പേര്‍ വോട്ട് ചെയ്യാന്‍ പുലര്‍ച്ച രണ്ടുവരെ വരി നില്‍ക്കണം. പക്ഷേ, ഇവിടെ അത് സംഭവിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കമീഷനോട് വോട്ടെടുപ്പിന്റെ വിഡിയോ ആവശ്യപ്പെട്ടു. അവര്‍ തരാന്‍ തയാറായില്ലെന്ന് മാത്രമല്ല, വിഡിയോ ആവശ്യപ്പെടാന്‍ അനുവാദമില്ലാത്ത വിധം നിയമവും മാറ്റി. തെരഞ്ഞെടുപ്പ് കമീഷന് വീഴ്ച സംഭവിച്ചുവെന്ന് ഉറപ്പാണ്. കൂടാതെ സംവിധാനങ്ങളില്‍ കുഴപ്പമുണ്ടെന്ന് വ്യക്തമാണ്. ഇത് താന്‍ പല തവണ പറഞ്ഞതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ പുതിയ വിശദീകരണം. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുഎസില്‍ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തു വന്നിരുന്നു. രാഹുലിനെ വഞ്ചകനെന്ന് വിളിച്ച ബിജെപി, വിദേശത്ത് പോകുമ്പോഴെല്ലാം ഇന്ത്യയെയും ജനാധിപത്യ സംവിധാനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകളായി അധികാരം വാണ രാജകുടുംബത്തിലെ ഒരു കിരീടാവകാശി എന്നാണ് രാഹുലിനെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വിശേഷിപ്പിച്ചത്. ആഗോളതലത്തില്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിലുള്ള അസ്വസ്ഥത കൊണ്ടുള്ളതാണ് രാഹുലിന്റെ പരാമര്‍ശങ്ങളെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ തോല്‍വികളുടെ നിരാശ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് വ്യക്തമായി കാണാമെന്നും പ്രധാന്‍ പറഞ്ഞു.
രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ യുഎസിലേക്ക് പോയപ്പോള്‍, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഇന്ത്യയിലായിരുന്നുവെന്നത് വിരോധാഭാസമാണെന്ന് ബിജെപി നേതാവ് സാംബിത് പത്ര പറഞ്ഞു. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്ന സമയത്തും രാഹുലും അവരുടെ എല്ലാ നേതാക്കളും ഇതേ കാര്യം ചെയ്തുവെന്നത് ഓര്‍ക്കണം. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്കായി വിട്ടുവീഴ്ച ചെയ്തുവെന്നാണ് രാഹുല്‍ പറഞ്ഞത്. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ നിങ്ങള്‍ ഇസിഐയുമായി ഒരു ഒത്തുതീര്‍പ്പില്‍ ഏര്‍പ്പെട്ടോ? അതേ കാലയളവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക (ഗാന്ധി) വാദ്രയും വിജയിച്ചു. റോബര്‍ട്ട് വാദ്രയുടെ മധ്യസ്ഥതയില്‍ അവരും തിരഞ്ഞെടുപ്പു കമ്മീഷനുമായി ഒരു ഒത്തുതീര്‍പ്പില്‍ ഏര്‍പ്പെട്ടതുകൊണ്ടാണോ വിജയിച്ചത്, അതോ അവരുടെ കഠിനാധ്വാനം കൊണ്ടാണോ?' പത്ര ചോദിച്ചു.