2023 ല്‍ വന്ന പരാതിയല്ലേ? കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ അത് രാഷ്ട്രീയമായത്? പ്രോസിക്യൂഷനോട് ചോദ്യവുമായി കോടതി; പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പോലീസിന് ഫോര്‍വേഡ് ചെയ്തതെന്ന് പ്രോസിക്യൂഷന്റെ മറുപടിയും; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ നിര്‍ണായകം പരാതിക്കാരിയുടെ മൊഴിയെടുക്കല്‍

2023 ല്‍ വന്ന പരാതിയല്ലേ? കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ അത് രാഷ്ട്രീയമായത്?

Update: 2025-12-06 12:28 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പരാതിക്കാരി മൊഴി നല്‍കാന്‍ തയ്യാറാകുമോ? കെപിസിസി പ്രസിഡന്റിനും മാധ്യമങ്ങള്‍ക്കും നല്‍കിയ പരാതിയെ അടിസ്ഥാനമാക്കിയാണ് രാഹുലിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരെയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, മാധ്യമങ്ങളില്‍ പരാതി വാര്‍ത്തയായതിന് പിന്നാലെ ഫെന്നി ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി. കൂടാതെ, തെറ്റായ ആരോപണങ്ങളില്‍ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും വ്യക്തമാക്കി.

പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പരാതിക്കാരി ഇപ്പോഴും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. പോലീസ് യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഈ നടപടികള്‍ പൂര്‍ത്തിയാക്കി പ്രോസിക്യൂഷന്‍ കോടതിയില്‍ എത്തുമോ എന്നതാണ് അറിയേണ്ടത്. നിലവില്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കയാണ്.

ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല. ഹര്‍ജിയില്‍ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്‌ഐആര്‍ ആണെന്നും രാഹുല്‍ വാദിച്ചു. കെപിസിസി പ്രസിഡന്റിന് ലഭിച്ചത് ഇ മെയില്‍ സന്ദേശം മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണ്ടിട്ടുള്ള ഒരു കേസാണിതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാദിച്ചു. ഇത് 2023 ലെ പരാതി ആണെന്നും കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ രാഷ്ട്രീയമായതെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ വാദം പൂര്‍ത്തിയാവുന്നത് വരെ തന്റെ അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചില്ല. ഇത് രാഷ്ട്രീയപ്രേരിത കേസാണോ എന്ന് കോടതി ചോദിച്ചു. കെപിസിസി പ്രസിഡന്റിന് പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പൊലീസിന് ഫോര്‍വേഡ് ചെയ്തതെന്നും അറസ്റ്റ് തടയാന്‍ ഈ കോടതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 2023ലെ പരാതി അല്ലേയെന്ന് ചോദിച്ച കോടതി ആ സാഹചര്യത്തില്‍ അറസ്റ്റ് തടയുന്നതിന് കോടതിക്ക് അധികാരമുണ്ടെന്നും എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് ഇപ്പോള്‍ അറസ്റ്റ് തടയുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

23കാരിയായ പെണ്‍കുട്ടിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതി നല്‍കിയത്. കെപിസിസിക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. പരാതി കെപിസിസി പൊലീസിന് കൈമാറുകയായിരുന്നു. ഈ കേസിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ കോടതിയിലെത്തിയത്. നേരത്തെ, നിയമപരമായി മുന്നോട്ട് പോവാന്‍ പെണ്‍കുട്ടിക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ആദ്യത്തെ പരാതി പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി നിയമപരമായി നേരിടാന്‍ തയ്യാറായത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടല്‍ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പറയുന്നു, ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു. ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ തന്നോടും ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം മുഖേനായാണ് രാഹുല്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നടക്കം പറയുന്നു.

തുടര്‍ന്ന് രാഹുലിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയെന്നും അവിടെ വച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറയുന്നു. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചു. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ സമ്മതിച്ചതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

വിവാഹം കഴിക്കുമെന്ന് ഉറപ്പായ ശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ കാണാനായി രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും കൂടി കാണാനായി പോയി. അവിടെ നിന്നും പെണ്‍കുട്ടിയെ ഒരു കാറില്‍ കൊണ്ടു പോയി ഒരു ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

Tags:    

Similar News