കാനഡയില്‍ നിന്ന് ഇമെയില്‍ 'ബോംബ്'; വീഡിയോ കോളില്‍ മൊഴി; ഗര്‍ഭഛിദ്രവും പീഡനവും പണം തട്ടലും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കുരുക്കിയത് തിരുവല്ലക്കാരിയുടെ പരാതി; അര്‍ദ്ധരാത്രിയില്‍ ഹോട്ടല്‍ വളഞ്ഞ് പോലീസിന്റെ ഓപ്പറേഷന്‍ 'ഇടിമിന്നല്‍'; ഒന്നില്‍ പിഴച്ചാല്‍ മൂന്ന്!

Update: 2026-01-11 01:10 GMT

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി മൂന്നാമതൊരു ബലാത്സംഗ കേസ് കൂടി എത്തിയത് പോലീസ് രഹസ്യമായി സൂക്ഷിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശിനിയും നിലവില്‍ കാനഡയില്‍ താമസക്കാരിയുമായ യുവതിയുടെ പരാതിയിലാണ് പോലീസ് മിന്നല്‍ നീക്കം നടത്തിയത്. ഇമെയില്‍ വഴി പരാതി നല്‍കിയ യുവതിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഓപ്പറേഷനിലേക്ക് കടന്നത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിങ്ങനെ കേട്ടാല്‍ ഞെട്ടുന്ന വകുപ്പുകളാണ് എംഎല്‍എയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ഇന്നലെ അര്‍ദ്ധരാത്രി 12.30-ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടല്‍ വളഞ്ഞ പോലീസ് അതീവ രഹസ്യമായാണ് നീക്കങ്ങള്‍ നടത്തിയത്. ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയില്‍ രാഹുല്‍ വിശ്രമിക്കുമ്പോള്‍ യൂണിഫോമിലെത്തിയ സംഘം റിസപ്ഷനിലെ ഫോണുകള്‍ വരെ പിടിച്ചുവെച്ചാണ് എംഎല്‍എയെ 'പൊക്കിയത്'. ആലത്തൂരിലേക്ക് കൊണ്ടുപോകുന്നു എന്ന് പിഎയെയും അഭിഭാഷകനെയും വിശ്വസിപ്പിച്ച് വഴിതിരിച്ചുവിട്ട പോലീസ്, തന്ത്രപരമായി രാഹുലിനെ എത്തിച്ചത് പത്തനംതിട്ട എ.ആര്‍ ക്യാമ്പിലാണ്. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ നിലവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരിലുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടയുകയും രണ്ടാമത്തെ കേസില്‍ വിചാരണ കോടതി ജാമ്യം നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതീവ തന്ത്രപരമായി പോലീസ് മൂന്നാം കേസില്‍ പിടിമുറുക്കിയത്. ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള പുതിയ ആരോപണങ്ങള്‍ വന്നതോടെ എംഎല്‍എയുടെ രാഷ്ട്രീയ ഭാവിയും നിയമപോരാട്ടവും ഇരുട്ടിലാകുകയാണ്. കാനഡയില്‍ നിന്നുള്ള യുവതിയുടെ പരാതി രാഹുലിനെ എല്ലാ അര്‍ത്ഥത്തിലും കുടുക്കി. അവര്‍ ഉടന്‍ നാട്ടിലെത്തുമെന്നും സൂചനയുണ്ട്.

പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ തങ്ങുകയായിരുന്ന എംഎല്‍എയെ ഇന്ന് പുലര്‍ച്ചയോടെ പോലീസ് സംഘം നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം, സാമ്പത്തിക ചൂഷണം എന്നിങ്ങനെ ഞെട്ടിക്കുന്ന വകുപ്പുകളാണ് രാഹുലിനെതിരെ പുതിയ കേസില്‍ ചുമത്തിയിരിക്കുന്നത്. നിലവില്‍ മൂന്ന് ബലാത്സംഗ കേസുകളാണ് എംഎല്‍എയുടെ പേരിലുള്ളത്. മുന്‍ കേസുകളില്‍ കോടതി സംരക്ഷണം നിലനില്‍ക്കെയാണ് പുതിയ കേസില്‍ പോലീസ് കുടുക്ക് മുറുക്കിയിരിക്കുന്നത്. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവിയും നിയമപോരാട്ടവും അതീവ സങ്കീര്‍ണ്ണമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ബലാത്സംഗം ചെയ്‌തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ളത്. ആദ്യ കേസില്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് പരമാവധി ശ്രമിച്ചു. പക്ഷേ നടന്നില്ല. അടുത്ത പരാതിയും വെറുതെയായി. അപ്പോഴാണ് മൂന്നാം പരാതി കിട്ടുന്നത്. കരുതലോടെ പോലീസ് കരുക്കള്‍ നീക്കി. അങ്ങനെയാണ് അറസ്റ്റ് സാധ്യമായത്.

Similar News