ഗര്‍ഭഛിദ്ര ഭീഷണിയില്‍ അമിത മരുന്ന് കഴിച്ച് ആദ്യ ആത്മഹത്യാ ശ്രമം; ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു; അതിജീവിത രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ടു; രാഹുല്‍ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആള്‍; ഒളിവില്‍ പോയത് ഒട്ടേറെ തെളിവുകള്‍ നശിപ്പിച്ചും; മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം കിട്ടുമോ?

Update: 2025-12-02 02:10 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ അതിജീവിത രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്. യുവതി നല്‍കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിക്ക് നിര്‍ണായക വിവരം ലഭിച്ചത്. ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു.

അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാഹുലിന്റെ നിര്‍ദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നല്‍കിയ ഗുളിക കഴിച്ചെന്നാണ് യുവതിയുടെ മൊഴി. ഇതിന് ഡോക്ടറുടെ സ്ഥിരീകരണം വന്നതോടെ മാങ്കൂട്ടം കുടുങ്ങുമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇപ്പോഴും ഒളിവിലാണ്. പ്രത്യേക സംഘം വ്യാപകമായി പരിശോധന നടത്തുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടുനിന്ന് രക്ഷപ്പെട്ട കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. സ്വന്തം കാര്‍ ഉപേക്ഷിച്ച് ചുവന്ന നിറത്തിലുള്ള കാറിലാണ് യാത്രചെയ്തതെന്നാണ് സൂചന. ഒരു ചലച്ചിത്രതാരത്തിന്റെ ഉടമസ്ഥതയിലുള്ള കാറാണിതെന്ന് വിവരമുണ്ട്. സുഹൃത്തും കേസിലെ രണ്ടാംപ്രതിയുമായ ജോബി ജോസഫും ഒപ്പമുണ്ടെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

ജാമ്യഹര്‍ജിക്കൊപ്പം ഉള്‍പ്പെടുത്താന്‍ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. പരാതിക്കാരിയുമായുള്ള വാട്സാപ്പ് ചാറ്റിന്റെ രേഖകളും ഓഡിയോ, വീഡിയോ ക്ലിപ്പുകളാണ് ഹാജരാക്കിയത്. ബുധനാഴ്ച ജാമ്യഹര്‍ജി പരിഗണിക്കും. പാലക്കാട് ഫ്‌ലാറ്റില്‍നിന്ന് പോകുംമുന്‍പ് അവിടെ അവസാനം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡിവിആറില്‍നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെയര്‍ടേക്കറില്‍നിന്നുള്‍പ്പടെ പ്രത്യേക സംഘം മൊഴി ശേഖരിച്ചിരുന്നു. ഈ മൊഴിയും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കും. അതായത് തെളിവ് നശീകരണത്തിന് മാങ്കൂട്ടം ശ്രമിച്ചതിന് തെളിവായി ഇതു മാറും. കൂടാതെ, രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയിലുള്ളത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട് പോലീസ്. ആശുപത്രി രേഖകളും ഫോണ്‍ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. നാളെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി പരിഗണിക്കുന്നത്. യുവതി വിവാഹിതയാണെന്ന് അറിഞ്ഞുകൊണ്ടാണ് രാഹുല്‍ അടുപ്പം തുടങ്ങിയതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും. യുവതിയുടെ സമ്മതമില്ലാതെ ദേഹോപദ്രവം ഏല്‍പ്പിച്ചുകൊണ്ട് പലതവണ ബലാത്സംഗം ചെയ്തു. യുവതിയെ ഉപദ്രവിച്ചതിന് ഫോട്ടോകളടക്കം തെളിവുണ്ട്. ഗര്‍ഭിണിയാകാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഹുല്‍ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആളെന്നും ഒളിവില്‍ പോയത് ഒട്ടേറെ തെളിവുകള്‍ നശിപ്പിച്ചിട്ടാണെന്നും കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജാമ്യഹര്‍ജി പരിഗണിക്കുംവരെ കാത്തിരിക്കാതെ അദ്ദേഹത്തെ പിടികൂടാനാണ് ശ്രമമെന്ന് പോലീസ് പറയുന്നു. തെളിവുശേഖരണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അറസ്റ്റുള്‍പ്പടെയുള്ള നടപടികള്‍ ബുധനാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂവെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്. പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കര്‍ണാടകയിലെ വിവിധ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലും അന്വേഷണസംഘം സജീവമാണ്.

ജാമ്യം ലഭിക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി പെന്‍ഡ്രൈവിലാക്കി വിപുലമായ തെളിവുകള്‍ രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുവതി പൊലീസിന് നല്‍കിയ തെളിവുകളും വിവരങ്ങളും പൂര്‍ണമായും വസ്തുതയല്ലെന്ന് തെളിയിക്കുന്നതിനാണ് രാഹുലിന്റെ ശ്രമം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി, പിന്നീട് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ല, ഇതിനുള്ള മരുന്ന് തന്റെ സുഹൃത്ത് യുവതിക്ക് കൈമാറിയിട്ടില്ല, തുടങ്ങിയ വാദങ്ങളാണ് രാഹുലിന്റേത്. ഇത് തെളിയിക്കുന്നതിനാവശ്യമായ സൈബര്‍ തെളിവുകളും വാട്‌സ്ആപ്പ് ചാറ്റുകളും ഓഡിയോ റെക്കോര്‍ഡിങുമാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയത്.

Tags:    

Similar News