'തെരഞ്ഞെടുപ്പില്‍ ഇനി സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും ജനങ്ങള്‍ എന്നെ വിജയിപ്പിക്കും; എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല'; മാങ്കൂട്ടത്തില്‍ തീര്‍ത്തും കോണ്‍ഫിഡന്‍സില്‍; പോലീസിനോട് പാലക്കാട്ടെ എംഎല്‍എ നടത്തിയത് കോണ്‍ഗ്രസിനെതിരെയുളള പോര്‍വിളിയോ?

Update: 2026-01-12 02:04 GMT

കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലിലേക്ക് പോകുമ്പോഴും അന്വേഷണ സംഘത്തെയും രാഷ്ട്രീയ എതിരാളികളെയും വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മൂന്നാമത്തെ പീഡനക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പോലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷമായ പ്രതികരണവുമായി രാഹുല്‍ രംഗത്തെത്തിയത്. തന്നെ ജയിലിലടച്ച് തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും, വരുംദിവസങ്ങളില്‍ കൂടുതല്‍ കരുത്തോടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പാലക്കാട് കോണ്‍ഗ്രസില്‍ പല ആലോചനയുണ്ട്. മാങ്കൂട്ടത്തിലിന് അവര്‍ സീറ്റു കൊടുക്കില്ല.

പരാതിക്കാരിയുമായുള്ള ബന്ധത്തിന്റെ എല്ലാ വശങ്ങളും തനിക്ക് വ്യക്തമായി അറിയാമെന്നും കേസ് തനിക്ക് അനുകൂലമാക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും രാഹുല്‍ അവകാശപ്പെട്ടു. 'തെരഞ്ഞെടുപ്പില്‍ ഇനി സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും ജനങ്ങള്‍ എന്നെ വിജയിപ്പിക്കും. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല,' മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ കുടുക്കാന്‍ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതായത് പാലക്കാട് മത്സരിക്കുമെന്ന് മാങ്കൂട്ടത്തില്‍ പറയുന്നു. ഇത് കോണ്‍ഗ്രസിനുള്ള വെല്ലുവിളിയാണെന്നും വാദമുണ്ട്.

തിരുവല്ല സ്വദേശിനിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ ബലാത്സംഗക്കേസില്‍ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്ന് കനത്ത പോലീസ് കാവലില്‍ അദ്ദേഹത്തെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

അര്‍ധരാത്രി പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് അതിരഹസ്യമായി നടത്തിയ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം രാഹുലിനെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും അടക്കമുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് പുതിയ പരാതിയിലുള്ളത്. വരുംദിവസങ്ങളില്‍ രാഹുലിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടെയാണ് രാഹുലിന്റെ വെല്ലുവിളി.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്നാം ബലാത്സംഗക്കേസില്‍ കുടുക്കാന്‍ പോലീസ് നടത്തിയത് പഴുതുകളില്ലാത്ത അതിരഹസ്യ നീക്കമായിരുന്നു. പാലക്കാട്ടെ കെപിഎം റീജന്‍സി ഹോട്ടലില്‍ അര്‍ധരാത്രി ഒരു മണിയോടെ നടന്ന 'മിഡ്നൈറ്റ് ഓപ്പറേഷനിലൂടെയാണ്' പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ആദ്യ രണ്ട് കേസുകളില്‍ കോടതിയില്‍ നിന്ന് നിയമപരിരക്ഷ ലഭിച്ചിരുന്ന രാഹുലിനെ, മൂന്നാം പരാതിയില്‍ യാതൊരു പഴുതും നല്‍കാതെ പിടികൂടുകയായിരുന്നു പോലീസ് ലക്ഷ്യം.

ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിനായി എത്തിയത്. ജില്ലയിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരോട് പോലും ഈ നീക്കം വെളിപ്പെടുത്തിയിരുന്നില്ല. ഹോട്ടലില്‍ എത്തിയയുടന്‍ റിസപ്ഷനിലെ ജീവനക്കാരുടെ ഫോണുകള്‍ പോലീസ് വാങ്ങി വെച്ചു. വിവരങ്ങള്‍ ചോരാതിരിക്കാനും രാഹുലിന് ആരെയെങ്കിലും ബന്ധപ്പെടാന്‍ സമയം നല്‍കാതിരിക്കാനുമായിരുന്നു ഈ നടപടി.

ഹോട്ടലിലെ 2002-ാം നമ്പര്‍ മുറിയിലെത്തിയ അന്വേഷണസംഘത്തോട് ആദ്യം രാഹുല്‍ സഹകരിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, 'നിങ്ങളൊരു എംഎല്‍എ ആണ്, ബലപ്രയോഗത്തിനും കയ്യാങ്കളിക്കും നില്‍ക്കാതെ സഹകരിക്കണം' എന്ന് ഡിവൈഎസ്പി കര്‍ശനമായി പറഞ്ഞതോടെ രാഹുല്‍ വഴങ്ങി. നേരത്തെ രണ്ട് ലൈംഗിക പീഡന പരാതികളില്‍ ഒന്നില്‍ അറസ്റ്റ് ഹൈക്കോടതി തടയുകയും മറ്റൊന്നില്‍ വിചാരണ കോടതി ജാമ്യം നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൂന്നാമതൊരു പരാതിയില്‍ അതീവ ജാഗ്രതയോടെ പോലീസ് നീങ്ങിയത്.

Similar News