ബലാല്‍സംഗ കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതര പരാമര്‍ശങ്ങള്‍; വസ്തുതകള്‍ പരിശോധിക്കാതെയുള്ള ഉത്തരവെന്ന് വാദം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമപോരാട്ടത്തില്‍ മുഖ്യവാദങ്ങളായി ഉയര്‍ത്താനും സാധ്യത; ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വസ്തുതകള്‍ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹര്‍ജിയിലെ സര്‍ക്കാര്‍ വാദം. അതേ സമയം രാഹുല്‍ മാങ്കൂട്ടത്തില്‍ 15ാം ദിവസവും ഒളിവില്‍ തുടരുകയാണ്. പാലക്കാട് വോട്ടുചെയ്യാന്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് 3.30 വരെ എത്തിയിട്ടില്ല.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നും അത് കേസിനെ തന്നെ ബാധിക്കുമെന്നും സര്‍ക്കാര്‍ വാദം. പരാതിയില്‍ വളരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നു. എംഎല്‍എ ആയ വ്യക്തി സമൂഹത്തിലടക്കം വളരെ സ്വാധീനമുള്ളയാളാണ്. കേസിനെ അട്ടിമറിക്കാന്‍ സാധ്യതയുള്ളയാളാണ്. അതുകൊണ്ട് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ സമാനമായ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമര്‍ശങ്ങള്‍ കേസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയില്‍ പറയാത്ത കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയില്‍ വന്നത്. ഈ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തുടര്‍ന്നുള്ള നിയമനടപടികളില്‍ ഇത് പ്രധാന വാദങ്ങളായി ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
രണ്ടാമത്തെ എഫ്.ഐ.ആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രത്യേകിച്ചും, ഇതൊരു മുന്‍കൂര്‍ ജാമ്യ ഹര്‍ജിയായിരുന്നിട്ടും, കേസില്‍ ഇത്തരത്തില്‍ ഒരു ആഴത്തിലുള്ള പരിശോധന കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് തിരിച്ചടിയായി.
