സേവാഭാരതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയതോടെ കണ്ണിലെ കരടായി; പത്രത്തില്‍ വാര്‍ത്ത വന്നതോടെ പകയായി; ആലപ്പുഴയില്‍ റെയില്‍വെ സീനിയര്‍ എഞ്ചിനിയറെ സ്ഥലംമാറ്റിയത് സിപിഎം അനുകൂല ഉന്നത ഉദ്യോഗസ്ഥരുടെ പകപോക്കലെന്ന് ആരോപണം

സേവാഭാരതിക്ക് സംഭാവന നല്‍കിയതിന് റെയില്‍വ എഞ്ചിനിയര്‍ക്ക് സ്ഥലംമാറ്റം

Update: 2024-11-02 10:25 GMT

ആലപ്പുഴ: നാടിനെ നടുക്കിയ വയനാട് ദുരന്തത്തിന് ഇരകളായവര്‍ക്ക് സഹായമെത്തിക്കാന്‍ നാനാതുറകളില്‍ നിന്നും പരിശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടാതെ, രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ഏജന്‍സികളുടെയും ദുരിതാശ്വാസ നിധികളിലേക്ക് ധനസഹായ പ്രവാഹം തുടരുകയാണ്. എന്നാല്‍, സേവാഭാരതിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കിയതിന്റെ പേരില്‍, സിപിഎം അനുകൂല ഉന്നത ഉദ്യോഗസ്ഥര്‍ റെയില്‍വെ സീനിയര്‍ എഞ്ചിനീയറെ സ്ഥലംമാറ്റിയതായി ആക്ഷേപം. ജന്മഭൂമി പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആലപ്പുഴയിലെ സിഗ്‌നല്‍ ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ കെ.ആര്‍. സേതുനാഥിനെയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിലേക്ക് സ്ഥലംമാറ്റിയത്. ആലപ്പുഴ അരൂര്‍ സ്വദേശിയായ ഇദ്ദേഹം രോഗബാധിതനാണ്. സ്ഥലം മാറ്റം സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരുടെ പകപോക്കലെന്നാണ് ആരോപണം.

വയനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം ദേശീയ സേവാഭാരതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘ് ധനസഹായം നല്‍കിയിരുന്നു. കാര്‍മിക് സംഘിന്റെ ഡിവിഷണല്‍ അസിസ്റ്റന്റ് സെക്രട്ടറി എന്ന നിലയില്‍ സേതുനാഥാണ് സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോ. കൃഷ്ണന്‍ നമ്പൂതിരിക്ക് സഹായധനം കൈമാറിയത്.

ചടങ്ങിന്റെ വാര്‍ത്ത ജന്മഭൂമിയുള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ വന്നു. ഇതാണ് റെയില്‍വേയിലെ സിപിഎം അനുകൂലികളായ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. സിപിഎം അനുകൂല കണ്ണൂര്‍ ലോബിയാണ് സേതുനാഥിനെ അന്യായമായി സ്ഥലംമാറ്റി ദ്രോഹിക്കുന്നതിന് പിന്നിലെന്നാണ് ആക്ഷേപം. സേതുനാഥിനെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം അനുകൂല ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയിരുന്നു. ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ രാഷ്ട്രീയപ്രേരിതമായ സ്ഥലംമാറ്റത്തിനെതിരെ നിയമനടപടി ഉള്‍പ്പടെ സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘ് (ഡിആര്‍കെഎസ്) ഭാരവാഹികള്‍ അറിയിച്ചു.

തൊഴിലാളി യൂണിയന്‍ ഹിതപരിശോധന തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും, അതുപ്രകാരം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന യൂണിയന്‍ ഭാരവാഹികളുടെ സ്ഥലം മാറ്റം പാടില്ലെന്ന് റയില്‍വേ ബോര്‍ഡ് ഉത്തരവുണ്ട്. ഇത് ലംഘിച്ചാണ് സ്ഥലംമാറ്റം.

പെരുമാറ്റച്ചട്ടപ്രകാരം നിലവില്‍ അംഗീകൃത യൂണിയനുകള്‍ക്ക് നല്‍കിയിട്ടുള്ള ആഫീസ് മുറികള്‍, ഫോണുകള്‍ നോട്ടീസ് ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങള്‍ പിന്‍വലിക്കണം എന്നതും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ ഡിആര്‍കെഎസ് തീരുമാനിച്ചു.

Tags:    

Similar News