യുവതിയുടെ ആത്മഹത്യ കുറിപ്പിലും ഫോണിലെ ചാറ്റിലും കുറ്റകൃത്യം വ്യക്തം; മരണത്തില്‍ റമീസിനൊപ്പം മാതാപിതാക്കളുടെ പങ്കും വിവരിക്കുന്നു; ആ പ്രതികള്‍ തിങ്കളാഴ്ച വരെ സ്വന്തം വീട്ടിലുണ്ടായിട്ടും പൊലീസ് അനങ്ങിയില്ല; വീട് പൂട്ടി ഒളിവില്‍ പോയതോടെ കണ്ടെത്താന്‍ പരക്കംപാച്ചില്‍; മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം; മതപരിവര്‍ത്തന ശ്രമം 'അവഗണിച്ച്' അന്വേഷണം മുന്നോട്ട്

ഒളിവില്‍ പോയ റമീസിന്റെ മാതാപിതാക്കളെ തേടി പൊലീസ്

Update: 2025-08-15 10:33 GMT

കോതമംഗലം: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയതു സംബന്ധിച്ച കേസില്‍ അറസ്റ്റിലായ ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു. റമീസ് അറസ്റ്റിലായതിനു പിന്നാലെ അന്വേഷണം ഇരുവരിലേക്കും എത്തുമെന്ന് വ്യക്തമായതോടെ മാതാപിതാക്കള്‍ വീടുപൂട്ടി പോയതായാണ് വിവരം. ആത്മഹത്യ പ്രേരണയ്ക്ക് പ്രതി ചേര്‍ത്തിട്ടുള്ള ഇവരെ തിരക്കി പരക്കം പായുകയാണ് അന്വേഷണ സംഘം. ഇവര്‍ തിങ്കളാഴ്ച വരെ സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നതായി വിവരം. തിങ്കളാഴ്ചയാണ് ഇവര്‍ ഒളിവില്‍ പോയതെന്നും അതുവരെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നുമാണ് അറിയുന്നത്. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണം തുടരുകയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി സംശയമുണ്ട്.

റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തിനെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റഹിം, ഭാര്യ ഷെറിന്‍ എന്നിവരെയും റമീസിന്റെ സുഹൃത്ത് പറവൂര്‍ സ്വദേശി സഹദിനെയുമാണ് പ്രതിചേര്‍ത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ചും പരാമര്‍ശം ഉണ്ടായിരുന്നു. റമീസിനെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റമീസ് യുവതിയെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് യുവതി തൂങ്ങി മരിക്കുന്നത്. വൈകിട്ട് 5.40ന് കോതമംഗലം പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക മരണം എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. യുവതിയുടെ ആത്മഹത്യ കുറിപ്പ് അന്നു തന്നെ പൊലീസിനു ലഭിച്ചിരുന്നു. യുവതി ഉപയോഗിച്ചിരുന്ന ഫോണും പൊലീസിനു ലഭിച്ചു. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളും ഫോണിലെ ചാറ്റ് അടക്കമുള്ള കാര്യങ്ങളും കുറ്റകൃത്യം നടന്നിട്ടുണ്ട് എന്നതിലേക്ക് കൃത്യമായ സൂചന നല്‍കുന്നതാണ്. റമീസ് ആരാണ് എന്നതും മരണത്തില്‍ റമീസിനുള്ള പങ്കും വിവരിക്കുന്ന കത്തില്‍ മാതാപിതാക്കളെ കുറിച്ചും പറയുന്നുണ്ട്. മരണത്തില്‍ റമീസിന്റെയും മാതാപിതാക്കളുടെയും പങ്ക് വ്യക്തമായിട്ടും പൊലീസ് മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. ഞായാറാഴ്ച വൈകിട്ടാണ് റമീസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

പിറ്റേന്ന് വീടും സ്ഥാപനങ്ങളും പൂട്ടി റമീസിന്റെ മാതാപിതാക്കളായ റഹീമും ഷെറിയും സ്ഥലം വിട്ടു. തിങ്കളാഴ്ചയോടെ മാധ്യമ പ്രവര്‍ത്തകര്‍ അടക്കം വീട്ടിലെത്തിയപ്പോഴും ഇവിടെ ആരുമുണ്ടായിരുന്നില്ല. തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കുമെന്ന ഭീതി കൊണ്ടോ അല്ലെങ്കില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലോ ആവാം ഇവര്‍ ഒളിവില്‍ പോയതെന്നാണ് കരുതുന്നത്. പാനായിക്കുളത്തും പരിസരത്തുമായി ഇവര്‍ മൂന്ന് ഇറച്ചി സ്റ്റാളുകള്‍ നടത്തുന്നുണ്ട്. ഇതിലൊരെണ്ണത്തില്‍ കുറച്ചുകാലം റമീസും ജോലി ചെയ്തിരുന്നു. പിന്നീടാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ താല്‍ക്കാലിക ജോലി കിട്ടുന്നത്.

റമീസിനുമേല്‍ ചുമത്തിയ കുറ്റത്തിന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന പേരില്‍ കേസെടുക്കാവുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണ് പോലീസിന്റെ നിലപാട്. ഒരാളെ പ്രണയിക്കുന്നതും മതംമാറ്റി വിവാഹം കഴിക്കുന്നതും കുറ്റമായി കാണാനാവില്ല.

പെണ്‍കുട്ടിയുടെ മാതാവിന്റെയും സഹോദരന്റെയും മാതാവ് എത്തിയ ഓട്ടോയുടെ ഡ്രൈവറുടെയും കൂട്ടുകാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മൊബൈലിലെ വിവരങ്ങളും ശേഖരിച്ചു. ആത്മഹത്യ കുറിപ്പും കൂട്ടുകാരി നടത്തിയ വെളിപ്പെടുത്തലുമാണ് കേസില്‍ നിര്‍ണായകമായത്. പെണ്‍കുട്ടിയെ മര്‍ദിച്ചതും മതംമാറ്റത്തിന് നിര്‍ബന്ധിച്ചതും ഉള്‍പ്പെടെ വിവരം നല്‍കിയ കൂട്ടുകാരിയുടെ വിശദ മൊഴിയും പോലീസ് രേഖപ്പെടുത്തി.

Tags:    

Similar News