ദാവൂദിന് വേണ്ടി റാണ നടത്തിയ ഓപ്പറേഷന്‍; മുംബൈയ്ക്ക് പിന്നാലെ കൊച്ചിയേയും കത്തിക്കാന്‍ പദ്ധതിയിട്ടു; അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയത് കാരണം ആ പദ്ധതി ഉപേക്ഷിച്ചു; കൊച്ചിയിലെ താജ് റെസിഡന്‍സിയില്‍ റാണ താമസിച്ചത് ഹോട്ടലിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍; കൊച്ചിയില്‍ സഹായിച്ചത് തടിയന്റവിടയുടെ അനുയായിയോ? തഹാവൂര്‍ എല്ലാം വെളിപ്പെടുത്തുമോ?
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യിലെ കേരളാ ഉദ്യോഗസ്ഥരും. റാണയുടെ കേരളസന്ദര്‍ശനത്തിലെ ചില നിര്‍ണ്ണായക സൂചനകള്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ കിട്ടിയിരുന്നു. കേരളത്തിലെ തീവ്രവാദ വേരുകളും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും ഡല്‍ഹിയിലെത്തിയത്. ഡിഐജി, എസ്പി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണെത്തിയത്. ഇവര്‍ എന്‍ഐഎ ആസ്ഥാനത്ത് റാണയുടെ ചോദ്യംചെയ്യലിന്റെ ഭാഗമാണ്. കൊച്ചിയിലും ആക്രമണ പദ്ധതി റാണ തയ്യാറാക്കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന് എത്തിയ അജ്മല്‍ കസബിനെ ജീവനോടെ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊച്ചി അടക്കമുള്ള ആക്രമണ പദ്ധതികള്‍ നടക്കാതെ പോയത്.
2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തിനുമുന്‍പ് റാണ ഭാര്യ സമ്രാസ് അക്തര്‍ക്കൊപ്പം കൊച്ചി സന്ദര്‍ശിച്ചിരുന്നു. നവംബര്‍ 11 മുതല്‍ 21 വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ യാത്രചെയ്തപ്പോഴാണ് കൊച്ചിയിലുമെത്തിയത്. കൊച്ചിക്കുപുറമേ കേരളത്തില്‍ മറ്റെവിടെയെങ്കിലും റാണ പോയിരുന്നോ, ആരെയൊക്കെ ബന്ധപ്പെട്ടു, താമസത്തിനും സഞ്ചാരത്തിനും സഹായം നല്‍കിയതാര് എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരംകിട്ടാനുണ്ട്. ഭീകരവാദ റിക്രൂട്ട്മെന്റിനും മുംബൈ ഭീകരാക്രമണത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ക്കുമായിട്ടായിരുന്നു റാണയുടെ സഞ്ചാരമെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചിയിലെ താജ് റെസിഡന്‍സിയിലാണ് റാണ താമസിച്ചത്. മുംബൈയില്‍ ഭീകരാക്രമണം നടന്നതും താജ് ഹോട്ടലിലാണ്. റാണയ്ക്ക് ഇന്ത്യയില്‍ സഹായം ചെയ്ത ആളിനെ കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് എന്‍ഐഎ സ്ഥിരീകരിച്ചിട്ടില്ല. താജ് ഹോട്ടലിലെ സിസിടിവി അടക്കം പരിശോധിക്കുന്നത് പരിഗണനയിലുണ്ട്. ഏറെ നാളായതിനാല്‍ ഈ വീഡിയോകള്‍ കിട്ടാനും സാധ്യതയില്ല. കൊച്ചിയിലെ താജില്‍ റാണ താമസിച്ചത് ഹോട്ടലിന്റെ രൂപരേഖ മനസ്സിലാക്കാന്‍ ആണെന്നും സൂചനകളുണ്ട്.
ദാവൂദ് ഇബ്രഹാമുമായി അടുത്ത ബന്ധം റാണയ്ക്കുണ്ടെന്നാണ് എന്‍ഐഎ മനസ്സിലാക്കുന്നത്.ഡി കമ്പനിയുമായി റാണയ്ക്കുള്ള ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കൊടുംഭീകരനായ സാജിദ് മീറുമായുള്ള ബന്ധം റാണ മൊഴിയിലൂടെ ഉറപ്പിച്ചിട്ടുണ്ട്. ലഷ്‌കര്‍ ഇ തോയിബാ സ്ഥാപകന്‍ ഹഫീസ് സെയ്ദിന്റെ അടുത്ത അനുയായി കൂടിയാണ് സാജിദ് മീര്‍. സാജിദ് മിറുമായി നിരന്തരം റാണ ബന്ധപ്പെട്ടിരുന്നു. ഫോണിലൂടെയായിരുന്നു ആശയ വിനിമയം. ഇതിനൊപ്പം ദുബായില്‍ ഐഎസ്‌ഐ ഏജന്റുമാരേയും റാണ ദുബായില്‍ കണ്ടു. ദാവൂദ് ഇബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുംബൈയിലെ താജില്‍ അടക്കം തീവ്രവാദ ആക്രമണം നടത്തിയതെന്നാണ് വിലയിരുത്തല്‍. റാണയുടെ കൊച്ചി സന്ദര്‍ശനം അടക്കമുള്ള സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടി. അജ്മല്‍ കസബിന്റെ അറസ്റ്റോടെയാണ് പല തീവ്രവാദ ആക്രമണത്തില്‍ നിന്നും സംഘത്തിന് പിന്‍മാറേണ്ടി വന്നതെന്നാണ് സൂചന.
മുംബൈ ആക്രമണത്തിനു മുമ്പ് റാണ ദുബായില്‍ കണ്ടുമുട്ടിയ ദുരൂഹ വ്യക്തിയെക്കുറിച്ചും എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണത്തെക്കുറിച്ച് അയാള്‍ക്ക് അറിവുണ്ടായിരുന്നെന്നാണ് അമെരിക്കന്‍ ഏജന്‍സികള്‍ നല്‍കിയ രേഖകളില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ച വിവരം. അതിനൊപ്പം കൊച്ചിയില്‍ റാണയെ കണ്ടയാള്‍ക്കും ആക്രമണം സംബന്ധിച്ച് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ നിരോധിത സംഘടനയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയും നിരീക്ഷണത്തിലാണ്. മുംബൈ ആക്രമണ മുഖ്യ സൂത്രധാരനും പാക്കിസ്ഥാനി വംശജനുമായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി (ദാവൂദ് സയ്യിദ് ഗീലാനി) നിരന്തരം ഇയാള്‍ ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 2008 ആക്രമണത്തിന് മുന്നോടിയായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റാണ യാത്ര നടത്തിയിരുന്നു. കൊച്ചിയില്‍ ഒന്നിലധികം തവണ വന്നു. കൊച്ചിയില്‍ റാണ കണ്ടയാളെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതെന്നാണ് സൂചന.
അബ്ദുള്‍ നാസര്‍ മദനിയുമായി ബന്ധപ്പെട്ട് കളമശേരി ബസ് കത്തിക്കല്‍ തീവ്രവാദ കേസില്‍ ജയിലിലുള്ള തടിയന്റവിട നസീറുമായി ബന്ധമുള്ള ഇയാളാണ് ഇന്ത്യയില്‍ റാണയുടെ യാത്രകള്‍ക്കെല്ലാം സൗകര്യമൊരുക്കിയതെന്നു സൂചനയുണ്ട്. പക്ഷേ, ഇക്കാര്യങ്ങള്‍ എന്‍ഐഎ സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ളയാള്‍ മലയാളിയാണോ എന്നതും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല.. 2008 നവംബര്‍ 13നും 21നും മധ്യേ ഭാര്യ സമ്രാസിനൊപ്പം റാണ ഡല്‍ഹി, കൊച്ചി, അഹമ്മദാബാദ്, മുംബൈ, ആഗ്ര, ഹാപുര്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവിടങ്ങളിലും ഭീകരാക്രമണത്തിനു മുന്നോടിയായുള്ള നിരീക്ഷണമാണോ നടന്നതെന്നറിയാന്‍ റാണയുടെ യാത്രാരേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. ജയ റോയിയുടെ നേതൃത്വത്തിലെ എന്‍ഐഎ സംഘമാണ് റാണയെ ചോദ്യം ചെയ്യുന്നത്.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)