'മനസിലെ വൃത്തികേടാണ് പുറത്തുവരുന്നത്, മാതാപിതാക്കളെ അപമാനിച്ചു; ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്'; രണ്‍വീര്‍ അല്ലാബാദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; അറസ്റ്റു തടഞ്ഞത് വിവാദ യുട്യൂബര്‍ക്ക് ആശ്വാസം
'മനസിലെ വൃത്തികേടാണ് പുറത്തുവരുന്നത്
ന്യൂഡല്‍ഹി: 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന യുട്യൂബ് ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം നടത്തിയ യുട്യൂബറും പോഡ്കാസ്റ്ററുമായ രണ്‍വീര്‍ അല്ലാബാദിയയ്ക്കെതിരെ അതീരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വിവാദ പരാമര്‍ശം നടത്തിയ രണ്‍വീര്‍ മാതാപിതാക്കളെ അപമാനിച്ചെന്ന് കോടതി പറഞ്ഞു. രണ്‍വീറിന്റെ മനസിലെ വൃത്തികേടാണ് പുറത്തുവരുന്നതെന്നും കോടതി പറഞ്ഞു. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്ന് പറഞ്ഞ കോടതി എന്തുതരം പരാമര്‍ശമാണ് നടത്തിയത് എന്നതിനെ കുറിച്ച് ബോധ്യമുണ്ടോ എന്നും ചോദിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി ഫയല്‍ ചെയ്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍വീറിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. അന്വേഷണത്തിന് കൃത്യമായി ഹാജരാകണം. കൂടുതല്‍ പരാമര്‍ശങ്ങളൊന്നും നടത്തരുത്. സമൂഹത്തെ നിസാരമായി കാണരുത്. സമൂഹം മുഴുവനും നാണക്കേട് അനുഭവിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിവിധ ഇടങ്ങളിലായി ഫയല്‍ ചെയ്ത കേസുകളിലെ അറസ്റ്റും പരാമര്‍ശങ്ങളുടെ പേരില്‍ കൂടുതല്‍ കേസുകള്‍ എടുക്കുന്നതും സുപ്രീം കോടതി തടഞ്ഞു.
തനിക്ക് വധഭീഷണിയുണ്ടെന്ന് രണ്‍വീര്‍ കോടതിയെ അറിയിച്ചു. അതില്‍ പരാതി നല്‍കൂവെന്നും കോടതി പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രണ്‍വീറിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. നേരത്തെ മോശം പരാമര്‍ശത്തില്‍ ദേശീയ വനിതാ കമീഷന് മുന്നില്‍ ഹാജരായിരുന്നില്ല രണ്‍വീര്‍. വധഭീഷണി നേരിടുന്നതിനാലാണ് ഹാജരാകാത്തത് എന്നാണ് രണ്‍വീര്‍ വിശദീകരണം നല്‍കിയത്. വ്യക്തിഗത സുരക്ഷ, മുന്‍കൂര്‍ യാത്രാ പ്രതിബദ്ധതകള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി മറ്റ് ഇന്ത്യ ഗോട്ട് ലാറ്റന്റ് ക്രിയേറ്റേഴ്‌സും കമീഷന് മുന്നില്‍ ഹാജരായില്ല.
ഇന്ത്യാസ് ഗാട്ട് ലാറ്റന്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. പരിപാടിയില്‍ മോശം പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ അല്ലാബാദിയ, സമയ് റെയ്‌ന, അപൂര്‍വ മുഖിജ, ജസ്പ്രീത് സിങ്, ആഷിഷ് ചഞ്ച്‌ലാനി, തുഷാര്‍ പൂജാരി, സൗരവ് ബോത്ര, ബാല്‍രാജ് ഘായ് എന്നിവരോട് ഇന്ന് ഹാജരാകാന്‍ കമീഷന്‍ സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ എത്താത്തതിനാല്‍ വീണ്ടും മാര്‍ച്ച് 6ന് ഹാജരാകാന്‍ കമീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയില്‍ വച്ച് നടത്തിയ അശ്ലീല പരാമര്‍ശത്തെത്തുടര്‍ന്ന് രണ്‍വീര്‍ അല്ലാബാദിയയുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോ'യിലെ വിധികര്‍ത്താക്കളിലൊരാളാണ് രണ്‍വീര്‍. കൊമേഡിയന്‍ സമയ് റെയ്‌നയാണ് പരിപാടി അവതരിപ്പിക്കുന്നത്. 'ഇനിയുള്ള കാലം നിങ്ങള്‍ മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ' എന്നാണ് മത്സരാര്‍ഥിയോട് രണ്‍വീര്‍ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് രണ്‍വീറിനെതിരെ ഉയര്‍ന്നത്.
നിരവധി പേര്‍ രണ്‍വീറിനെ വിമര്‍ശിച്ച് രംഗത്തെത്തി. മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും വിഷയത്തില്‍ രണ്‍വീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രണ്‍വീര്‍ വീഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രണ്‍വീറിനും ഇന്ത്യാസ് ഗോട്ട് ലാറ്റെന്റിനും എതിരെ മുംബൈയിലും അസമിലും കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചതിനും രണ്‍വീറിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.