കോവിഡിന്റെ അടുത്ത വരവ് 'സികാഡ'യായി; അമേരിക്കയുൾപ്പെടെ 20 രാജ്യങ്ങളിൽ തീവ്രവ്യാപനം; അതിതീവ്ര വ്യാപനമെന്ന് മുന്നറിയിപ്പ്; ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?; അറിയാം ഈ പുതിയ വകഭേദത്തെ; ലക്ഷണങ്ങൾ ഇവയാണ്
വാഷിങ്ടൻ: ഒമിക്രോണിന് പിന്നാലെ പുതിയ കോവിഡ് വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. 'സികാഡ' എന്ന് പേരിട്ടിരിക്കുന്ന BA.3.2 വകഭേദമാണ് അമേരിക്കയും യൂറോപ്പും ഏഷ്യയുമടക്കം ഇരുപതോളം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോണിന്റെ ഉപവിഭാഗമായ ഈ വകഭേദത്തിന് പ്രതിരോധ സംവിധാനങ്ങളെ അതിവേഗം മറികടക്കാൻ ശേഷിയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതീവ വ്യാപനശേഷിയുള്ളതും നിരവധി ജനിതക മാറ്റങ്ങൾ സംഭവിച്ചതുമാണ് സികാഡയെങ്കിലും, ഇത് മാരകമല്ലെന്നത് ആശ്വാസം പകരുന്നു. മരണകാരണമായേക്കാവുന്ന വിധത്തിലുള്ള തീവ്രത നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. 2024-ൽ ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. 2025-ഓടെ വിവിധ രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗബാധ കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഒമിക്രോണിന് സമാനമായ ലക്ഷണങ്ങളാണ് പുതിയ സികാഡ വകഭേദത്തിലും പ്രധാനമായും കണ്ടുവരുന്നത്. പനി, കടുത്ത ക്ഷീണം, തൊണ്ടവേദന എന്നിവയാണ് രോഗബാധിതരിലെ പ്രാരംഭ ലക്ഷണങ്ങൾ. ഇതിനുപുറമെ ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചില രോഗികളിൽ കടുത്ത തലവേദനയും ശരീരവേദനയും അനുഭവപ്പെടാറുണ്ട്. അപൂർവ്വമായി ചിലർക്ക് നേരിയ തോതിലുള്ള ശ്വാസതടസ്സവും കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
വാക്സിനേഷൻ സ്വീകരിച്ചവരിൽ സാധാരണ പനിപോലെ വന്നുപോകുന്ന രീതിയിലാണ് മിക്കവാറും കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂരിഭാഗം പേർക്കും രോഗം ഗുരുതരമാകുന്നില്ലെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. എങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന സൂചന.
ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?
നിലവിൽ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ നിരീക്ഷണ സംവിധാനങ്ങൾ പുതിയ വകഭേദങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. BA.3.2 വകഭേദം മൂലം രാജ്യത്ത് ഇതുവരെ രോഗവ്യാപനത്തിൽ പ്രകടമായ വർധനവ് ഉണ്ടായിട്ടില്ല. നിലവിലുള്ള വാക്സിനുകൾ ഗുരുതരമായ രോഗാവസ്ഥയ്‌ക്കെതിരെ സംരക്ഷണം നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായ ജനിതക ശ്രേണീകരണവും (Genome sequencing), ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.
ഈ വൈറസ് വകഭേദത്തിന്റെ പ്രത്യേകത എന്ത്?
രോഗത്തിന്റെ തീവ്രതയേക്കാൾ ഇത് ഉയർത്തുന്ന അനിശ്ചിതത്വമാണ് ആശങ്കയ്ക്ക് കാരണം. മഹാമാരിക്കാലത്ത് ആവർത്തിച്ചു കണ്ടുവരുന്ന ഒരു പ്രതിഭാസം തന്നെയാണ് BA.3.2-ന്റെ കാര്യത്തിലും സംഭവിക്കുന്നത്. പുതിയ വകഭേദങ്ങൾ പ്രായോഗികമായി എങ്ങനെയൊക്കെ ബാധിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകൾ ലഭിക്കാൻ സമയമെടുക്കും. അതിനാൽ ജനങ്ങളെ പരിഭ്രാന്തരാക്കാതെ തന്നെ മുൻകരുതൽ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്.
സികാഡ വകഭേദത്തെ നിരീക്ഷിക്കേണ്ടതുണ്ടെങ്കിലും ഭയപ്പെടേണ്ടതില്ല. ഇതിന്റെ ഉയർന്ന ജനിതക മാറ്റങ്ങളും ആഗോളവ്യാപനവും ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും, ഇത് കൂടുതൽ അപകടകാരിയാണെന്നോ ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണെന്നോ ഉള്ളതിന് വ്യക്തമായ തെളിവുകൾ നിലവിലില്ല. പരിഭ്രാന്തിക്ക് പകരം ജാഗ്രതയ്ക്കും കൃത്യമായ നിരീക്ഷണത്തിനുമാണ് ഇപ്പോൾ മുൻഗണന നൽകേണ്ടത്.
