കരളും കണ്ണിലെ കോര്‍ണിയയും ത്രിഡി പ്രിന്റ് ചെയ്തു നിര്‍മ്മിക്കാന്‍ പരീക്ഷണം; അവയവ ദാനത്തിനുള്ള കാത്തിരിപ്പൊഴിവാക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്
കരളും കണ്ണിലെ കോര്‍ണിയയും ത്രിഡി പ്രിന്റ് ചെയ്തു നിര്‍മ്മിക്കാന്‍ പരീക്ഷണം
തിരുവനന്തപുരം: കണ്ണിലെ കോര്‍ണിയയും കരളും ത്രഡി പ്രിന്റ് ചെയ്തു ശരീരത്തില്‍ ഉപയോഗിക്കാന്‍ ഗവേഷണവുമായി മലയാളക്കര. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴില്‍ തിരുവനന്തപുരത്തെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗമാണു അവയവ ദാനത്തിനുള്ള കാത്തിരിപ്പൊഴിവാക്കാന്‍ പരീക്ഷണം നടത്തുന്നത്. വിജയിച്ചാല്‍ ആരോഗ്യ രംഗത്ത് വന്‍ വിപ്ലവമായിരിക്കും സംഭവിക്കുക.
കരളും കണ്ണിലെ കോര്‍ണിയയും കൃത്രിമമായി നിര്‍മിക്കാനുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്. കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ 3ഡി പ്രിന്റ് ചെയ്‌തെടുക്കാന്‍ ശ്രീചിത്രയിലെ ഗവേഷകര്‍ നിര്‍മിച്ച ബയോ ഇങ്ക് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ സാങ്കേതികവിദ്യാ കൈമാറ്റം പൂര്‍ത്തിയായി. ത്രിഡി ബയോപ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണു കൃത്രിമ കരള്‍ നിര്‍മിക്കുന്നത്. സെല്‍ ഷീറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃത്രിമ കോര്‍ണിയ നിര്‍മാണം സാധ്യമാക്കുക.
കൃത്രിമ കോര്‍ണിയ നിര്‍മാണം മുയലില്‍ പരീക്ഷിച്ചു വിജയിച്ചെങ്കിലും മനുഷ്യരിലേക്കെത്താന്‍ ഏറെ കടമ്പകളുണ്ട്. എന്നാല്‍ ഈ സാങ്കേതിക വിദ്യ യാഥാര്‍ഥ്യമാകുന്നതോടെ നേത്രദാനത്തിനു മനുഷ്യരുടെ നേത്രപടലത്തിനു കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാം. നേത്രദാനത്തിനുശേഷം ഉപേക്ഷിക്കുന്ന മൂലകോശങ്ങള്‍ സെല്‍ ഷീറ്റ് ഉപയോഗിച്ച് കള്‍ചര്‍ ചെയ്ത് 710 ദിവസം കൊണ്ടു കോര്‍ണിയ വികസിപ്പിച്ചെടുക്കുകയാണു ചെയ്യുന്നത്.
3ഡി ബയോപ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണു കൃത്രിമ കരള്‍ നിര്‍മിക്കുന്നത്. ഒരു മൃഗത്തില്‍ പരീക്ഷിച്ചു വിജയിച്ചു. മനുഷ്യരില്‍ സമീപകാലത്തു നടക്കില്ലെങ്കിലും മരുന്നു ഗവേഷണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ വിപ്ലവമുണ്ടാകും. നിലവില്‍ മൃഗങ്ങളില്‍ മരുന്നു പരിശോധിച്ചു വിജയിച്ചശേഷം നേരിട്ടു മനുഷ്യരില്‍ ഉപയോഗിക്കുകയാണു ചെയ്യുന്നത്.