ഐജിയായിരിക്കേ അച്ഛന്‍ പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരികെ സര്‍വീസില്‍ കയറ്റി അഭിഭാഷകയായ മകളുടെ നിയമ പോരാട്ടം; രക്ഷക തന്നെ പിരിച്ചുവിട്ടയാളുടെ മകളാണെന്ന് അറിയില്ലായിരുന്നുവെന്ന് പോലീസുകാരനും; മകളുടെ പ്രൊഫഷണല്‍ മികവില്‍ അഭിമാനം കൊണ്ട് റിട്ട. ഐജി; കോടതി മുറിയിലെ ഒരു നാടകീയ കഥ
ഐജിയായിരിക്കേ അച്ഛന്‍ പിരിച്ചുവിട്ട പോലീസുകാരനെ സര്‍വീസില്‍ തിരികെ സര്‍വീസില്‍ കയറ്റി അഭിഭാഷകയായ മകളുടെ നിയമ പോരാട്ടം
ബറേലി: കോടതി മുറികളില്‍ ചിലപ്പോള്‍ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകള്‍ സംഭവിക്കാറുണ്ട്. അത്തരം ട്വിസ്റ്റുകള്‍ സാധാരണക്കാര്‍ക്ക് നീതി ഉറപ്പിക്കാന്‍ വേണ്ടിയാണെങ്കില്‍ അത് വാഴ്ത്തപ്പെടും. ഉത്തര്‍പ്രദേശിലെ ഒരു കോടതി മുറിയില്‍ നടന്ന നാടകീയ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറല്‍ വാര്‍ത്തയായി മാറിക്കഴിഞ്ഞു. യു പി പോലീസില്‍ ഐജിയായ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ ഇരിക്കവേ പിരിച്ചു വിട്ട പോലീസുകാരനെ തിരികെ സര്‍വീസില്‍ എടുക്കാന്‍ നിയമപോരാട്ടം നടത്തിയത് അതേ ഉദ്യോഗസ്ഥന്റെ മകളായിരുന്നു. ആ പോരാട്ടത്തില്‍ മകള്‍ വിജയിക്കുകയും ചെയ്തു. അതേസമയം തനിക്ക് വേണ്ടി നിയമപോരാട്ടം നടത്തിയത് തന്നെ പിരിച്ചുവിട്ട ഉദ്യോഗസ്ഥന്റെ മകളായിരുന്നു എന്നകാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് പോലീസുകാരന്‍ വ്യക്തമാക്കിയത്.
അലഹാബാദ് ഹൈക്കോടതിയിലാണ് ഈ നാടകീയ സംഭവം നടന്നത്. സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിട പീഡന പരാതിയിയില്‍ കുടുങ്ങിയാണ് യു പി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ തൗഫീഖ് അഹമ്മദിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ബറേലി റേഞ്ചിലെ മുന്‍ ഐജിയുമായ ഡോ. രാകേഷ് സിങ്ങാണ് അദ്ദേഹത്തിന്റെ സര്‍വീസ് കാലയളവില്‍ പോലീസുകാരനെ പിരച്ചുവിട്ടത്. രാകേഷ് സിങ് സര്‍വീസില്‍ നിന്നും റിട്ടയറായ ശേഷവും തൗഫീഖ് തിരികെ സര്‍വീസില്‍ കയറാന്‍ നിയമപോരാട്ടം നടത്തുകയായിരുന്നു. അങ്ങനെ കണ്ടെത്തിയ അഭിഭാഷകയായിരുന്നു അനുര സിങ്.
തന്നെ പിരിച്ചുവിട്ടയാളുടെ മകളാണെന്ന് അറിയാതെയാണ് അനുരയെ തൗഫീഖ് വക്കാലത്ത് ഏല്‍പ്പിച്ചത്. അലഹബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അനുര, തന്റെ കേസ് വിജയകരമായി അവതരിപ്പിക്കുക മാത്രമല്ല, തന്റെ കക്ഷിയായ തൗഫീഖ് അഹമ്മദിനെ സര്‍വീസില്‍ തിരികെ എടുക്കണമെന്ന വിധി സമ്പാദിക്കുകയും ചെയ്തു. മുന്‍ ഐജിയുമായ ഡോ. രാകേഷ് സിങ്ങും കോടതിമുറിയില്‍ അടക്കം നിര്‍ത്തിപ്പൊരിച്ചു അനുര എന്ന അഭിഭാഷക.
കോടതി വ്യവഹാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടി ഈ കേസിലെ വാദവും വിധിയും. കേസുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്ന് അച്ഛനും മകളും പ്രതികരിച്ചു. 'എന്റെ അച്ഛന്‍ ഒരു സര്‍ക്കാര്‍ പ്രതിനിധിയായും ഞാന്‍ ഒരു അഭിഭാഷകയായും പ്രവര്‍ത്തിച്ചു. യുപി പോലീസിന്റെ നയം വ്യക്തമാണ്: ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റം വകുപ്പിന്റെ സല്‍പേരിവെ ബാധിക്കരുത്, ഈ കേസില്‍ പോക്‌സോ ആക്ട് ഉള്‍പ്പെട്ടിരുന്നു. അപ്പീലേറ്റ് അതോറിറ്റി എന്ന നിലയില്‍, സര്‍വീസ് നിഷേധിക്കാന്‍ അദ്ദേഹത്തിന് അധികാരമുണ്ടായിരുന്നു. പക്ഷേ ഹൈക്കോടതി ഏതൊരു സര്‍ക്കാര്‍ ഓഫീസിനും മുകളിലാണ്, അതുകൊണ്ടാണ് അവിടെ നിയമവഴി തേടി കാര്യം നേടുകയാണ് ചെയ്തത് -അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ ജോലികള്‍ ചെയ്യുകയായിരുന്നു. എന്റെ അച്ഛന്‍ സര്‍ക്കാരിന്റെ പക്ഷത്തെ പ്രതിനിധീകരിച്ചിട്ടും ഞാന്‍ എതിര്‍വശത്ത് നിന്നും തങ്ങളുടെ കടമ നിറവേറ്റുകയാണ് ചെയ്തത്. ജൂലൈ 31 നാണ് തൗഫീഖിനെ പുനര്‍നിയമിക്കണം എന്ന ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങിയത്. അതേസമയം തന്നെ കോടതിയില്‍ തോല്‍പ്പിച്ചെങ്കിലും മകളോട് പരിഭവമില്ല സിങിന്. മകളെ കുറിച്ച് അഭിമാനമുണ്ട്. അവള്‍. തന്റെ ജോലി ഒരു പ്രൊഫഷണല്‍ നിലവാരത്തില്‍ നിര്‍വഹിച്ചു, നിയമ ചട്ടക്കൂടിനുള്ളില്‍ ഞാനും പ്രവര്‍ത്തിച്ചു. കഠിനാധ്വാനം ചെയ്യണമെന്ന് അവളോട് പറഞ്ഞിട്ടുണ്ട്. കാരണം ദ്വീര്‍ഘമായ കരിയര്‍ അവള്‍ക്ക് മുന്നിലുണ്ട്. - പിതാവ് പറഞ്ഞു.
ത്രിവേണി എക്‌സ്പ്രസില്‍ ബിഎസ്എഫ് ജവാന്റെ മകളായ 17 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച കേസിലാണ് അഹമ്മദ് അറസ്റ്റിലായത്. 2023 ജനുവരിയിലാണ് കേസ് ആരംഭിക്കുന്നത്. തുടര്‍ന്ന് പരാതിയെത്തുടര്‍ന്ന്, അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു, വകുപ്പുതല അന്വേഷണത്തിന് ശേഷം, ഐജി സിംഗ് അദ്ദേഹത്തെ പിരിച്ചുവിടാന്‍ ഉത്തരവിട്ടു. എന്നാല്‍, അന്വേഷണത്തിലെ വീഴ്ച്ചക്കാട്ടി തൗഫീഖ് അഹമ്മദ് നിയമ പോരാട്ടം നടത്തുകയാണ് ഉണ്ടായത്. അന്വഷണത്തിലെ 'വീഴ്ചകള്‍' കാരണം പിന്നീട് കീഴ്ക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും, ഔദ്യോഗിക പദവിയില്‍ പുനഃസ്ഥാപിക്കണമെന്ന അഹമ്മദിന്റെ അപേക്ഷ സിംഗ് നിരസിച്ചു. ഇതിനെതിരാ തുടര്‍ന്നുള്ള നിയമ പോരാട്ടമാണ് ഹൈക്കോടതിയില്‍ നടന്നത്.
അനുര തന്നെ പിരിച്ചുവിട്ട ഉദ്യോഗസ്ഥന്റെ മകളാണെന്ന് അറിയാതെയാണ് അഹമ്മദ് വക്കാലത്തുമായി സമീപിച്ചത്. പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് വാദിച്ചു കേസ് ഏറ്റെടുക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ അച്ചടക്ക നടപടിയും റദ്ദാക്കി ഹൈക്കോടതി ഉത്തരവ് ഇറങ്ങിയതില്‍ അഹമ്മദും സന്തോഷവാനാണ്. തന്റെ 'രക്ഷക' പിരിച്ചുവിടാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥന്റെ മകളാണെന്ന് അറിയില്ലായിരുന്നു. അവര്‍ കുടുംബബന്ധങ്ങള്‍ക്ക് മുകളില്‍ സത്യത്തിന് പ്രാധാന്യം നല്‍കി, നിയമത്തോടുള്ള കടമ അവള്‍ ഉയര്‍ത്തിപ്പിടിച്ചു. എന്റെ ജോലി അവള്‍ രക്ഷിച്ചു...' -അഹമ്മദ് പ്രതികരിച്ചു.