റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ; വിലക്ക് നിലവില്‍ വന്നത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍; പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാരും റോയിട്ടേഴ്‌സും

റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ

Update: 2025-07-06 07:25 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. മരവിപ്പിച്ചതിന്റെ കാരണം വ്യക്തമല്ല. നിരവധി എക്‌സ് ഉപയോക്താക്കള്‍ റോയിട്ടേഴ്‌സിന്റെ എക്‌സ് പേജ് ബ്ലോക്ക് ചെയ്തത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത ഏജന്‍സിയാണ് റോയിട്ടേഴ്‌സ്. സംഭവത്തില്‍ റോയിട്ടേഴ്‌സോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് റോയിട്ടേഴ്‌സ് എക്‌സ് പേജ് ലഭ്യമാകുന്നുണ്ടെന്നും ഉപയോക്താക്കള്‍ പറയുന്നു. നിയമപരമായ ആവശ്യത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അക്കൗണ്ട് നിയന്ത്രിച്ചിരിക്കുന്നുവെന്നാണ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോള്‍ കാണിക്കുന്നത്. ഈ ബ്ലോക്ക് താല്‍ക്കാലികമാണോ സ്ഥിരമാണോ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കാരണം വ്യക്തമാക്കാതെയുള്ള കേന്ദ്രസര്‍ക്കാറിന്റെ ദുരൂഹമായ ഈ നീക്കം വ്യാപക ആശങ്കക്ക് വഴിവെച്ചു.

നിയമപരമായ കാരണത്താല്‍ റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ടിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിര്‍ത്തിവെക്കുന്നു എന്നാണ് ഇതുസംബന്ധിച്ച് ലഭിക്കുന്ന സന്ദേശം. ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് റോയിട്ടേഴ്‌സിന്റെ എക്‌സ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും നല്‍കിയിരുന്നില്ല.

നിയമപരമായ കാരണത്താല്‍ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു എന്ന ഉത്തരമാണ് സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്നത്. റോയിട്ടേഴ്‌സോ എക്‌സോ കേന്ദ്ര സര്‍ക്കാരോ നടപടിയില്‍ വ്യക്തത വരുത്തുകയും ചെയ്തിട്ടില്ല. 200 ലേറെ സ്ഥലങ്ങളിലായി 2,600 മാധ്യമ പ്രവര്‍ത്തകരാണ് റോയിട്ടേഴ്‌സിനായി ജോലി ചെയ്യുന്നത്.

അതേസമയം, റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന തുടങ്ങിയ മറ്റ് റോയിട്ടേഴ്‌സ് എക്‌സ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനം സാധാരണപോലെ രാജ്യത്ത് നടക്കുന്നുമുണ്ട്.

കോടതി ഉത്തരവുകള്‍, ചില പ്രദേശങ്ങളിലെ നിയമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാധുവായ അപേക്ഷകള്‍ ലഭിച്ചാല്‍ നിര്‍ദിഷ്ട രാജ്യങ്ങളിലെ അക്കൗണ്ടുകളോ പോസ്റ്റുകളോ തടഞ്ഞുവെക്കാവുന്നതാണ് എന്നതാണ് ഇതു സംബന്ധിച്ച് എക്‌സ് ഉള്ളടക്കത്തില്‍ പറയുന്നത്.

Tags:    

Similar News