17 വർഷങ്ങൾക്ക് ശേഷമുള്ള മുൻ ലോക ചാമ്പ്യന്റെ തിരിച്ചുവരവ് ആഘോഷമാക്കാനൊരുങ്ങിയ ആരാധകർ; ദുബായിലേക്ക് പുറപ്പെടാനിരിക്കെ റിക്കി ഹാട്ടണ് സംഭവിച്ചത് കായിക ലോകത്തെ ഞെട്ടിച്ചു; ബ്രിട്ടീഷ് ഇതിഹാസ ബോക്സറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മാനേജർ; 47-ാം വയസ്സിൽ ഇടിക്കൂട്ടിലെ 'ദി ഹിറ്റ്മാന്' സംഭവിച്ചത്
മാഞ്ചസ്റ്റർ: ബ്രിട്ടീഷ് ബോക്സിംഗ് ഇതിഹാസവും മുൻ ലോക ചാമ്പ്യനുമായ റിക്കി ഹാട്ടണിന്റെ മരണ വാർത്ത വലിയ ഞെട്ടലോടെയാണ് കായികലോകം അറിഞ്ഞത്. 47-ാം വയസ്സിൽ ബോക്സിങ് റിങ്ങിലേക്ക് തിരിച്ചു വരവിനൊരുങ്ങവെ ആയിരുന്നു റിക്കിയുടെ മരണം. സെപ്തംബർ 14ന് ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഹൈഡിലുള്ള തന്റെ 1.7 മില്യൺ പൗണ്ട് വിലമതിക്കുന്ന വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മാനേജരും സുഹൃത്തുമായ പോൾ സ്പീക് ആണ് മൃതദേഹം ആദ്യം കണ്ടത്. ദുബായിൽ ഡിസംബർ 2നായിരുന്നു റിക്കി ഹാട്ടണിന്റെ തിരിച്ചുവരവ് മത്സരം നിശ്ചയിച്ചിരുന്നത്. 17 വർഷത്തിന് ശേഷം റിങ്ങിലേക്ക് തിരിച്ചെത്തുന്ന ഹാട്ടണിന്റെ എതിരാളി ഈസ അൽ-ദയെ ആയിരുന്നു.
ഏകാന്ത ജീവിതം നയിച്ചിരുന്ന ഹാട്ടണിനെ സെപ്തംബർ 14ന് രാവിലെ വിമാനത്താവളത്തിലെത്തിക്കാനാണ് മാനേജർ പോൾ സ്പീക് എത്തിയത്. ദുബായിലേക്ക് ഹാട്ടണിനെ കൊണ്ടുപോകാനാണ് അദ്ദേഹം വീട്ടിലെത്തിയത്. എന്നാൽ, വീട്ടിൽ ലൈറ്റുകൾ ഓൺ ചെയ്യാത്തത് അദ്ദേഹത്തിന് അസാധാരണമായി തോന്നി. ഹാട്ടൺ ഉറങ്ങിപ്പോയതാണെന്ന് അദ്ദേഹം കരുതി. എന്നാൽ, വീട്ടിൽ പ്രവേശിച്ച് പരിശോധിച്ചപ്പോഴാണ് ഹാട്ടണിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കെട്ട് മുറുക്കിയിരുന്നതായും സ്പീക് മൊഴി നൽകിയിട്ടുണ്ട്.
പോൾ സ്പീക് പിന്നീട് പൊലീസിനെയും ആംബുലൻസിനെയും വിവരമറിയിക്കുകയായിരുന്നു. വിമാനയാത്രയ്ക്കായി വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നപ്പോൾ ഹാട്ടൺ ഉറക്കത്തിലാണെന്നാണ് ആദ്യം കരുതിയതെന്ന് സ്പീക് പറഞ്ഞിരുന്നു. "ലൈറ്റുകൾ തെളിയിച്ചിരുന്നില്ല, അത് എനിക്ക് അസാധാരണമായി തോന്നി. അദ്ദേഹം ഉറങ്ങിപ്പോയതായി ഞാൻ കരുതി, അസാധാരണമല്ലല്ലോ. ആളുകൾ ചിലപ്പോൾ വൈകിയാണ് എഴുന്നേൽക്കുന്നത്. അതിനാൽ ഞാൻ അകത്ത് കടന്നു - എന്റെ കൈവശം താക്കോലുണ്ടായിരുന്നു - 'റിക്കി, റിക്കി, ഉണരൂ!' എന്ന് വിളിച്ചുപറഞ്ഞു. മുകളിൽ നിന്ന് സംഗീതം കേൾക്കുന്നുണ്ടായിരുന്നു, അതിനാൽ ഞാൻ മുകളിലേക്ക് പോയി. അദ്ദേഹത്തെ നോക്കി. എനിക്ക് കുറച്ച് സമയം എടുക്കേണ്ടി വന്നു കാര്യങ്ങൾ മനസിലാക്കാൻ. ഞാൻ ഞെട്ടലിലും ആശയക്കുഴപ്പത്തിലുമായിരുന്നു, പിന്നീട് ഞാൻ പോലീസിനെയും ആംബുലൻസിനെയും വിളിച്ചു,' എന്നാണ് ബോക്സിംഗ് ന്യൂസ് മാസികയോട് സ്പീക് പറഞ്ഞത്.
ബോക്സിംഗ് ലോകത്ത് ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് റിക്കി ഹാട്ടൺ. ആക്രമണോത്സുകമായ പോരാട്ട ശൈലിയിലൂടെയും ഊർജ്ജസ്വലമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം ആരാധകരുടെ ഹൃദയം കീഴടക്കി. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ അദ്ദേഹം ബ്രിട്ടനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒക്ടോബർ 12 വെള്ളിയാഴ്ച മാഞ്ചസ്റ്റർ കത്തീഡ്രലിലാണ് റിക്കി ഹാറ്റന്റെ സംസ്കാരം നടന്നത്. അദ്ദേഹത്തിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയാണ് കടന്നുപോയത്. ചേഷയറിലെ കിച്ചൺ ചീസിൽ നിന്ന് ആരംഭിച്ച് ഹാട്ടണിന്റെ ജിം, മാഞ്ചസ്റ്റർ ടൗൺ ഹാൾ, എത്തിയോ അരീന എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് കത്തീഡ്രലിൽ എത്തിച്ചേർന്നത്.
നിരവധി സുഹൃത്തുക്കളും ബന്ധുക്കളും സെലിബ്രിറ്റികളും അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. തുടർന്ന് സ്വകാര്യ അനുസ്മരണ ചടങ്ങ് നടക്കുകയും, പിന്നീട് എത്തിഹാദ് സ്റ്റേഡിയത്തിൽ ഒരു ഒത്തുചേരൽ സംഘടിപ്പിക്കുകയും ചെയ്തു. ഹാറ്റന്റെ മരണത്തിൽ ദുരൂഹതകളില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ഒക്ടോബർ 16 ബുധനാഴ്ച മുതിർന്ന കോറോണർ അലിസൺ മച്ച് അധ്യക്ഷതയിൽ ഇൻക്വസ്റ്റ് ആരംഭിച്ചു. അദ്ദേഹത്തെ വീട്ടിൽ പ്രതികരണമില്ലാത്ത നിലയിലാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു. തൂങ്ങിമരണമാണ് പ്രാഥമിക മരണകാരണമായി സൂചിപ്പിക്കുന്നത്. വിശദമായ ഇൻക്വസ്റ്റ് 2026 മാർച്ച് 20ന് നടക്കും.
മരിക്കുന്നതിന് തൊട്ടുമുമ്പ് റിക്കി ഹാട്ടൺ വളരെ നല്ല മാനസികാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം ഒരു യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്നും പോൾ സ്പീക് കൂട്ടിച്ചേർത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് വിലയിരുത്തൽ. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും, ഇത് ആത്മഹത്യയാണോ മറ്റെന്തെങ്കിലും കാരണങ്ങളാണോ എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.