രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആണോ ആരോപണം എന്ന ചോദ്യത്തിന് നോ കമന്റ്‌സ് എന്ന് നടിയുടെ മറുപടി; നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവമുണ്ടായി; റിനി ആന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കും; മൊഴി എടുക്കാന്‍ പോലീസ് എത്തും; 'ഹു കെയേഴ്‌സില്‍' സിപിഎം ആവേശത്തില്‍; യുവ നേതാവിനെതിരെ കേസ് വരുമോ?
തിരുവനന്തപുരം: യുവനേതാവിനെതിരേ ആരോപണവുമായി നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയും മോഡലുമായ നടി റിനി ആന്‍ ജോര്‍ജ് പരസ്യമായി രംഗത്ത് വന്നത് സിപിഎം ആയുധമാക്കും. യുവനേതാവിനെക്കുറിച്ച് പലയിടത്തും പരാതി പറഞ്ഞിരുന്നു. പരാതി പറഞ്ഞതിനുശേഷവും അയാള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു. പ്രശ്നങ്ങളൊന്നുമില്ല, പരിഹരിക്കും എന്നായിരുന്നു പരാതി പറഞ്ഞപ്പോള്‍ നേതാക്കളുടെ പ്രതികരണം. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍ പല മാന്യദേഹങ്ങളുടേയും ആറ്റിറ്റിയൂഡ് 'ഹൂ കെയേഴ്സ്', എന്നാണെന്നും നടി പറഞ്ഞു. യുവ നേതാവിന്റെ പേരു പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസുകാരനാണ് പ്രതിസ്ഥാനത്ത് എന്നാണ് സിപിഎം വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ നടിയെ കേരളാ പോലീസ് ബന്ധപ്പെടും. നേതാവിന്റെ പേരു യുവതി വെളിപ്പെടുത്തിയാല്‍ കേസെടുക്കുകയും ചെയ്യും. സിപിഎം നേതാവല്ല പ്രതിസ്ഥാനത്തെന്ന് ഉറപ്പിക്കാനും ശ്രമിക്കും. കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലെ പ്രസ്താവനയായി ഇതിനെ സിപിഎം വിലയിരുത്തുന്നുണ്ട്. കുറച്ചു ദിവസങ്ങളായി രാജേഷ് കൃഷ്ണ വിവാദത്തില്‍ പ്രതിരോധത്തിലായിരുന്നു സിപിഎം. അതിനിടെയാണ് നടിയുടെ തുറന്നു പറച്ചില്‍. ഇത് രാഷ്ട്രീയമായി ചര്‍ച്ചയാക്കി മറ്റ് വിവാദങ്ങളെ അകറ്റി നിര്‍ത്താനാകും ഇനി സിപിഎം ശ്രമിക്കുക.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയാണോ ആരോപണം എന്ന ചോദ്യത്തിന് നടി നോ കമന്റ്‌സ് എന്നാണ് മറുപടി പറഞ്ഞത്. ഈ സാഹചര്യത്തിലാണ് പോലീസിനെ കൊണ്ട് നടിയുടെ മൊഴി എടുപ്പിക്കാനുള്ള സര്‍ക്കാര്‍ തലത്തിലെ ആലോചന. 'ഒരു പ്രസ്ഥാനത്തേയും തേജോവധം ചെയ്യാന്‍ ഉദ്ദേശമില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍ പല മാന്യദേഹങ്ങളുടേയും ആറ്റിറ്റിയൂഡ് ഹൂ കെയേഴ്സ് എന്നാണ്. അതുകൊണ്ടാണ് ഞാന്‍ ആ പ്രയോഗം ഉപയോഗിച്ചത്. പല ഫോറങ്ങളില്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതിനോടെല്ലാം ഹൂ കെയേഴ്സ് എന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്. പരാതി പറഞ്ഞതിനുശേഷവും സ്ഥാനമാനങ്ങള്‍ ലഭിച്ചു. ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തില്‍ പലരുമായും എനിക്ക് അടുത്ത സ്നേഹബന്ധവും സൗഹൃദവുമുണ്ട്. അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തത്. ദുരനുഭവങ്ങള്‍ ഇനിയുമുണ്ടാവുകയാണെങ്കില്‍ വെളിപ്പെടുത്തും', എന്നായിരുന്നു നടിയുടെ വാക്കുകള്‍. 'ആദ്യം എതിര്‍ത്തു, പിന്നീട് ഉപദേശിച്ചു. വളര്‍ന്നുവരുന്ന മിടുക്കനായ യുവനേതാവാണ് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം, ഞാന്‍ വരാം എന്ന് മെസേജ് അയച്ചപ്പോള്‍ നന്നായി പ്രതികരിച്ചു. അതിന് ശേഷം കുറേനാള്‍ പ്രശ്നമുണ്ടായിരുന്നില്ല. പിന്നീട് വീണ്ടും അത്തരത്തിലുള്ള മെസേജുകളയച്ചു. തുറന്നുകാട്ടണം എന്നുള്ളതുകൊണ്ടാണ് ഇത്രയെങ്കിലും പറയാന്‍ തയ്യാറായത്. സാമൂഹിക മാധ്യമങ്ങളിലെല്ലാം ആ വ്യക്തിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വന്നതാണ്. ഹൂ കെയേഴ്സ്, അതാണ്...', നടി കൂട്ടിച്ചേര്‍ത്തു.
'ഇതെന്റെ വ്യക്തിപരമായ പ്രശ്നമേയല്ല, അതുകൊണ്ടാണ് കേസുമായി പോവാതിരുന്നത്. സമീപകാലത്ത് സാമൂഹികമാധ്യമങ്ങളില്‍ ഈ വ്യക്തിയെക്കുറിച്ച് ചില കാര്യങ്ങള്‍ വന്നപ്പോള്‍ ഇത് പല സ്ത്രീകളും നേരിടുന്നുണ്ടെന്നും മനസിലാക്കുകയും അതുകൊണ്ട് ഞാന്‍ ഇത് സംസാരിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നി. എനിക്ക് വലിയ ഉപദ്രവം ഒന്നുമുണ്ടായില്ല. നീതിയില്ലാത്തതുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. പ്രശ്നങ്ങളൊന്നുമില്ല, പരിഹരിക്കും എന്നായിരുന്നു നേതാക്കളോട് പരാതി പറഞ്ഞപ്പോള്‍ പ്രതികരണം', അവര്‍ വ്യക്തമാക്കി. നേതാവ് നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. മൂന്നര വര്‍ഷം മുന്‍പായിരുന്നു ആദ്യ അനുഭവം. അതിന് ശേഷമാണ് ഇയാള്‍ ജനപ്രതിനിധി ആയത്. ഇയാളില്‍നിന്ന് പീഡനം നേരിട്ട വേറെയും പെണ്‍കുട്ടികളുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. 'ഹു കെയേഴ്‌സ്' എന്നാണ് നേതാവിന്റെ മനോഭാവം എന്നും, ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
പല സ്ത്രീകള്‍ക്കും ഇയാളില്‍നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്. നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവമുണ്ടായി. പീഡനങ്ങള്‍ നേരിട്ട പെണ്‍കുട്ടികളെ അറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. ഒരുപാട് പേര്‍ക്ക് ശല്യമായി മാറിയിട്ടുണ്ട് ഈ നേതാവ്. എന്നിട്ടും അയാള്‍ക്ക് കൂടുതല്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചു. പാര്‍ടി അയാളെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷ നേതാവ് അച്ഛനെ പോലെയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു. നേതാവിനെ സോഷ്യല്‍മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിന് ശേഷം കുറച്ച് നാളത്തേയ്ക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു. എന്നാല്‍ പിന്നീടും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടരുകയായിരുന്നു.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍മീഡിയയില്‍ ഇതേ നേതാവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് പ്രധാന മാധ്യമങ്ങള്‍ അത് കൈകാര്യം ചെയ്ത് പോലുമില്ല. നിരവധി സ്ത്രീകള്‍ക്ക് ഇയാളില്‍നിന്ന് ദുരനുഭവം ഉണ്ടായെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും റിനി പറഞ്ഞു. ഇതെല്ലാം പാര്‍ടിയിലെ നേതാക്കളോട് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. പല വിഗ്രഹങ്ങളും ഉടഞ്ഞു. നേതാവ് സ്ഥാനം രാജിവെക്കണോ വേണ്ടയോ എന്നത് ആ പാര്‍ടി തീരുമാനിക്കേണ്ട കാര്യമാണെന്നും റിനി പറഞ്ഞു.