പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി; കരഞ്ഞു തളര്‍ന്ന വിമലയെ ചേര്‍ത്ത് പിടിച്ചു സുല്‍ഫത്തും; സിനിമയില്‍ അവസരം തേടി അലഞ്ഞ കാലത്തെ സഹമുറിയന്‍മാര്‍ ആത്മസുഹൃത്തുക്കളായത് താരപരിവേഷങ്ങള്‍ ലഭിക്കുന്നതിന് മുമ്പ്; ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിലേക്ക് ഒഴുകിയെത്തി സിനിമാലോകം

പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി

Update: 2025-12-20 09:19 GMT

തിരുവനന്തപുരം: വിട പറഞ്ഞ നടന്‍ ശ്രീനിവാസന്റെ ഭൗതികദേഹം കൊച്ചി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്. ഇവിടെ ശ്രീനിയെ കാണാന്‍ സിനിമാ ലോകം ഒഴുകി എത്തുകയാണ്. സാമൂഹിക -സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. ആദ്യം വീട്ടിലാണ് ആദ്ദേഹം എത്തിയത്.ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി ശ്രീനിവാസന് അന്തിമോപരചാരമര്‍പ്പിക്കാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. മമ്മൂട്ടിയ്ക്കൊപ്പം രമേശ് പിഷാരടിയുമുണ്ടായിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയെ ആശ്വസിപ്പിക്കുന്ന സുല്‍ഫത്തിന്റെ ദൃശ്യങ്ങള്‍ നോവായി മാറി.

വളരെയധികം ആത്മബന്ധമുണ്ടായിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഒരുകാലത്ത് ഒരുമുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അങ്ങനെയാണ് അവര്‍ സുഹൃത്തുക്കളാകുന്നത്. അതേസമയം മലയാള സിനിമയില്‍ ആദ്യമായി മമ്മൂട്ടിയുടെ ശബ്ദമായതും ശ്രീനിവാസനായിരുന്നു. മേള, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ശബ്ദമായത് ശ്രീനിവാസനായിരുന്നു.

ജീവിതത്തിലുടനീളം തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. തന്റെ വിവാഹത്തിന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് ശ്രീനിവാസന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ആദ്യമായി പ്രതിഫലം തന്നത് ശ്രീനിവാസനാണെന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്. മേളയില്‍ അഭിനയിച്ചതിന് പ്രതിഫലമായി 500 രൂപയുടെ ചെക്ക് മമ്മൂട്ടിയ്ക്ക് കൈമാറിയത് ശ്രീനിവാസനായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ശ്രീനിവാസന്റെ മരണം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി.

ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ''യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ.'' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1956 ഏപ്രില്‍ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ കൂത്തുപറമ്പ് മിഡില്‍ സ്‌കൂള്‍, കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം നേടി.

മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടിയ ശ്രീനിവാസന്‍ തുടക്ക കാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റെന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ല്‍ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിയില്‍ ശ്രീനിവാസന്‍ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ശ്രീനിവാസന്‍ തിരക്കഥകളൊരുക്കിയപ്പോള്‍ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങള്‍ കൂടിയാണ് സ്വന്തമായത്.

1989ല്‍ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. മികച്ചൊരു സംവിധായകന്റെ വരവറിയിച്ച സിനിമയായിരുന്നു വടക്കുനോക്കി യന്ത്രമെങ്കിലും അഭിനയത്തിലും തിരക്കഥാ രചനയിലുമായിരുന്ന ശ്രീനിവാസന്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള മലയാളിയുടെ ജീവിതപരിസരങ്ങളിലെ കാപട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിട്ടു. ഒരു സ്ത്രീപക്ഷ സിനിമയെന്ന് കൂടി വിശേഷിപ്പിച്ച് പോകാവുന്ന സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള മലയാള സിനിമയിലെ ഏറ്റവും ചിന്തോദ്ദീപമായ സാമൂഹ്യ വിമര്‍ശന സിനിമകളുടെ പട്ടികയെടുത്താല്‍ ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്റെ പ്രതിഭാവിലാസം വ്യക്തമാണ്. മലയാള സാഹിത്യത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ എന്തായിരുന്നോ അതായിരുന്നു മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍.

Tags:    

Similar News